സമരമുഖരിത പകല്‍; ഇന്നും കുതിച്ചു ഇന്ധനവില: 29 സംസ്ഥാനങ്ങളില്‍ സംഭവിച്ചത്: പൂര്‍ണചിത്രം

petrol-protestwhole34
SHARE

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാജ്യത്താകമാനം സമരമുഖരിതമായ പകല്‍ തീര്‍ത്തു. പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായ സമരം. ഡല്‍ഹിയില്‍ ഇരുപത്തിയൊന്ന് എന്‍ഡിഎ ഇതര കക്ഷികള്‍ കോണ്‍ഗ്രസിന്റെ ധര്‍ണയില്‍ അണിനിരന്നു. ഇടതു പാര്‍ട്ടികള്‍ സ്വന്തംനിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ കൊള്ളയടിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് പ്രതിപക്ഷ നിരയെ മുഴുവന്‍ അണി നിരത്തിയെങ്കിലും, ആം ആത്മി പാര്‍ട്ടി പോലും പ്രതിനിധിയെ അയച്ചെങ്കിലും സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ഡല്‍ഹിയിലെ കൂറ്റന്‍ പ്രകടനത്തില്‍ എത്തിയില്ല. രാജ്യമാകെ രോഷം ആളിപ്പടരവെ, ഇന്ധനവിലയില്‍ ഇളവ് പ്രഖ്യാപിച്ച ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ നടപടി സമരാനുകൂലികള്‍ക്കും ആശ്വാസമായി‍. പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടുരൂപയാണ് സംസ്ഥാനത്ത് കുറച്ചത്. നികുതിയില്‍ വരുത്തിയ ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവാണ് ഇളവ് പ്രഖ്യാപിച്ചത്.

പ്രതിഷേധം, സംസ്ഥാനങ്ങളിലൂടെ

രാജ്യത്ത് ഇന്ധനവില ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഭാരത് ബന്ദ് ഭാഗികമായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ചില പാര്‍ട്ടികളും രോഷത്തില്‍ അണി ചേര്‍ന്നു. കോണ്‍ഗ്രസ് ആഹ്വാനംചെയ്ത ബന്ദിന് എന്‍സിപിയും രാജ് താക്കറെയുടെ എംഎന്‍എസും സമാജ്‍വാദി പാര്‍ട്ടി, ബിഎസ്പി, പിഡബ്ല്യുപി എന്നീ പാര്‍ട്ടികളും പിന്തുണ നല്‍കി. സാധാരണ ഹര്‍ത്താലുകള്‍ ചലനമുണ്ടാക്കാത്ത മുംബൈയില്‍ പലയിടത്തും എംഎന്‍എസ് പ്രവര്‍ത്തകര്‍ കടകളും പെട്രോള്‍ പമ്പുകളും അടപ്പിച്ചു. 

 

മുംബൈയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

കോണ്‍ഗ്രസ്, എന്‍സിപി പ്രവര്‍ത്തകര്‍ റോഡ്, റയില്‍ ഗതാഗതം തടഞ്ഞു. ലോക്കല്‍ ട്രെയിന്‍ ഗതാഗതം ഏറെനേരം സ്തംഭിച്ചു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍, മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം എന്നിവരടക്കം ഒട്ടേറെ നേതാക്കളേയും പ്രവര്‍ത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പുണെ, നാസിക്, മന്‍മദ്, കോലാപൂര്‍, സോലാപൂര്‍, വിരാര്‍ തുടങ്ങിയ പ്രദേശങ്ങളിലും വിപുലമായ പ്രതിഷേധപരിപാടികള്‍ അരങ്ങേറി. 

