ഹാജരാകാൻ മറ്റന്നാൾ നോട്ടീസ് അയക്കും; ബിഷപ്പിന് ഒരാഴ്ച സമയം

franco-mulaikal-nuns-hunger
SHARE

കന്യാസ്ത്രീയുടെ പീഡനപരാതിയിൽ നേരിട്ട് ഹാജാരാകാൻ ജലന്തർ ബിഷപ്പിന് പൊലീസ് നോട്ടീസ് അയക്കും. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന നോട്ടീസ്  മറ്റന്നാൾ മാത്രമാണ് നൽകുക. നാളെ കൊച്ചിയിൽ ചേരുന്ന പൊലീസ് ഉന്നതയോഗത്തിനു ശേഷമാകും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ധാരണയാകുക. ബിഷപ്പിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചുളള കന്യാസ്ത്രീകളുടെ സമരം നാലാം ദിവസത്തിലേയ്ക്ക് കടക്കുമ്പോഴും ഈ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ധാരണയാകാത്തത് വൻവിമർശങ്ങൾക്കാണ് വഴിവെക്കുന്നത്. മനപൂർവ്വം അന്വേഷണം വൈകിപ്പിക്കുന്നതായും സഭയും സർക്കാരും ബിഷപ്പിനൊപ്പമാണെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ ആരോപിച്ചിരുന്നു. 

ലൈംഗികപീഡന പരാതി നേരിടുന്ന ജലന്തര്‍ ബിഷപ്പിനെ സഭ സംരക്ഷിക്കുന്നുവെന്ന് കാണിച്ച് ഇരയായ കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചിരുന്നു. സ്ത്രീകളോട് സഭാനേതൃത്വം ചിറ്റമ്മനയമാണ് കാട്ടുന്നത്. സഭാസ്വത്തുക്കള്‍ ഉപയോഗിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കയച്ച കത്തില്‍ കന്യാസ്ത്രീ ആവശ്യപ്പെട്ടു. 

ബിഷപ്പിനെതിരെ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരിയായ കന്യാസ്ത്രി ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിക്ക് വീണ്ടു കത്തയച്ചത്. ജലന്തർ ബിഷപ്പ് നടത്തിയ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് കത്തിൽ വ്യക്തമാക്കുന്നു. കഴുകൻ കണ്ണുകളുമായി ബിഷപ്പ് സഭയിലെ യുവ കന്യാസ്ത്രീകളെ  വേട്ടയാടുകയാണ്. യുവ കന്യാസ്ത്രീയോടൊപ്പം സംശയകരമായ സാഹചര്യത്തിൽ ബിഷപ്പിനെ കണ്ടത്തി. ഈ കന്യാസ്ത്രീയെ പുറത്താക്കാനുള്ള നീക്കം ബിഷപ്പ് ഇടപ്പെട്ട് തടഞ്ഞു. ബിഷപ്പിനെതിരെ പരാതി നൽകാനുണ്ടായ സാഹചര്യം അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളും ഏഴ പേജുള്ള കത്തിൽ അക്കമിട്ട് നിരത്തുന്നു.  താൻ പറയുന്ന പരാതി സഭ സംശയത്തോടെയാണ് കാണുന്നതെന്നും കന്യാസ്ത്രീ ആരോപിക്കുന്നു.   

പൊലീസുമായി സഹകരിക്കുമെന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കു പിന്നിലെ ലക്ഷ്യം ബ്ലാക്മെയിലിങ് ആണ്. കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്താനാണെന്നും ബിഷപ് കുറ്റപ്പെടുത്തി. തനിക്കെതിെരയല്ലെ സഭയ്ക്കെതിരെയാണ് ഗൂഢാലോചന നടക്കുന്നതെന്നും ഫ്രാങ്കോ അവകാശപ്പെട്ടു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.