അതീവജാഗ്രത; കരകവിഞ്ഞ് പെരിയാർ; വേലിയേറ്റം ജലനിരപ്പിനെ ബാധിക്കും

flood-dog
SHARE

ഇടുക്കി അണക്കെട്ട് തുറന്നതോടെ പ്രളയഭീതിയിൽ പെരിയാർ തീരം. ആറായിരത്തി അഞ്ഞൂറ് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ടി വരുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഇടമലയാറിൽ നിന്നുള്ള നീരൊഴുക്ക് കുറച്ചതോടെ പെരിയാറിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും ഇടുക്കിയിൽ നിന്നുള്ള വെള്ളം എത്തുന്നതോടെ സ്ഥിതിഗതികൾ മാറിമറിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. 

ഇടുക്കിയിൽ നിന്ന് കുത്തിയൊലിച്ചിറങ്ങിയ വെള്ളമെത്തുന്നതോടെ പെരിയാർ തീരം പൂർണമായും മുങ്ങുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ആദ്യ വിലയിരുത്തൽ. പക്ഷേ ഇടമലയാറിൽ നിന്നു പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ ഈ ആശങ്ക അസ്ഥാനത്തായി.

പക്ഷേ പെരിയാർ തീരത്തെ ആശങ്ക ഒഴിഞ്ഞെന്ന് പറയാറായിട്ടില്ല. ഇടുക്കിയിൽ നിന്ന് ഒഴുക്കിയ വെള്ളം രാത്രിയോടെ പൂർണമായും പെരിയാറിലെത്തും. കർക്കിടക വാവ് സമയത്ത് കടലിൽ  വേലിയേറ്റമായതിനാൽ വെള്ളം ഒഴുകി നീങ്ങാനും ബുദ്ധിമുട്ടാകും.

അങ്ങിനെ വന്നാൽ പെരിയാറിലെ വെള്ളം പരന്നൊഴുകാൻ സാധ്യതയേറെയെന്ന് വിലയിരുത്തുന്നു റവന്യൂ വകുപ്പ്. സാഹചര്യം എത്ര ഗുരുതരമെങ്കിലും നേരിടാൻ സജ്ജമെന്ന ആത്മവിശ്വാസവും റവന്യു വകുപ്പ് അധികൃതർ പങ്കുവയ്ക്കുന്നു

പെരുമ്പാവൂർ മുതൽ ആലുവ വരെയുള്ള പെരിയാർ തീരത്ത്  6500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്ന്  ചീഫ് സെക്രട്ടറി പറഞ്ഞെങ്കിലും വീടുപേക്ഷിച്ച് പോകാൻ നാട്ടുകാരിൽ ഏറിയ പങ്കും വിമുഖതയിലാണ്. ആലുവ മണപ്പുറത്ത് നടക്കാനിരിക്കുന്ന കർക്കടക വാവ് ബലിതർപ്പണത്തിനും കനത്ത സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു യൂണിറ്റുകളും കൂടി അടിയന്തര സാഹചര്യത്തെ നേരിടാൻ എറണാകുളത്തെത്തി. നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം നിലവിൽ സുഗമമാണെങ്കിലും ഇടുക്കിയിൽ നിന്നെത്തുന്ന  വെള്ളത്തിന്റെ ഒഴുക്കനുസരിച്ച് സ്ഥിതിഗതികൾ മാറി മറിഞ്ഞേക്കാം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.