ഓവലിൽ വിജയലക്ഷ്യം 464; രണ്ടു റൺസിനിടെ ധവാൻ, പൂജാര, കോഹ്‍ലി പുറത്ത്

cook-with-indian-players.jp
SHARE

ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ 464 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് വെറും രണ്ടു റൺസ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണർ ശിഖർ ധവാൻ (ഒന്ന്), ചേതേശ്വർ പൂജാര (പൂജ്യം), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (പൂജ്യം) എന്നിവരാണ് പുറത്തായത്. ധവാനേയും പൂജാരയേയും ജയിംസ് ആൻഡേഴ്സൻ വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ, കോഹ്‍ലിയെ സ്റ്റുവാർട്ട് ബ്രോ‍ഡ് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിലെത്തിച്ചു.

എന്നാൽ, നാലാം വിക്കറ്റിൽ ലോകേഷ് രാഹുൽ–അജിങ്ക്യ രഹാനെ സഖ്യം ഇന്ത്യയെ കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ 50 കടത്തി. 16 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രാഹുൽ 38 റൺസോടെയും രഹാനെ 10 റൺസോടെയും ക്രീസിൽ. ഏഴു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് ഇനിയും 414 റൺസ് വേണം.

 അതേസമയം, ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായ ആൻഡേഴ്സന്റെ ആകെ വിക്കറ്റ് നേട്ടം ഇതോടെ 23 ആയി. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പേസ് ബോളറായും ആൻഡേഴ്സൻ മാറി. 143 ടെസ്റ്റുകളിൽനിന്ന് 563 വിക്കറ്റുകൾ സ്വന്തമാക്കിയ ആൻഡേഴ്സൻ, ഇക്കാര്യത്തിൽ ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി. സ്പിന്നർമാരായ മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619) എന്നിവർ മാത്രമാണ് ഇനി ആൻഡേഴ്സനു മുന്നിലുള്ളത്.

ഇതിനു പുറമെ, ഏറ്റവും കൂടുതൽ താരങ്ങൾ എൽബിയിലൂടെ പുറത്തായ പരമ്പരയായും ഇന്ത്യ–ഇംഗ്ലണ്ട് പരമ്പര മാറി. ഇതുവരെ 44 പേരാണ് എൽബിയിൽ കുരുങ്ങി മാത്രം പുറത്തായത്. 43 പേർ വീതം എൽബിയിൽ കുരുങ്ങിയ ഓസ്ട്രേലിയ–ഇംഗ്ലണ്ട് ആഷസ് പരമ്പര (1981), ഇംഗ്ലണ്ട്–വെസ്റ്റ് ഇൻഡീസ് പരമ്പര (2000), പാക്കിസ്ഥാൻ–ഇംഗ്ലണ്ട് പരമ്പര (2012) എന്നിവയാണ് പിന്നിലായത്.<br />

നേരത്തെ, കരിയറിലെ അവസാന ടെസ്റ്റ് ഇന്നിങ്സിൽ ഉജ്വല സെഞ്ചുറി നേടിയ അലസ്റ്റയർ കുക്കിന്റെയും, ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റിൽ സെഞ്ചുറി സ്വന്തമാക്കിയ ക്യാപ്റ്റൻ ജോ റൂട്ടിന്റെയും പ്രകടനം നിറം ചാർത്തിയ ഇന്നിങ്സിനൊടുവിലാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്കു മുന്നിൽ 464 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. വിരമിക്കൽ മൽസരത്തിൽ ടെസ്റ്റിലെ 33–ാം സെഞ്ചുറി നേടിയ കുക്കിന്റെയും 14–ാം െടസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയ റൂട്ടിന്റെയും മികവിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 423 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മൂന്നാം വിക്കറ്റിൽ 259 റൺസ് കൂട്ടിച്ചേർത്ത കുക്കിനെയും റൂട്ടിനെയും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഹനുമ വിഹാരി അടുത്തടുത്ത പന്തുകളിൽ പുറത്താക്കി.

ഇന്ത്യയ്ക്കായി വിഹാരി, ജഡേജ എന്നിവർ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. പരുക്കു മൂലം നാലാം ദിനം ഇഷാന്ത് ശർമയ്ക്ക് ബോൾ ചെയ്യാനാകാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ ഇന്ത്യയ്ക്കു മുന്നിൽ 464 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തീർത്താണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഒന്നേകാൽ നൂറ്റാണ്ടു മുൻപ് (1902 ഓഗസ്റ്റ്) ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കെതിരെ പിന്തുടർന്നു ജയിച്ച 263 റൺസാണ് ഓവലിലെ ഏറ്റവും ഉയർന്ന റൺ ചേസ്.

ചരിത്രമെഴുതി കുക്ക്, കൂട്ടിന് റൂട്ട്

209 പന്തിൽ എട്ടു ബൗണ്ടറികളോടെയാണ് കുക്ക് വിരമിക്കൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടി ചരിത്രമെഴുതിയത്. കുക്കിന്റെ 33–ാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ത്യയ്ക്കെതിരെ ഓവലിൽ പിറന്നത്. സെഞ്ചുറിയും പിന്നിട്ട് കുതിച്ച കുക്ക്, ഒടുവിൽ 147 റൺസെടുത്താണ് പുറത്തായത്. 286 പന്തിൽ 14 ബൗണ്ടറികൾ സഹിതമാണ് കുക്ക് 147 റൺസെടുത്തത്. ഹനുമ വിഹാരിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു ക്യാച്ച് സമ്മാനിച്ചായിരുന്നു കുക്കിന്റെ മടക്കം.

ഇതോടെ, ഇന്ത്യയ്ക്കെതിരെ മാത്രം കുക്കിന്റെ സെഞ്ചുറി നേട്ടം ഏഴായും ഉയർന്നു. ഇന്ത്യ–ഇംഗ്ലണ്ട് മൽസരങ്ങളിൽ കൂടുതൽ സെഞ്ചുറി നേടിയവരിൽ സച്ചിൻ തെൻഡുൽക്കാർ, രാഹുൽ ദ്രാവിഡ‍് എന്നിവർക്കൊപ്പമെത്താനും കുക്കിനായി. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ കുമാർ സംഗക്കാരയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയ കുക്ക്, അരങ്ങേറ്റ ടെസ്റ്റിലും വിരമിക്കൽ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ മാത്രം താരമായും മാറി. 161 ടെസ്റ്റുകളിൽനിന്ന് 12472 റൺസുമായി കുക്ക് കളി നിർത്തിയതോടെ ടെസ്റ്റിലെ 10,000 റൺസ് ക്ലബ്ബ് പൂർണമായും വിരമിച്ച താരങ്ങളുടേതായി. 13 പേരാണ് ഇതുവരെ ടെസ്റ്റിൽ 10,000 റൺസ് പിന്നിട്ടിട്ടുള്ളത്. ഇപ്പോഴും ക്രിക്കറ്റിൽ സജീവമായിട്ടുള്ളവരിൽ 9022 റൺസുമായി ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് മുന്നിലുള്ളത്.

കുക്കിനു പിന്നാലെ ക്യാപ്റ്റൻ ജോ റൂട്ടും ഓവലിൽ സെഞ്ചുറി പൂർത്തിയാക്കി. 151 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് റൂട്ട് 14–ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. ഇന്ത്യയ്ക്കെതിരെ റൂട്ടിന്റെ നാലാം സെഞ്ചുറിയാണിത്. ഇതിൽ രണ്ടെണ്ണവും ഓവലിൽ തന്നെയാണെന്നതും ശ്രദ്ധേയം. വ്യക്തിഗത സ്കോർ 46ൽ നിൽക്കെ അജിങ്ക്യ രഹാനെയും 94ൽ നിൽക്കെ ചേതേശ്വർ പൂജാരയും ഫസ്റ്റ് സ്‌ലിപ്പിൽ റൂട്ടിനെ കൈവിട്ടിരുന്നു. ഒടുവിൽ 190 പന്തിൽ 12 ബൗണ്ടറിയും ഒരു സിക്സും സഹിതം 125 റൺെസടുത്ത റൂട്ടിനെ ഹനുമ വിഹാരി ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു.

ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് റൂട്ട് ടെസ്റ്റിൽ സെഞ്ചുറി നേടുന്നത്. ഇതിനു മുൻപ് 2017 ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ബർമിങ്ങാമിലാണ് റൂട്ട് ഒടുവിൽ സെഞ്ചുറി നേടിയത്. അതിനുശേഷം കളിച്ച 27 ഇന്നിങ്സുകളിൽനിന്ന് ഓവലിലെ സെഞ്ചുറിക്കു മുൻപ് 11 അർധസെഞ്ചുറികളാണ് റൂട്ട് നേടിയത്.

