വീണ്ടും ചോദ്യമുനയിലേക്ക്; ബിഷപ് 19ന് ഹാജരാകണം; വൈരുദ്ധ്യങ്ങളുണ്ടെന്ന് ഐജി

നാടെങ്ങും ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പൊലീസ്. അടുത്ത ബുധനാഴ്ച കേരളത്തില്‍ എത്തണമെന്ന് ഐജി: വിജയ് സാഖറെ ആവശ്യപ്പെട്ടു. ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് സംബന്ധിച്ച തീരുമാനം. ചില കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും അവ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.  അന്വേഷണം വൈകുന്നില്ലെന്നും എല്ലാ ദിവസവും എന്ന നിലയില്‍ കൃത്യമായി നടക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാതെ നടപടി ഉണ്ടായാല്‍ അത് കുറ്റാരോപിതന് സഹായകമാകുമെന്നും ഐജി പറഞ്ഞു. 

കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ പരാതി നല്‍കി 77ാം ദിവസമാണ് പൊലീസ് നിര്‍ണായക നടപടിയിലേക്ക് നീങ്ങുന്നത്. ജലന്തറിലെത്തിയ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയാണ് ബിഷപ്പിന് വിനയായത്. സ്വഭാവദൂഷ്യത്തിന്‍റെ പേരില്‍ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടിയെടുത്തതാണ് പരാതിക്ക് പിന്നില്ലെന്നായിരുന്നു ബിഷപ്പിന്‍റെ വിശദീകരണം. 2016ല്‍ നടന്ന ഈ സംഭവത്തിന് മുന്‍പ് തന്നെ ബിഷപ്പിന്‍റെ ചൂഷണത്തെ കുറിച്ച് കന്യാസ്ത്രീ സഭയ്ക്കുള്ളില്‍ പരാതി ഉന്നയിച്ചിട്ടിണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. 

പരാതിക്കാരിയായ കന്യാസ്ത്രീയെ അറിയില്ലെന്ന ബിഷപ്പിന്‍റെ മൊഴിയും കള്ളമെന്ന് കണ്ടെത്തി. പീഡനം നടന്ന ദിവസം നാടുകുന്ന് മഠത്തില്‍ താമസിച്ചിട്ടില്ലെന്ന് മൊഴിയും കളവാണെന്ന് അന്വേഷണത്തില്‍ ബോധ്യമായി.  അന്വേഷണത്തിന്‍റെ പുരോഗതി വ്യക്തമാക്കുന്ന സത്യവാങ്മൂലം കോടതിയില്‍ നല്‍കുമെന്ന് ജില്ലാ പൊലീസ് മേധാവിയും വ്യക്തമാക്കി. കോടതിയുടെ വിമര്‍ശനവും നാടെങ്ങും ഉയരുന്ന പ്രതിഷേധവുമാണ് ബിഷപ്പിനെതിരായ നടപടിക്ക് പൊലീസിനെയും സര്‍ക്കാരിനെയും പ്രേരിപ്പിച്ചത്.