അണ തുറന്ന ദുരന്തമോ? ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നു, വിമര്‍ശനം

flooded-aluva
SHARE

സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരന്തത്തിനു കാരണമായത് മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നത്.  വേണ്ട മുന്നൊരുക്കമില്ലാതെയാണ് ഡാമുകള്‍ തുറന്നതെന്ന വിമര്‍ശനം ശക്തമാവുകയാണ്. ജില്ലാകലക്ടര്‍ പോലും അറിയാതെയാണ് വയനാട്ടില്‍ ബാണാസുരസാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നത്. അപ്പര്‍ ഷോളയാര്‍ പറമ്പിക്കുളം ഡാമുകള്‍ തുറക്കുന്ന വിവരം തമിഴ്നാടും നേരത്തെ അറിയിച്ചില്ല.  മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് പത്തനംതിട്ടയും ആലപ്പുഴയും പ്രളയത്തിലായത്. ശബരിഗിരി റെഡ് അലര്‍ട് പ്രഖ്യാപിച്ചപ്പോഴേയ്ക്കും റാന്നി വെള്ളത്തിലായി. ആളിയാര്‍ ഡാം തുറന്നത് തമിഴ്നാട് അറിയിച്ചതും അവസാനമണിക്കൂറില്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.  

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഉയർത്തിയതാണു വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്. എല്ലാ മഴക്കാലത്തും വെള്ളക്കെട്ടുണ്ടാകുന്ന പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകൾ ബാണാസുരയിൽ നിന്നുള്ള വെള്ളം കുതിച്ചൊഴുകിയെത്തിയതോടെ പ്രളയത്തിലായി. ഒട്ടേറെ വീടുകളും റോഡുകളും തകർന്നു. പലരും ഇരുനില വീടുകളിൽ കയറിയാണു രക്ഷപ്പെട്ടത്. 

ജൂലൈ 15ന് ആണു ബാണാസുര സാഗറിന്റെ നാലു ഷട്ടറുകളിൽ മൂന്നെണ്ണം ആദ്യമായി തുറന്നത്. ഷട്ടർ ആദ്യം തുറക്കുന്നതിനു മുൻപു മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും പിന്നീടു പടിപടിയായി 290 സെന്റിമീറ്റർ വരെ ഉയർത്തിയതും നാലാമത്തെ ഷട്ടർ തുറന്നതും നാട്ടുകാരെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു. ഇതോടെ, ഒട്ടേറെ വീടുകൾക്കു മുകളിൽ വരെ വെള്ളമുയർന്നു. പിന്നീടു മഴ കുറഞ്ഞപ്പോൾ ഷട്ടറുകൾ 80 സെന്റിമീറ്ററിലേക്കു താഴ്ത്തിയെങ്കിലും രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും 90 സെന്റിമീറ്ററാക്കി ഉയർത്തി. ഷട്ടറുകളുടെ ഉയരം വർധിപ്പിക്കുമ്പോഴുള്ള അനൗൺസ്മെന്റോ മറ്റു പ്രചാരണങ്ങളോ ഉണ്ടായില്ല. വില്ലേജ് ഓഫിസറെയോ കലക്ടറെപ്പോലുമോ വിവരം അറിയിച്ചില്ല. ഇതു വലിയ വിവാദമായപ്പോൾ മാത്രമാണു പിന്നീടു കൃത്യമായി അറിയിപ്പുകളുണ്ടായത്. നിലവിൽ ബാണാസുരയുടെ ഒരു ഷട്ടർ മാത്രമേ (10 സെന്റിമീറ്റർ ഉയരത്തിൽ) തുറന്നിട്ടുള്ളൂ. 

ദുരന്തനിവാരണ അതോറിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ വിവരം അറിയിച്ചിരുന്നുവെന്നാണു കെഎസ്ഇബി അധികൃതരുടെ വിശദീകരണം. ഒറ്റദിവസം തന്നെ റിസർവോയറിൽ 562 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. സംഭരണശേഷിയുടെ 10% വെള്ളമാണ് ഒറ്റദിവസം കൊണ്ട് ഒഴുകിയെത്തിയത്. വൃഷ്ടിപ്രദേശത്ത് ഒട്ടറെ ഉരുൾപൊട്ടലുകൾ കൂടി സംഭവിച്ചതോടെ കണക്കാക്കിയതിലപ്പുറം വെള്ളം എത്തിയെന്നും കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.മനോഹരൻ പറഞ്ഞു. 

തമിഴ്നാടും പറഞ്ഞില്ല

തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകളിലെ ഷട്ടർ തുറക്കുന്ന വിവരം യഥാസമയം അറിയാതെ പോയതു കെടുതിക്ക് ഇടയാക്കി. ഡാം തുറക്കുന്നതിന് ഏതാനും മണിക്കൂർ മുൻപു മാത്രമാണു തമിഴ്നാട് ഇക്കാര്യം പുറത്തുവിട്ടത്. കേരളത്തിലെ മാധ്യമങ്ങളിലൂടെ ജനത്തെ വിവരമറിയിക്കാൻ അധികൃതർക്കു കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്. പറമ്പിക്കുളത്തെയും അപ്പർ ഷോളയാറിലെയും വെള്ളം എത്തിയതോടെ പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞു. ചാലക്കുടിപ്പുഴ കരകവിഞ്ഞു ചാലക്കുടി നഗരമടക്കം വെള്ളത്തിലായി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.