ജലനിരപ്പിൽ നേരിയ കുറവ്; 11 ജില്ലകളിൽ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

aluva-aerial-view
SHARE

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്, ഇപ്പോള്‍ 2401.68 അടി. ഡാമിലേക്ക് വരുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്കുവിടുന്നു. ഇടുക്കി അണക്കെട്ടില്‍നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി. ഇപ്പോള്‍ പുറത്തേക്കൊഴുക്കുന്നത് സെക്കന്‍ഡില്‍ 800 ഘനമീറ്റര്‍ വെള്ളം. ചെറുപുഴയായ ചെറുതോണിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം ജലമാണ് ഇടുക്കി ജലസംഭരണിയില്‍ നിന്ന് ഒഴുക്കിവിട്ടത്. ചെറുതോണി പാലത്തിന് മുകളിലൂടെ പുഴ ഒഴുകിയപ്പോള്‍ വന്‍മരങ്ങളും ബസ് സ്റ്റാന്‍ഡും പുഴയെടുത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ക്ക് ശമനമില്ല. ഇന്ന് നാലു ജീവനുകള്‍കൂടി നഷ്ടപ്പെട്ടു. ഇതോടെ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 29 ആയി. മഴക്കെടുതി രൂക്ഷമായ കോഴിക്കോടും വയനാട്ടും രക്ഷാപ്രവര്‍ത്തനം തുടരുന്നു.  

നിലമ്പൂര്‍ എരുമമുണ്ടയ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇന്നലെ കാണാതായ ഗൃഹനാഥന്‍ സുബ്രഹ്മണ്യന്‍റെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലില്‍ കാണാതായ ഇടുക്കി  കമ്പിളിക്കണ്ടം ജിനവിന്റെ മൃതദേഹവും ലഭിച്ചു. വെഞ്ഞാറമൂടില്‍ വെള്ളം കോരുന്നതിനിടെ കിണര്‍ ഇടിഞ്ഞ് സുരേഷ്  മരിച്ചു. തോട്ടിൽ വീണു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നഹരിപ്പാട് താമല്ലാക്കൽ ഇലഞ്ഞിമൂട്ടിൽ ഭാര്യ ചന്ദ്രികയും ഇന്നു മരിച്ചു. 

ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് മട്ടിക്കുന്ന് മലയിൽ സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുന്നു. ഗതി മാറി ഒഴുകിയ പുഴയുടെ ഒഴുക്ക് സാധാരണ ഗതിയിലാക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്.   

വയനാട് വൈത്തിരിയില്‍ ഇരുനില കെട്ടിടം മണ്ണിനടിയിലേക്ക് താഴ്ന്നു. രണ്ടു വാഹനങ്ങളും മണ്ണിനടിയിലായെങ്കിലും ആളപായമില്ല. കോട്ടത്തറ ടൗണിലും പനമരം ടൗണിലും വെള്ളംകയറി. സുഗന്ധഗിരിയില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചുവീടുകള്‍ തകര്‍ന്നു

പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 11 ജില്ലകളില്‍  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പതിനാലാം തീയതിവരെ ശക്തമായ മഴക്കും ഒറ്റപ്പെട്ട അതിതീവ്രമഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ സംഭരണികള്‍ നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി ഉള്‍പ്പെടെ 27 സംഭരണികള്‍ തുറന്നിരിക്കുകയാണ്. . ഇക്കാര്യങ്ങള്‍കണക്കിലെടുത്താണ് അതീവജാഗ്രതപുലര്‍ത്താന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.