 

ഡല്‍ഹിയില്‍ ഐക്യവിളംബരം

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ പടുകൂറ്റന്‍ മാര്‍ച്ചിന് വേദിയായി. ഒപ്പം 21 പാര്‍ട്ടികള്‍ അണിചേര്‍ന്നു. വിപുലമായ പ്രതിഷേധപരിപാടികളും റാലികളും മാര്‍ച്ചുകളും സംഘടിപ്പിച്ചെങ്കിലും ജനജീവിതം തടസപ്പെട്ടില്ല. കടകളും സ്കൂളുകളും സാധാരണപോലെ പ്രവര്‍ത്തിച്ചു. പ്രതിഷേധപരിപാടികള്‍ നടന്ന രാംലീല മൈതാനം, ദരിയാഗഞ്ച് തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. 

ബിഹാറില്‍ ജനജീവിതം നിലച്ചു

ബിഹാറില്‍ ജനജീവിതം തടസപ്പെട്ടു. മിക്കയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യസ്കൂളുകളും പ്രവര്‍ത്തിച്ചില്ല. റോഡ്, റയില്‍ ഗതാഗതം ഏറെനേരം തടസപ്പെട്ടു. പലയിടത്തും അക്രമമുണ്ടായി. റയില്‍വേ ട്രാക്കുകളിലും റോഡുകളിലും ബന്ദനുകൂലികള്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു. രാജേന്ദ്രനഗറില്‍ ലോക്സഭാംഗം പപ്പു യാദവിന്റെ അനുയായികള്‍ വാഹനങ്ങള്‍ തകര്‍ത്തു. ജഹാനാബാദില്‍ വഴിതടയല്‍ സമരം കാരണം ആശുപത്രിയിലെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് രണ്ടുവയസുകാരി മരിച്ചു. ആര്‍ജെ‍ഡിയും സിപിഐയും സിപിഎമ്മും ബന്ദിനെ പിന്തുണച്ചിരുന്നു.

അസമില്‍ പൂര്‍ണം

അസമില്‍ ബന്ദ് പൂര്‍ണമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. ദേശീയപാതകളും മറ്റ് പ്രധാനറോഡുകളും ഉപരോധിച്ചു. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ മന്ദിരത്തില്‍ കടന്നുകയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. മിക്കയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നില്ല. യാത്രാബസുകള്‍ക്കുനേരെ ചിലയിടങ്ങളില്‍ കല്ലേറുണ്ടായി.

ആന്ധയിലും പ്രതിഷേധം സമ്പൂര്‍ണം, ഇന്ധനവില കുറച്ചു

ആന്ധ്രപ്രദേശില്‍ ഭരണകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ബന്ദിനെ അനുകൂലിച്ച് രംഗത്തിറങ്ങിയതോടെ പ്രതിഷേധം സമ്പൂര്‍ണമായി. സര്‍ക്കാര്‍ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. വിവിധ പാര്‍ട്ടികള്‍ വെവ്വേറെയാണ് പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയത്. റോഡുപരോധിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച ഒട്ടേറെ കോണ്‍ഗ്രസ്, ടിഡിപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.  

ഇന്ധനവിലയില്‍ ഇളവ് പ്രഖ്യാപിച്ച ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ നടപടി സമരാനുകൂലികള്‍ക്കും ആശ്വാസമായി‍. പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടുരൂപയാണ് സംസ്ഥാനത്ത് കുറച്ചത്. നികുതിയില്‍ വരുത്തിയ ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവാണ് ഇളവ് പ്രഖ്യാപിച്ചത്.  

