നീരൊഴുക്ക് കൂട്ടി; പുറത്തുവിടുന്നത് 800 ഘനമീറ്റര്‍ വെള്ളം; ജലനിരപ്പിൽ നേരിയ കുറവ്

cheruthoni-town-new
SHARE

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്, ഇപ്പോള്‍ 2401.70 അടി. ഡാമിലേക്ക് വരുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്കുവിടുന്നു. ഇടുക്കി അണക്കെട്ടില്‍നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി. ഇപ്പോള്‍ പുറത്തേക്കൊഴുക്കുന്നത് സെക്കന്‍ഡില്‍ 800 ഘനമീറ്റര്‍ വെള്ളം. ചെറുപുഴയായ ചെറുതോണിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം ജലമാണ് ഇടുക്കി ജലസംഭരണിയില്‍ നിന്ന് ഒഴുക്കിവിട്ടത്. ചെറുതോണി പാലത്തിന് മുകളിലൂടെ പുഴ ഒഴുകിയപ്പോള്‍ വന്‍മരങ്ങളും ബസ് സ്റ്റാന്‍ഡും പുഴയെടുത്തു.

ഇടുക്കി ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടര്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് താഴുന്നില്ല. വെള്ളം ഒഴുക്ക് 750 ക്യുമെക്സ് ആക്കി. രാവിലെ ഏഴിന് മൂന്നുഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ ഒഴുക്കിയത് 300 ക്യുമെക്സ്. അഞ്ചുഷട്ടറും ഉയര്‍ത്തിയത് 1.15ന്, ഇതുവരെ  500 ക്യുമെക്സ് വെള്ളം ഒഴുക്കി. ചെറുതോണി ബസ്‌സ്റ്റാൻഡിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. ചെറുതോണി ടൗണിലെ പാലം അപകടാവസ്ഥയിലാണ്. സെക്കൻഡിൽ ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് അൽപ്പസമയത്തിനകം എട്ടുലക്ഷമാക്കി ഉയർത്തേണ്ടി വരുമെന്ന് ഇടുക്കി കലക്ടർ ജീവൻ ബാബു മനോരമന്യൂസിനോട് പറഞ്ഞു.  ഇടുക്കി ചെറുതോണിയിലടക്കം മഴ തുടരുന്നു. 

മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെ ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയ്ക്കാണ് മറ്റു രണ്ടു ഷട്ടറുകളും തുറന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സാഹചര്യം ഉടലെടുക്കുന്നത്. നീരൊഴുക്കു തുടർന്നതിനാൽ ഉച്ചയ്ക്കു തുടങ്ങിയ ട്രയൽ റൺ രാത്രിയിലും തുടർന്നിരുന്നു. അതീവജാഗ്രതാ നിർദേശവും (റെഡി അലർട്ട്) കെഎസ്ഇബി ഇന്നലെ പുറപ്പെടുവിച്ചിരുന്നു. രാവിലെ ഏഴിന് രണ്ടു ഷട്ടറുകൾ 40 സെന്റി മീറ്റർ വീതം തുറന്ന് വെള്ളം പുറത്തേക്കു വിട്ടിരുന്നു. എന്നിട്ടും ജലനിരപ്പ് വർധിച്ചതിനാലാണ് എല്ലാ ഷട്ടറുകളും തുറക്കേണ്ടി വന്നത്.

ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നതോടെ കുതിച്ചൊഴുകുകയാണ് പെരിയാർ. ഇരുകരകളിലും നാശം വിതച്ചും കരകവിഞ്ഞാണ് പെരിയാർ മുന്നോട്ടുകുതിക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പെരിയാറിന്റെ തീരത്തുനിന്ന് 6,500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. പെരുമ്പാവൂർ മുതലുള്ളവരെ വൈകുന്നേരത്തോടെ മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒഴുക്കു ശക്തമായ സാഹചര്യത്തിൽ ജനങ്ങൾ നദിയുടെ അടുത്തേക്കു പോകുന്നതിൽനിന്നും മുറിച്ചു കടക്കുന്നതിൽനിന്നും പിന്തിരിയണമെന്നും അറിയിച്ചു. അതേസമയം, ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റവന്യു ഓഫിസുകൾ നാളെയും ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കണമെന്നും കലക്ടർ അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE