പ്രളയജലപ്രവാഹം; പെരിയാറിന്റെ തീരത്തുനിന്ന് 6500 കുടുംബങ്ങളെ മാറ്റും

flood-aluva
SHARE

ഇടുക്കി അണക്കെട്ടിൽ നിന്നുള്ള ജലപ്രവാഹം എത്തുംമുന്‍പേ ആലുവയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പെരിയാറിന്റെ തീരത്തുനിന്ന് 6500 കുടുംബങ്ങളെ മാറ്റേണ്ടിവരും

പെരുമ്പാവൂര്‍ മുതലുള്ളവരെ വൈകുന്നേരത്തോടെ മാറ്റും. ആലുവയില്‍ 2013 ന് തുല്യമായ പ്രളയസാഹചര്യം. ജനങ്ങള്‍ ഒരുകാരണവശാലും പെരിയാറില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആലുവയില്‍ റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. നാളത്തെ കർക്കിടക വാവുബലിക്ക് സുരക്ഷിത സ്ഥാനങ്ങൾ ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇടമലയാർ അണക്കെട്ട് തുറന്നതിന് പിന്നാലെ ഇടുക്കി ട്രയൽ ട്രയൽറണ്ണിൽ എത്തിയ വെള്ളവും കൂടിയായതോടെ തന്നെ ആലുവയുടെ പേരിയാറിനോട് ചേർന്ന സ്ഥലങ്ങളിലെല്ലാം വെള്ളം കയറിക്കഴിഞ്ഞു. ഇനിയാണ് ഇടുക്കിവെള്ളം വരാനിരിക്കുന്നത്. 

ആലുവ തുരുത്ത്, ചെമ്പകശ്ശേരി, തോട്ടുമുഖം, ചെങ്കൽ, കാഞ്ഞൂർ തുടങ്ങി പെരിയാറിനോട് ചേർന്ന എല്ലാ പ്രദേശത്തും വെള്ളം കയറിക്കഴിഞ്ഞു. ജില്ലയിൽ ഇതുവരെ 57 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. ഇതിൽ എല്ലായിടത്തുമായി 3500ലേറെ പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഏറ്റവുമധികം ക്യാംപുകൾ പറവൂർ കുന്നുകര പ്രദേശങ്ങളിലാണ്, 38 എണ്ണം. കളമശ്ശേരി ഏലൂർ വ്യവസായ മേഖലയിലെ ഫാക്ടറികളിൽ പലതിലും വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്. ആലുവയിൽ രാവിലെ റവന്യൂമന്ത്രി വിളിച്ചുചേർത്ത യോഗം സ്ഥിതി അവലോകനം ചെയ്തു. ഇടുക്കി വെള്ളം എത്തിയാലും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി എന്നാണ് യോഗത്തിന് ശേഷം മന്ത്രി വിശദീകരിച്ചത്.  ആലുവ മണപ്പുറത്ത് നാളെ നടക്കേണ്ട കർക്കിടക വാവുബലി മുടങ്ങില്ല. വെള്ളം അപകടമുണ്ടാക്കാത്ത സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്തി ക്രമീകരണം ഉണ്ടാകുമെന്നും റവന്യു മന്ത്രി അറിയിച്ചു.

ഇടുക്കി അണക്കെട്ട് തുറന്നുവിട്ടതോട, 2013 നേക്കാള്‍ ‍വലിയ വെള്ളപ്പൊക്ക സാഹചര്യം  മുന്നില്‍കണ്ട് എല്ലാ മുന്നൊരുക്കവും നടത്തിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. പെരിയാറിന്റെ  തീരുത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍നിന്ന് ഒഴുക്കിവിടേണ്ട ജലം സംബന്ധിച്ച് ജില്ലാകലക്ടര്‍ക്കും കെ.എസ്.ഇ.ബിക്കും സംയുക്തമായി തീരുമാനമെടുക്കാം. ഇടമലയാറില്‍നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ദേശീയദുരന്തനിവാരണ സേനയുടെ നാല് യൂണിറ്റുകള്‍കൂടി എറണാകുളം ജില്ലയിലെത്തും. പെരുമ്പാവൂരിന് താഴേക്കുള്ള പുഴയോരങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. ആലുവയിലെ കര്‍ക്കിടകവാവ് ചടങ്ങുകള്‍റദ്ദാക്കില്ലെന്നും, ജനങ്ങള്‍സ്ഥിതികണക്കിലെടുത്ത് തീരുമാനമെടുക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.