നഷ്ടം 40,000 കോടി; പ്രളയബാധിതര്‍ക്ക് ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ

പ്രളയം മൂലം 40,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍.  ഇതുവരെയുളള ഏകദേശ കണക്കാണിത്. ഇനിയും ഇത് ഉയരുമെന്ന് മന്ത്രി വ്യക്തമാക്കി. നഷ്ടങ്ങളെക്കുറിച്ചുളള  റിപ്പോര്‍ട്ട് ഇന്ന് പൂര്‍ത്തിയാക്കി നാളെ കേന്ദ്രസര്‍ക്കാരിന് കൈമാറാനായേക്കും. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ആയിരം കോടി രൂപയോളം നല്‍കി. പ്രളയബാധിതരില്‍  5.10 ലക്ഷം പേര്‍ക്ക് 10000 രൂപയുടെ സഹായം നല്‍കി.  ഒരു ലക്ഷം രൂപയുടെ  പലിശ രഹിത വായ്പ ഊ മാസം 25 മുതല്‍ നല്‍കുമെന്നും മന്ത്രി ഇ.പി. ജയരാജന്‍  പറഞ്ഞു. 

പതിനായിരം രൂപ അടിയന്തര ധനസഹായം ലഭിച്ച എല്ലാ പ്രളയബാധിതര്‍ക്കും നഷ്ടമായ ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കാന്‍ തീരുമാനം. അര്‍ഹരെ കണ്ടെത്താനും വായ്പാത്തുക തീരുമാനിക്കാനും ശനിയും ഞായറും സംസ്ഥാനവ്യാപകമായി കുടുംബശ്രീ യോഗങ്ങള്‍ ചേരും. ഗൃഹോപകരണങ്ങള്‍ 50 ശതമാനമെങ്കിലും വിലക്കുറവില്‍ നല്‍കുന്ന കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങും. 

ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീവഴി നല്‍കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. ധനമന്ത്രി തോമസ് ഐസകിന്റെയും തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന കുടുംബശ്രീയുടെ യോഗത്തിലാണ് വായ്പയുടെ വിശദാംശങ്ങള്‍ തീരുമാനിച്ചത്. കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ക്ക് ആനുകൂല്യം ലഭിക്കാന്‍ അംഗങ്ങളാകാം. 

അല്ലാത്തവര്‍ക്ക് നേരിട്ട് ബാങ്കില്‍ നിന്നും വായ്പയെടുക്കാം. ഇതിന്റെ പലിശയും സര്‍ക്കാര്‍ വഹിക്കും. നാലുവര്‍ഷംകൊണ്ട് തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പയാണ് ലഭിക്കുക. നഷ്ടപ്പെട്ട ഉപകരണങ്ങള്‍ എന്തൊക്കെയെന്ന് വിലയിരുത്തി വായ്പാത്തുക തീരുമാനിക്കാന്‍ കുടുംബശ്രീ യോഗങ്ങള്‍ ചേരും.  

50 ശതമാനമെങ്കിലും ഡിസ്കൗണ്ട് നല്‍കുന്ന കമ്പനികളില്‍ നിന്ന് നേരിട്ട് ഗൃഹോപകരണങ്ങള്‍ വാങ്ങാനാണ് തീരുമാനം. ഇടനിലക്കാരില്ലാത്തതിനാല്‍ ഇത്രയും വിലക്കുറവ് നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ഈ മാസം അവസാനം വിപണനമേളകള്‍ നടത്താനും തീരുമാനിച്ചു.