കര്‍ണ്ണാടക നിശ്ചലം

കര്‍ണാടകയില്‍ ബന്ദ് പൂര്‍ണമായിരുന്നു. ബെംഗളുരുവിലുള്‍പ്പെടെ നിരത്തുകള്‍ ഒഴിഞ്ഞുകിടന്നു. വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും വ്യവസായശാലകളും തുറന്നില്ല. തുമകുരു, രാമനഗര, മാണ്‍ഡ്യ, ചന്നപട്ടണ, ഹാസന്‍, മംഗളുരു, ചാമരാജ്നഗര്‍, മൈസുരു, ഹുബ്ബള്ളി, ബിദര്‍, കോളാര്‍ തുടങ്ങിയ ജില്ലകളിലും പ്രതിഷേധം പൂര്‍ണമായിരുന്നു. കോണ്‍ഗ്രസും ജെഡിഎസും സിപിഎമ്മും സിപിഐയും ബന്ദ് വിജയിപ്പിക്കാന്‍ രംഗത്തിറങ്ങി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണ് ബന്ദ് വിജയിപ്പിച്ചതെന്ന് ബിജെപി സംസ്ഥാനനേതൃത്വം ആരോപിച്ചു.

ഒഡീഷയും കുലുങ്ങി

ഒഡിഷയില്‍ ബിജെഡി ബന്ദിനെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. റയില്‍വേ സ്റ്റേഷനുകള്‍ക്കുപുറത്തും പാളങ്ങളില്‍ കുത്തിയിരുന്ന് അവര്‍ പ്രതിഷേധിച്ചു. പത്തു ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു. റോഡ് ഉപരോധം കാരണം പലയിടത്തും വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളില്‍ ചുരുക്കം ജീവനക്കാര്‍ മാത്രമേ എത്തിയുള്ളു. വിപുലമായ സുരക്ഷാക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വലിയ അക്രമങ്ങളുണ്ടായില്ല.

തെലങ്കാനയില്‍ സമ്മിശ്രപ്രതികരണം

തെലങ്കാനയില്‍ ബന്ദ് സമ്മിശ്രപ്രതികരണം ഉളവാക്കി. സാധാരണജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. അനിഷ്ടസംഭവങ്ങളുണ്ടായില്ല. റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച ഒട്ടേറെ കോണ്‍ഗ്രസ്, ടിഡിപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കരിംനഗര്‍, വാറങ്കല്‍ ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നില്ല. ഒസ്മാനിയ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു.

അരുണാചല്‍ സ്തംഭിച്ചു

അരുണാചല്‍ പ്രദേശില്‍ ബന്ദ് സാധാരണജീവിതം സ്തംഭിപ്പിച്ചു. കടകളും ബാങ്കുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്നില്ല. ഇറ്റാനഗറില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു.  സംസ്ഥാനത്തിന്റെ പല മേഖലകളിലും ബന്ദനുകൂലികള്‍ റോഡില്‍ ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു. ചിലയിടങ്ങളില്‍ പൊലീസിനുനേരെ കല്ലേറുമുണ്ടായി.

ജാര്‍ഖണ്ഡില്‍ അറസ്റ്റ്, പ്രതിഷേധം

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിനൊപ്പം ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, ആര്‍ജെഡി എന്നീ കക്ഷികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇന്ധനവിലക്കയറ്റത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അന്‍പത്തെട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗഡ്‍വ ജില്ലയില്‍ ബന്ദ് പൂര്‍ണമായിരുന്നു. മറ്റിടങ്ങളില്‍ സാധാരണജീവിതത്തെ കാര്യമായി ബാധിച്ചില്ല. അവശ്യവസ്തുക്കളുടെ നീക്കത്തിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

 

തമിഴകത്ത് ജനജീവിതത്തെ ബാധിച്ചില്ല

തമിഴ്നാട്ടില്‍ ജനജീവിതത്തെ ബന്ദ് ബാധിച്ചില്ല. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങള്‍ നടന്നു. അതിര്‍ത്തി ജില്ലകളില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ബസുകള്‍ നിരത്തിലിറങ്ങിയെങ്കിലും ദീര്‍ഘദൂരസര്‍വീസുകള്‍ നടത്തിയില്ല. ചെന്നൈയില്‍ കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം.സിപിഐ തുടങ്ങിയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളാണ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. മൗണ്ട് റോഡ് ഉപരോധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍.മുത്തരശന്‍ എന്നിവരടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. വെല്ലൂരില്‍ സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു. പുതുച്ചേരിയില്‍ ജനജീവിതം സ്തംഭിച്ചു. 

