ഹിന്ദു സംഘടനകളുടെ ഭീഷണി; എസ്.ഹരീഷ് ‘മീശ’ നോവല്‍ പിന്‍വലിച്ചു

harish-novel
SHARE

സൈബര്‍  ലോകത്തും പുറത്തുമായി ഉയര്‍ന്ന ഭീഷണിയെ തുടര്‍ന്ന് സാഹിത്യകാരന്‍ എസ്.ഹരീഷ് പ്രമുഖ ആഴ്ച്ചപതിപ്പില്‍ നിന്ന് തന്റെ നോവല്‍ പിന്‍വലിച്ചു. ഹരീഷിന്റെ മീശയെന്ന നോവലിനെതിരെ ഒരുവിഭാഗം സമുദായസംഘടനകളും പ്രവര്‍ത്തകരുമാണ്  വിദ്വേഷപ്രചാരണം  അഴിച്ചുവിട്ടത്. സമൂഹമനസ്  പാകമാകുമ്പോള്‍ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് ഹരീഷ് അറിയിച്ചു. 

എഴുതി തുടങ്ങിയ നോവല്‍ മൂന്നാം ലക്കത്തില്‍ പിന്‍വലിക്കുകയാണെന്ന് ഇദംപ്രഥമായി ഒരു എഴുത്തുകാരന്‍ കേരളത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഏറ്റവും നിന്ദ്യമായ രീതിയില്‍ ഭീഷണിപ്പെടുത്തുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ഹരീഷ് ഖണ്ഡശ പ്രസിദ്ധീകരണം  അവസാനിപ്പിക്കുന്നത്.   നോവലിന്റെ  മൂന്നാം ലക്കത്തില്‍ രണ്ട്  കഥാപാത്രങ്ങള്‍ തമ്മിലുള്ള  സംഭാഷണ ശകലമാണ്  ചില സമുദായ സംഘടനകളെയും അതിന്റെ സൈബര്‍ പോരാളികളെയും ചൊടിപ്പിച്ചത്. 

ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്നും ആരോപിച്ച് ചില സംഘടനകള്‍ പ്രത്യക്ഷ സമരവും സംഘടിപ്പിച്ചിരുന്നു.അര നൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ ജാതി ജീവിതത്തെ ദളിത് പശ്ചാത്തതലത്തില്‍ അവതരിപ്പിക്കുന്ന നോവലായിരുന്നു മീശ. കുടുംബത്തിന്റെ സ്വൈര്യജീവിതം പോലും താറുമാറാക്കുംവിധം ഭീഷണിയും തെറിവിളിയും ഉണ്ടായ സാഹചര്യത്തിലാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് സാഹിത്യഅക്കാദമി അവാര്‍ഡ് േജാതാവ് കൂടിയായ ഹരീഷ് പ്രതികരിച്ചു.

എന്നാല്‍  നോവല്‍   പുസ്തകരൂപത്തില്‍  പിന്നീട്  വയനക്കാരിലെത്തിക്കുമെന്ന്  അദേഹം അറിയിച്ചു.  .ഹരീഷിനെതിരെ സൈബര്‍ ആക്രമണം ശക്തമായപ്പോഴും സാംസ്കാരിക കേരളവും ബുദ്ധിജീവികളും മൗനം അവംലംബിച്ചുവെന്ന പരാതിയും വ്യാപകമാണ്.പെരുമാള്‍ മുരുകന് ശേഷം ഫാസിസം തൂലികയെ ഞെരിച്ചുകൊല്ലുന്ന  ദുരന്തം   കേരളത്തിലുണ്ടായിട്ടും വേണ്ടത്ര പ്രതികരണങ്ങള്‍ ഉണ്ടായില്ലെന്നാണ് ആരോപണം 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.