ഇരയ്ക്കൊപ്പം; അറസ്റ്റ് നീളുന്നത് ശക്തമായ തെളിവിന്: ഇപി

ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഒപ്പമാണ് സര്‍ക്കാരെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാര്‍ ഇരയുടെ ഒപ്പമാണ്. പരാതിയില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നത്. ശക്തമായ തെളിവുകളോടെ കുറ്റവാളിയെ അറസ്റ്റ് ചെയ്യാനാണ് നീക്കം. കന്യാസ്ത്രീകളുടെ സമരം ദുഖകരമാണെന്നും അവര്‍ ഭയപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍  നീതിപൂര്‍വമായ നടപടി എടുക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍  ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പൊലീസ്. അടുത്ത ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പിക്ക് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് അയച്ചു. അറസ്റ്റില്‍ തീരുമാനം ചോദ്യം ചെയ്തശേഷമെന്നും കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാക്കറെ അറിയിച്ചു. ചില കാര്യങ്ങളിലെ വൈരുധ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അവ പരിഹരിക്കാതെയുള്ള അറസ്റ്റ് കുറ്റാരോപിതന് സഹായകമാകുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കെആര്‍എല്‍സിസി

ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലത്തീന്‍ സഭ അല്‍മായ സംഘടന  കെ ആര്‍ എല്‍ സി സി. വ്യക്തിപരമായ ആരോപണങ്ങള്‍ക്ക്  സഭയെ കൂട്ടുപിടിക്കരുതെന്ന് കെ ആര്‍ എല്‍ സി സി വ്യക്തമാക്കി. ബിഷപിന്റെ നടപടികള്‍ കത്തോലിക്കാ സഭയുടെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ്. ബിഷപ് നേരത്തെ സ്ഥാനമൊഴിയേണ്ടതായിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സഭാവിശ്വാസികള്‍ക്ക് അപമാനമാണെന്നും ബിഷപിന്റെ ധാര്‍മിക ബോധം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അല്‍മായ  സംഘടന കുറ്റപ്പെടുത്തി. ആദ്യമായാണ് ലത്തീന്‍  സഭയിലെ ഒരു ഉന്നത കൗണ്‍സില്‍ ബിഷപിനെതിരെ ഒൗദ്യോഗികമായി പരസ്യപ്രതികരണം നടത്തുന്നത്.

ബിഷപ്പിനെ പ്രതിരോധിച്ച് ജലന്തര്‍ രൂപത

പീഡനക്കേസില്‍ ബിഷപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പ്രതിരോധിച്ച് ജലന്തര്‍ രൂപത. ബിഷപ്പിനെതിരായ പീഡനപരാതിയും കന്യാസ്ത്രീമാരുടെ സമരവും സഭയ്ക്കെതിരായ ഗൂഡാലോചനയുടെ ഭാഗമാണ്. കന്യാസ്ത്രീക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചിതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നില്‍. തെറ്റുകാരനാണെന്ന് തെളിയുന്നതിന് മുന്‍പ് മാധ്യമവിചാരണ നടത്തരുതെന്നും രൂപത ആവശ്യപ്പെട്ടു. അതേസമയം പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണം തള്ളി സിപിഎം പിബി അംഗം എസ്.രാമചന്ദ്രന്‍പിള്ള രംഗത്തുവന്നു.