ബംഗാളില്‍ തൃണമൂല്‍ ചേര്‍ന്നില്ല

ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും എണ്ണവിലവര്‍ധനയ്ക്കെതിരെ വിപുലമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കൊല്‍ക്കത്തയില്‍ ഇടതുപാര്‍ട്ടികള്‍ സംഘടിപ്പിച്ച പ്രകടനത്തില്‍ മുതിര്‍ന്ന സംസ്ഥാനനേതാക്കള്‍ പങ്കെടുത്തു. എണ്ണവിലവര്‍ധനയില്‍ കടുത്ത എതിര്‍പ്പും പ്രതിഷേധവും ഉണ്ടെങ്കിലും ബന്ദിനേയും ഹര്‍ത്താലിനേയും അനുകൂലിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാടെടുത്തു. സര്‍ക്കാര്‍ കര്‍ശനനിലപാടെടുത്തതിനാല്‍ ഓഫീസുകളില്‍ ഭൂരിപക്ഷം ജീവനക്കാരും ഹാജരായി. ഗതാഗതതടസം ഉണ്ടാക്കുന്നത് തടയാന്‍ പൊലീസും മുന്‍കരുതലെടുത്തിരുന്നു.

ത്രിപുരയില്‍ സമാധാനപരം

ത്രിപുരയില്‍ ബന്ദ് സമാധാനപരമായിരുന്നു, ഓഫീസുകള്‍ പ്രവര്‍ത്തിച്ചു, ഗതാഗതം തടസപ്പെട്ടില്ല ചിലയിടങ്ങളില്‍ കടകള്‍ അടച്ചിട്ടു. ഉപരോധസമരം നടത്തിയ 400 കോണ്‍ഗ്രസ്, ഇടത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

യുപിയില്‍ പ്രകടനങ്ങള്‍ മാത്രം

ഉത്തര്‍പ്രദേശില്‍ ബന്ദ് കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. പെട്രോള്‍ പമ്പുകളിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമുന്നിലും മറ്റ് പ്രധാനകേന്ദ്രങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി

കേരളത്തില്‍ പൂര്‍ണം

ഇന്ധന വിലവർധനയ്ക്കെതിരെ സംസ്ഥാനത്ത് ഇടതുമുന്നണിയും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കേന്ദ്രസര്‍ക്കാരിന്‍റെ ദൈനംദിന പ്രവര്‍ത്തനത്തിലെ ആദ്യ ജോലി ഇന്ധനവില കൂട്ടലാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.  പെട്രോളിന് ഇത്രയും വില ഉയർന്നിട്ടും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

നിത്യജീവിതം താളം തെറ്റിക്കുന്ന ഇന്ധന വിലവർധനക്ക് എതിരായ ഹർത്താൽ സംസ്ഥാനത്തെ റോഡുകളേ നിശ്ചലമാക്കി. ഒഴിവാക്കാനാവാത്ത ആവശ്യമുള്ളവർ മാത്രമാണ് സ്വകാര്യവാഹനങ്ങളുമായി നിരത്തിലിറങ്ങിയത്. കെ.എസ്.ആർ.സി, സ്വകാര്യബസ്, ഓട്ടോ, ടാക്സികൾ എന്നിവ നിരത്തിലിറങ്ങിയില്ല. തലസ്ഥാനത്ത് പോസ്റ്റോഫിസിലേക്ക് ഇടതുമുന്നണി നടത്തിയ പ്രതിഷേധത്തിൽ ഹർത്താലിനോട് അനുഭാവം പ്രകടിപ്പിച്ച‌് നൂറുകണക്കിനാളുകൾ അണിനിരന്നു.