കരുതലോടെ തുടക്കം, പിടിച്ചുകയറ്റം

43 ഓവറിൽ രണ്ടിന് 114 എന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ചത്. അലസ്റ്റയർ കുക്ക് 46 റൺസോടെയും ജോ റൂട്ട് 29 റൺസോടെയും ക്രീസിലുണ്ടായിരുന്നു. ബാറ്റിങ് പുനഃരാരംഭിച്ച് അധികം വൈകാതെ കുക്ക് അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറി പൂർത്തിയാക്കി. 127 പന്തിൽ നാലു ബൗണ്ടറികളോടെ ആയിരുന്നു കുക്കിന്റെ നേട്ടം.

അധികം വൈകാതെ ജോ റൂട്ടും അർധസെഞ്ചുറി പൂർത്തിയാക്കി. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 80 റൺസ് നേടിയശേഷം അർധസെഞ്ചുറി കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന റൂട്ട്, 81 പന്തിൽ എട്ടു ബൗണ്ടറികളോടെയാണ് അർധസെഞ്ചുറി പൂർത്തിയാക്കിയത്. പിന്നാലെ റൂട്ട്–കുക്ക് സഖ്യം സെഞ്ചുറി കൂട്ടുകെട്ടും പിന്നിട്ടു. വിരമിക്കൽ ടെസ്റ്റിൽ കുക്ക് സെഞ്ചുറി പിന്നിടുമോ എന്ന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കവെ, ഹനുമ വിഹാരി എറിഞ്ഞ 70–ാം ഓവറിൽ ചരിത്രം പിറന്നു. സിംഗിൾ നേടാനുള്ള കുക്കിന്റെ ശ്രമത്തിനിടെ ജഡേജ വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞ പന്ത് ബൗണ്ടറി കടന്നതോടെ ഓവർത്രോയിൽനിന്നു ലഭിച്ച അഞ്ചു റൺസുമായി കുക്ക് സെഞ്ചുറി തൊട്ടു.

ഉച്ചഭക്ഷണത്തിനുശേഷം തിരിച്ചെത്തി അധികം വൈകാതെ റൂട്ടും സെഞ്ചുറി കടന്നു. 151 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് റൂട്ട് 14–ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. പരമ്പരയിൽ റൂട്ടിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്. സ്കോർ 321ൽ നിൽക്കെ അരങ്ങേറ്റ താരം ഹനുമ വിഹാരി ഇരുവരെയും പുറത്താക്കിയതോടെ ഇവരുടെ ചരിത്രക്കുതിപ്പിന് അന്ത്യമായി. അപ്പോഴേക്കും മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇംഗ്ലണ്ട് ഇന്നിങ്സിൽ 259 റൺസ് കൂട്ടിച്ചേർത്തിരുന്നു.

ഇവർക്കു പിന്നാലെ റണ്‍നിരക്കുയർത്താനുള്ള ശ്രമത്തിൽ മുഹമ്മദ് ഷമിക്ക് വിക്കറ്റ് സമ്മാനിച്ച് ജോണി ബെയർസ്റ്റോയും ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് ജോസ് ബട്‍ലർ, ബെൻ സ്റ്റോക്സ് എന്നിവരും കൂടാരം കയറി. 27 പന്തിൽ മൂന്നു ബൗണ്ടറികളോടെ 18 റൺസെടുത്ത ബെയർസ്റ്റോയെ ഷമി ക്ലീൻ ബൗൾഡാക്കിയപ്പോൾ ജഡേജയുടെ പന്തിൽ ഷമിക്കു ക്യാച്ച് സമ്മാനിച്ച് സംപൂജ്യനായി ബട്‍ലർ മടങ്ങി. സ്കോർ 397ലെത്തിയപ്പോൾ 36 പന്തിൽ 37 റൺസുമായി സ്റ്റോക്സും പുറത്തായി. ജഡേജയുടെ പന്തിൽ ലോകേഷ് രാഹുൽ ക്യാച്ചെടുത്തു. വിഹാരിക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ച് 30 പന്തിൽ 21 റൺസുമായി സാം കറനും പുറത്തായതോടെ ജോ റൂട്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.