ജലപ്രളയം: മരണം 26 ആയി, വടക്കൻ, മധ്യ കേരളത്തിൽ അതിതീവ്രമഴയ്ക്കു സാധ്യത

rain-death-nilambur
SHARE

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 26 ആയി. നിലമ്പൂര്‍ എരുമമുണ്ടയിൽ ഉരുള്‍പൊട്ടലില്‍ കാണാതായ  സുബ്രഹ്മണ്യന്‍റേയും ഇടുക്കി കമ്പിളിക്കണ്ടത്ത്  മണ്ണിടിച്ചിലില്‍ കാണാതായ  ജിനുവിന്റെ മൃതദേഹവും  കണ്ടെത്തി. 

വെഞ്ഞാറമൂടില്‍ വെള്ളം കോരുന്നതിനിടെ കിണര്‍ ഇടിഞ്ഞ് സുരേഷ് മരിച്ചു. വയനാട് വൈത്തിരിയില്‍ കെട്ടിടത്തിന്‍റെ ഒരുനില മണ്ണിനടിയിലേക്ക് താഴ്ന്ന് കാറും വാനും മണ്ണിനടിയിലായി. ആളപായമില്ല. ആലുവ, കളമശേരി മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. ചെമ്പകശേരി, തോട്ടുമുഖം, ചൊവ്വര, കാഞ്ഞൂര്‍, ചെങ്ങല്‍ എന്നിവിടങ്ങളിലും വെള്ളം കയറി.  മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും രണ്ടുദിവസം കൂടി  അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഭാരതപ്പുഴ, പെരിയാര്‍ ഉള്‍പ്പെടെ മിക്ക നദികളും പുഴകളും കരകവിഞ്ഞു.പമ്പ് ഹൗസുകളുടെ  പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ കൊച്ചി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍  ജില്ലകളിലെ കുടിവെള്ളവിതരണം മുടങ്ങി. 

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഭാരതപ്പുഴ കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ പുറത്തൂർ, തിരുനാവായ, നരിപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി.  ഭാരതപുഴയോരത്ത് താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി. ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനാവശ്യമായ സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു

പാലക്കാടിനെ വെള്ളത്തിലാക്കി കാലവര്‍ഷം തുടരുകയാണ്. ജലപ്രളയത്തില്‍ മുങ്ങിയ വീടുകള്‍ ശൂന്യമാണ്. പരിമിതികളില്‍ കഴിയുകയാണ് ദുരിതാശ്വാസക്യാംപുകളിലുളളവര്‍. മലമ്പുഴയില്‍ നിന്നുളള പൈപ്പുലൈന്‍ തകര്‍ന്നത് പാലക്കാട് നഗരത്തിന്റെ കുടിവെളളമില്ലാതാക്കി. ദേശീയ ദുരന്തനിവാരണസേനയുടെ 31 പേരടങ്ങുന്ന സംഘം ജില്ലയിലെത്തി. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് കലക്ടര്‍ അറിയിച്ചു.

പത്ത് ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടായിരത്തിലധികം പേരാണുളളത്. മലയോരമേഖലയില്‍ കനത്തമഴ തുടരുന്നത് പുഴകളിലും അണക്കെട്ടുകളിലും ജലനിരപ്പുയര്‍ത്തും. സര്‍വത്ര വെളളമാണെങ്കിലും കുടിക്കാനിത്തിരിവെളളത്തിനായി പാലക്കാട് നഗരത്തിലുളളവരും സമീപപ്രദേശങ്ങളിലുളളവരും ഇനി ബുദ്ധിമുട്ടും. മലമ്പുഴയില്‍ നിന്നുളള പ്രധാന പൈപ്പ് ലൈന്‍ മഴവെളളപ്പാച്ചിലില്‍ തകര്‍ന്നതാണ് പ്രതിസന്ധി.

മഴവെളളമൊഴുകിപ്പോകാന്‍ വഴികളില്ലാതെ വീടുകളിലേക്ക് ഇരച്ചുകയറിയത് നഗരത്തിലുളളവരെ ഞെട്ടിച്ചു. ആശങ്കയുടെ മണിക്കൂറുകള്‍ സൃഷ്ടിച്ച ജലപ്രളയത്തില്‍ ജീവന്‍ സംരക്ഷിക്കാന്‍ വീടുകളുടെ മുകളില്‍ അഭയം തേടിയതൊക്കെ ഞെട്ടിക്കുന്നതായി.

ഇരുകരകളെയും പട്ടാമ്പി പാലത്തിനെയും തൊട്ടുരുമ്മിയാണ് ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നത്. പലയിടങ്ങളിലും വെളളംകയറിയതിനാല്‍ ജാഗ്രതാനിര്‍ദേശം നല്‍കി. അസാധാരണമഴയുടെ കെടുതിവിട്ടൊഴിയാന്‍ ഇനി ദിവസങ്ങളെടുക്കും. നിലമ്പൂർ, കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളിലായി പത്തു ദുരിതാശ്വാസ ക്യംപുകൾ ആരംഭിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയുളള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 

മന്ത്രി കെ.ടി.ജലിൽ നിലമ്പൂരിൽ ക്യംപ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചാലിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് മമ്പാട് ബീമ്പുങ്ങൽ റഗുലേറ്റർ കം ബ്രിഡ്ജിന് ഭീഷണി ഉയർത്തുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.