യുവതിയെ പീഡിപ്പിച്ച കേസ്: ഒരു വൈദികന്‍ കീഴടങ്ങി

preist-surrender
SHARE

വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതികളായ ഓർത്തഡോക്സ് സഭാ വൈദികരിൽ ഒരാൾ അറസ്റ്റിൽ. കേസിലെ രണ്ടാംപ്രതി ഫാദർ ജോബ് മാത്യുവാണ് കൊല്ലത്തെത്തി ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. ഫാദർ ജോബ് മാത്യുവിനെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും. അതേസമയം കേസിൽ ഒന്നും നാലും പ്രതികളായ വൈദികർ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം തുടങ്ങി.

അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങാൻ തയാറാണെന്ന് അറിയിച്ചതിനെ തുടർന്ന് കൊല്ലത്തുനിന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് ഫാ.ജോബ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തതിനുശേഷം ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയും നടത്തി. തുടർന്ന് ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിൻറെ നേതൃത്വത്തിൽ നാലുമണിക്കൂറോളം ഫാ. ജോബ് മാത്യുവിനെ ചോദ്യം ചെയ്തു.

അന്വേഷണവുമായി പിടിയിലായ വൈദികൻ സഹകരിക്കുന്നുണ്ടെന്നാണ് വിവരം. കുന്പസാര വിവരങ്ങൾ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തുവെന്നതാണ് ഫാ.ജോബ് മാത്യുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്ന നാലുവൈദികരിൽ മൂന്നുപേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. രൂക്ഷവിമർശനങ്ങളുന്നയിച്ച കോടതി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കൂടുതൽ നിയമനടപടികൾക്ക് മുതിരാതെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ഫാ.ജോബ് മാത്യു തയാറായത്. 

എന്നാൽ കേസിലെ ഒന്നാംപ്രതി ഫാ. എബ്രഹാം വർഗീസും, നാലാം പ്രതി ഫാ.ജോയ്സ് കെ.ജോർജും കീഴടങ്ങാൻ തയാറായിട്ടില്ല. സുപ്രീംകോടതിയിൽ നാളെയോ തിങ്കളാഴ്ചയോ ജാമ്യഹർജി നൽകാനാണ് ഇരുവരുടെയും ശ്രമം. ഹൈക്കോടതിയിൽനിന്ന് വൈദികർ രൂക്ഷവിമർശനം നേരിട്ട പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽനിന്നും അനുകൂലമായ വിധിയുണ്ടാകില്ലായെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം. ഈമാസം രണ്ടാംതീയതി രജിസ്റ്റർ ചെയ്ത കേസിൽ അടുത്ത കോടതി നടപടികളിലേക്ക് നീങ്ങുന്നതിന് മുൻപ് വൈദികരെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിൻറെ നീക്കം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.