കന്യാസ്ത്രീകളെ തള്ളി കെസിബിസി; അതിരുകടന്നു; സഭയെ ആക്ഷേപിക്കുന്നു

സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കൽ. ചിത്രം: ടോണി ഡൊമിനിക്

സഹപ്രവര്‍ത്തകയ്ക്ക് നീതി തേടി സമരമുഖത്തുള്ള കന്യാസ്ത്രീകള്‍ക്കെതിരെ കെസിബിസി രംഗത്ത്. കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതെന്ന് കെ.സി.ബി.സി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണ്. സമ്മര്‍ദത്തിന് വഴങ്ങാതെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണം. 

നിഷ്പക്ഷ അന്വേഷണത്തിലൂടെ കണ്ടെത്തുന്ന കുറ്റവാളിയെ നിയമപ്രകാരം ശിക്ഷിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ്  കത്തോലിക്ക സഭയുടെ നിലപാടെന്നും അവര്‍ വ്യക്തമാക്കി. നിയമവാഴ്ച നടക്കണം, മാധ്യമങ്ങളുടെ സമാന്തര അന്വേഷണവും വിചാരണയുമല്ല വേണ്ടത്. സഭ ആരെയും വിധിക്കുന്നില്ല, നീതീകരിക്കുന്നുമില്ലെന്നും ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു.

ഇതിനിടെ ബിഷപ്പിനെതിരെ മുംബൈ അതിരൂപത രംഗത്തെത്തി.  ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടു. നിഷ്പക്ഷ അന്വേഷണത്തിന് ബിഷപ് മാറി നില്‍ക്കുന്നതാണ് നല്ലത്. ഇപ്പോഴത്തെ സംഭവങ്ങള്‍ സഭയുടെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്നും അവര്‍ വ്യക്തമാക്കി. 

എന്നാല്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെ സ്ഥാനമൊഴിയേണ്ടതായിരുന്നുവെന്ന് ലത്തീന്‍ സഭാ അല്‍മായ സംഘടന ആവശ്യപ്പെട്ടു. വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് സഭയെ കൂട്ടുപിടിക്കരുതെന്ന്  കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിലെ സമരത്തിനൊപ്പം തിരുവനന്തപുരത്തും ജലന്തറിലെ സഭാ ആസ്ഥാനത്തും പ്രതിഷേധം നടന്നു. സന്യാസിനി സമൂഹത്തില്‍ നിന്ന് പുറത്താക്കിയാലും സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി.  

ജലന്തര്‍ ബിഷപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ വിശ്വാസികള്‍ക്ക് അപമാനമാണെന്നാണ്  കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ നിലപാട്. ബിഷപിന്റെ ധാര്‍മിക ബോധം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ബിഷപിന്റെ നടപടികള്‍ കത്തോലിക്കാ സഭയുടെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണെന്നും കെ.ആര്‍.എല്‍.സി.സി വ്യക്തമാക്കി. അതിനിടെ  ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുളള കന്യാസ്ത്രീമാരുടെ സമരം അഞ്ചാംദിവസത്തിലേക്ക് കടന്നു. സഭ പുറത്താക്കിയാലും നീതികിട്ടുംവരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു. 

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡനപരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. എഴുപത്തേഴ് ദിവസം പൊലീസ് അന്വേഷിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. നിലവിലെ അന്വേഷണം പ്രഹസനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ ചാരുംമൂട് സ്വദേശി വി.രാജേന്ദ്രന്‍ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.  

സമരത്തിന് പിന്തുണ ഏറുന്നു

 കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ  മേഖലകളില്‍ നിന്ന് ഒട്ടേറെപ്പേര്‍ ഇന്ന് കൊച്ചിയിലെ  സമരവേദിയിലെത്തി. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ള്യു. സി.സി കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചു. 

കൊച്ചിയിലെ സമരത്തിന് പിന്തുണയുമായി തിരുവനന്തപുരത്ത് ജനകീയ കൂട്ടായ്മ നടത്തിയ ധര്‍ണ   വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. കേസ് അട്ടിമറിച്ചത് ഡി.ജി.പിയും ഐ.ജിയും ചേർന്നാണന്നും വി.എം സുധീരന്‍ ആരോപിച്ചു.  ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട ബി.ജെ.പി കേന്ദ്ര നേതൃത്വം ബിഷപ്പിനെ പിന്തുണയ്ക്കുന്നവരെ ബഹിഷ്കരിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന്  ആവശ്യപ്പെട്ടു. 

ജലന്തറില്‍ ആര്‍.എം.പി വനിത ഫെഡറേഷന്റെ നേതൃത്വത്തില്‍ രൂപതാ ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു. കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കുളള സാധ്യത കണക്കിലെടുത്ത് ബിഷപ് ഹൗസിന് പഞ്ചാബ് പൊലീസ് സുരക്ഷ ശക്തമാക്കി. അതേ സമയം കന്യാസ്ത്രീകൾ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്ന് നിർദേശം നൽകി സി. എം.സി സിസ്റ്റേഴ്സിന്   സുപ്പീരിയർ ജനറൽ  സർക്കുലർ  നല്‍കി. 

ബുധനാഴ്ച ചോദ്യം ചെയ്യും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് അടുത്ത  ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി:  കെ.സുഭാഷ് ബിഷപ്പിന് നോട്ടീസയച്ചു.  അതെസമയം പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഒപ്പമാണ് സര്‍ക്കാരെന്നും ശക്തമായ തെളിവുകളോടെ കുറ്റവാളിയെ അറസ്റ്റ് ചെയ്യാനാണ് നീക്കംമെന്നും മന്ത്രി ഇ.പി.ജയരാജന്‍ പ്രതികരിച്ചു.