ആശ്വാസം; റിസോർട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിച്ചു

munnar-rescue
SHARE

ഉരുൾപൊട്ടലിൽ റോഡൊലിച്ച് പോയതിനെത്തുടർന്ന് മൂന്നാര്‍ പ്ലംജൂഡി  റിസോര്‍ട്ടില്‍  കുടുങ്ങിയ  57 വിനോദസഞ്ചാരികളെ രക്ഷിച്ചു.  പള്ളിവാസലിലും മൂന്നാറിലും റിസോർട്ടുകളിലും വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. പള്ളിവാസൽ പ്ലം ജൂ‍ഡി റിസോർട്ടിലും മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിലെ പുളിമൂട്ടില്‍ റിസോർട്ടിലുമാണ് വിദേശികളുൾപ്പെടെയുള്ള സഞ്ചാരികൾ കുടുങ്ങിയത്. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഇവിടേക്കുള്ള റോഡ് പൂർണമായി തകർന്നിരുന്നു.  രണ്ടുദിവസമായി സഞ്ചാരികൾ റിസോർട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. 

റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികൾ സഹായമഭ്യർഥിക്കുന്ന വിഡിയോ പുറത്തുവന്നിരിക്കുന്നു. ഇവരിൽ പലരും അടുത്ത ദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങാൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തവരാണ്. 

മലയോട് ചേർന്നിരിക്കുന്ന റിസോർട്ടാണ് പ്ലം ജൂഡി. റിസോർട്ടിലെ 21 മുറികളിലും സന്ദർശകരുണ്ടായിരുന്നു. ഉരുൾപൊട്ടലിൽ റോഡ് മുഴുവൻ ഒലിച്ചുപോയ നിലയിലാണ്. പുളിമൂട്ടിൽ റിസോർട്ടിലേക്കുള്ള റോഡിലും സമാനമായ അവസ്ഥയാണുള്ളത്. 

ഇത്തരം റിസോർട്ടുകൾ ഉയർത്തുന്ന അപകടഭീഷണി റവന്യു വകുപ്പ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ദേവികുളം സബ് കലക്ടറുടെ ഉത്തരവിനെത്തുടർന്ന് പ്ലം ജൂഡി റിസോർട്ട് അടച്ചുപൂട്ടിയിരുന്നു. പിന്നീട് കോടതി ഇടപെടലിനെത്തുടർന്നാണ് റിസോർട്ട് വീണ്ടും തുറന്നത്. 

പ്രധാന റോഡിൽ നിന്ന് മൂന്ന് കിലോമീറ്ററോളം ഉള്ളിലേക്ക് കയറിയാണ് റിസോർട്ടുകൾ സ്ഥിതി ചെയ്യുന്നത്. റവന്യു അധികൃതർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.  ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.