ദേശീയതലത്തില്‍ ഒന്നിച്ചായിരുന്നെങ്കിലും വ്യത്യസ്തമായിരുന്നു സംസ്ഥാനത്തെ പ്രതിഷേധം. എജീസ് ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ പ്രകടനത്തിലും ജനരോഷം പ്രകടമായി. റയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങിയർ ആശുപത്രികളിലും ഓഫീസകളിലും എത്താൻ ബുദ്ധിമുട്ടി. തിരുവനന്തപുരത്ത് ആർ സി സിയിലേക്കും മെഡിക്കൽ കോളജിലേക്കും പൊലീസ് വാഹനങ്ങളും സന്നദ്ധ സംഘടനകളും രോഗികളെ എത്തിച്ചു. സെക്രട്ടറിയേറ്റിൽ ഉൾപ്പടെ സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവാണ്.

ഗോവയില്‍ തണുപ്പന്‍ ബന്ദ്

ഗോവയില്‍ ഗണേശോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ കണക്കിലെടുത്ത് ബന്ദ് പൂര്‍ണതോതില്‍ നടത്തിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പെട്രോള്‍ പമ്പുകളിലെത്തി വിലക്കയറ്റത്തെക്കുറിച്ച് പ്രചാരണം നടത്തി.

ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്...

ഗുജറാത്ത്,  പഞ്ചാബ്, മധ്യപ്രദേശ്, മണിപ്പൂര്‍ തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്‍ഡിഎ ഇതര പാര്‍ട്ടികളും ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെ വിപുലമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു.  

ബിജെപി പറഞ്ഞത്

ഇന്ധനവില സര്‍ക്കാരിന്റെ കൈയില്‍ നില്‍ക്കുന്നതല്ലെന്ന് കേന്ദ്രം. രാജ്യാന്തരവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നമാണ്. പെട്രോളിന്റേയും ഡീസലിന്റേയും ലഭ്യതക്കുറവും വിലക്കയറ്റം രൂക്ഷമാക്കി. ഇത് താല്‍ക്കാലികപ്രതിഭാസം മാത്രമാണെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഡല്‍ഹിയില്‍ പറഞ്ഞു. ബന്ദിന് ജനപിന്തുണ ലഭിക്കാത്തതിനാല്‍ കോണ്‍ഗ്രസ് അക്രമം കാട്ടുകയാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. 

രാഹുല്‍ ഗാന്ധി പറഞ്ഞത്

ഇന്ധനവിലക്കയറ്റത്തില്‍ പ്രധാനമന്ത്രി മൗനംപാലിക്കുന്നതിനെ ചോദ്യംചെയ്ത് രാഹുല്‍ ഗാന്ധി. രാജ്യം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിഷയവും നരേന്ദ്രമോദി സംസാരിക്കില്ല. അതുകൊണ്ടാണ് വിലക്കയറ്റവും കര്‍ഷകആത്മഹത്യയും തൊഴിലില്ലായ്മയും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും  ചര്‍ച്ചചെയ്യാന്‍ മോദി തയാറാകാത്തത്. ഏതുവിധേനയും രാജ്യത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ വിഭജിക്കാനുമാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. മോദിയുടെ സുഹൃത്തുക്കളായ വ്യവസായികള്‍ക്കുമാത്രമേ രാജ്യത്ത് നേട്ടമുള്ളു എന്നതാണ് അവസ്ഥയെന്നും രാഹുല്‍ ആരോപിച്ചു.

മന്‍മോഹന്‍ സിങ് പറഞ്ഞത്

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യവും സംരക്ഷിക്കാന്‍ പ്രതിപക്ഷകക്ഷികള്‍ അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് ഒന്നിച്ചുനില്‍ക്കേണ്ട സമയമായെന്ന് മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. യുവാക്കളും കര്‍ഷകരുമടക്കം സാധാരണജനങ്ങള്‍ മുഴുവന്‍ സര്‍ക്കാരിനെതിരാണ്. അവര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രതിപക്ഷത്തിന് ബാധ്യതയുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.