കലിവർഷം: പ്രളയ പ്രഹരത്തിൽ പകച്ച് കേരളം; സമഗ്രറിപ്പോർട്ട്, വിഡിയോ

wayanad-flood
SHARE

സംസ്ഥാനത്ത് നാശംവിതച്ച് വീണ്ടും കനത്ത മഴയും ഉരുള്‍പൊട്ടലും. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. കോഴിക്കോടും മലപ്പുറത്തുമായി ഏഴിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നു.  കുറ്റ്യാടി ചുരത്തില്‍ മണ്ണിടി‍ഞ്ഞതിനാല്‍ വയനാട്ടിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. മണ്ണുത്തി വെറ്ററിനറി കോളജ് വളപ്പില്‍ മരംവീണ് നിര്‍മാണ തൊഴിലാളി ചെമ്പൂത്ര സ്വദേശി ഷാജി മരിച്ചു. 

കോഴിക്കോട് അഞ്ചിടത്താണ് ഉരുള്‍പ്പൊട്ടിയത്. കക്കയത്ത് മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. താമരശേരി കണ്ണപ്പന്‍കുണ്ടിലും ആനക്കാംപൊയിലിലും വീണ്ടുമുണ്ടായ ഉരുള്‍പ്പൊട്ടലിലെ തുടര്‍ന്ന് കോഴിക്കോട് – വയനാട് ദേശീയ പാതയിലെ ഈങ്ങാപ്പുഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതം തടസപ്പെട്ടു. ആനക്കാംപൊയിലിലുണ്ടായ ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് മറിപ്പുഴയില്‍ മലവെള്ളപ്പാച്ചിലാണ്.  ഇരവഞ്ഞിപ്പുഴയും കുറ്റ്യാടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. 

മലപ്പുറത്ത് ആഡ്യന്‍പാറയിലും കരുവാരകുണ്ടിലും ഉരുള്‍പ്പൊട്ടി.  അമ്പത് കുടുംബങ്ങളെ  മാറ്റിപ്പാര്‍പ്പിച്ചു. മലവെള്ളപ്പാച്ചില്‍ ശക്തമായ സാഹചര്യത്തില്‍ ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയിലെ ജീവനക്കാരോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കി. 

വയനാട് ചുരത്തിലൂടെയും കക്കയം– തലയാട് റോഡിലൂടെയുമുള്ള വാഹനഗതാഗത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടാകുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

അടങ്ങാത്ത മഴ  വയനാട്ടിലും

വയനാട് ജില്ലയില്‍  മഴ വീണ്ടും ശക്തിയാര്‍ജിക്കുന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ഡാമിന്റെ ഷട്ടറുകള്‍ ഇരുന്നൂറ്റി അമ്പത് സെന്റീമീറ്ററാക്കി ഉയര്‍ത്തും. തലപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ദുരിതാശ്വാസ ക്യാമ്പിലെത്തിയവരുടെ എണ്ണം പതിനയ്യായിരം പിന്നിട്ടു. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ  വൃഷ്ടിപ്രദേശങ്ങളില്‍ തീവ്രമായ മഴയാണ് പെയ്യുന്നത്. ഇന്നലെ ഉച്ച മുതല്‍ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുകയാണ്.

വെള്ളം കൂടുതലെത്തിയാല്‍ ഡാമിന് താഴയുള്ള താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും പ്രതിസന്ധിയിലാകും. കര്‍ണാടക ബീച്ചിനഹള്ളി ഡാമിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തി. ഇന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ കൂടുതല്‍ പേരെത്തി. 15785 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 4187 കുടുംബങ്ങളെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. വീടുകളിലേക്ക് തിരിച്ചുപോയവര്‍ വീണ്ടും ക്യാമ്പുകളിലേക്ക് തിരിച്ചെത്തുകയാണ്.

തലപ്പുഴ കമ്പിപ്പാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ടയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. കുറിച്യര്‍മലയില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് വീണ്ടും ഉരുള്‍പൊട്ടി.

കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍ വ്യാപക നാശനഷ്ടം വരുത്തിയ പൊഴുതനയിലും വീണ്ടും മണ്ണിടിഞ്ഞു. വെള്ളം കയറിയതിനാല്‍ വയനാട് തലശേരി പാതയിലെ ഗതാഗതം തടസപ്പെട്ടു.

കണ്ണൂരിൽ നത്ത മഴയും, ഉരുൾ പൊട്ടലും

കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയും, ഉരുൾ പൊട്ടലും. ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിൽ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കനത്ത മഴയിൽ  കൊട്ടിയൂർ , കേളകം തുടങ്ങിയ മലയോര മേഖലകളിലെ റോഡുകൾ വെള്ളത്തിനടിയിലായി.

പുലർച്ചെ മുതലാണ് ജില്ലയുടെ മലയോര മേഖലയിൽ മഴ ശക്തമായത്. പല സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസപ്പെട്ടതോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും, മരങ്ങളും നീക്കം ചെയ്താണ് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചത്. പക്ഷേ മഴ ശക്തമായതോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മലവെള്ളപ്പാച്ചിലും ശക്തമായി.

കൊട്ടിയൂർ - ചപ്പമലയിൽ  ഉരുൾപൊട്ടി. ആളപയാമില്ല. കേളകം ശാന്തിഗിരിയിൽ മലമുകളിൽ വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു. വനത്തിനുള്ളിൽ മഴ കനത്തതോടെ ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ ഇരിട്ടി കൊട്ടിയൂർ സംസ്ഥാന പാത വെള്ളത്തിനടിയിലായി. മേഖലയിലെ കൃഷിയിടങ്ങളിലും വെള്ളം കയറി. മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ പലയിടത്തും വൈദ്യുതി തൂണുകൾ നിലംപൊത്തിയതോടെ മലയോരത്ത് വൈദ്യുതി ബന്ധവും താറുമാറായി. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും, പൊലീസ്, റവന്യൂ, അഗ്നിശമന സേന വിഭാഗങ്ങളും കനത്ത ജാഗ്രതയിലാണ്.

വലഞ്ഞ് പാലക്കാട്

പെയ്തൊഴിയാത്ത മഴയിൽ പാലക്കാട് നഗരത്തിലെ വീടുകളും വ്യാപാരശാലകളും വെള്ളത്തിലായി. മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ 75 സെൻറിമീറ്ററാക്കി ഉയർത്തി. വാളയാർ, ചുള്ളിയാർ ഡാം അണക്കെട്ടുകളും തുറന്നു വിട്ടു.

മഴക്കെടുതി വിട്ടുമാറാതെയാണ്  പാലക്കാട് നാലാംദിനവും. തുടർച്ചയായ അതിതീവ്രമഴയിൽ നഗരത്തിലെ കൽപാത്തി, ശേഖരിപുരം, പുത്തൂർ പ്രദേശങ്ങളിലെ വീടുകൾ വീണ്ടും വെള്ളത്തിലായി. കഴിഞ്ഞ ദിവസം മഴവെള്ളം കയറിയിറങ്ങിയ വീടുകൾ ശുചിയാക്കി താമസം തുടങ്ങിയപ്പോഴാണ് രണ്ടാം പ്രളയം.മലമ്പുഴ അണക്കെട്ടിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു. ഗതാഗതം തടസപ്പെട്ട്പാലക്കാട് മലമ്പുഴ റോഡിൽ നിലംപതിപാലവും വെള്ളത്തിലാണ്. വാളയാർ അണക്കെട്ടിലെ വെള്ളവും കൽപാത്തിപ്പുഴയിലേക്കാണ് ഒഴുകുന്നത്. .

മഴയില്ലാതിരുന്ന നാട്ടിൽ പ്രളയം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി. മഴവെള്ളവും അണക്കെട്ടുകളിലെ വെള്ളവും താങ്ങാനുള്ള ശേഷിയില്ലാതെയാണ് പുഴ ജനവാസ മേഖലകളിലേക്ക് കടന്നത്. 

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വ്യാപാരശാലകളിലും വെള്ളം കയറി. അട്ടപ്പാടിയിലും വടകരപ്പതിയിലും കനത്ത മഴയാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.