സ്വവർഗരതി കുറ്റമോ? ഒഴിഞ്ഞു മാറി കേന്ദ്രം; കോടതി തീരുമാനിക്കട്ടെ

same-sex-marriage-protest
SHARE

സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. എന്നാല്‍, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സിവില്‍ അവകാശങ്ങള്‍ കോടതിയുടെ പരിഗണനാവിഷയമാകരുതെന്ന് അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. സ്വന്തം ലിംഗത്തില്‍പ്പെട്ടവരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നത് അനുവദിക്കേണ്ടതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് നിരീക്ഷിച്ചു.

സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ആവശ്യത്തില്‍ കോടതിക്ക് യുക്തവും ഉചിതവുമായ തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിച്ചു. എന്നാല്‍, സ്വവര്‍ഗരതി കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പിന്‍റെ സാധുത മാത്രമെ കോടതി പരിശോധിക്കാന്‍ പാടുളളുവെന്ന് അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. 

ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിവാഹം അടക്കം സിവില്‍ അവകാശങ്ങള്‍ സ്ഥാപിച്ചുകൊടുക്കുന്ന കാര്യം പരിഗണിക്കരുത്. കോടതിയില്‍ നിന്ന് അത്തരത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടായാല്‍ സമൂഹത്തില്‍ ഗുരുതരപ്രത്യാഘാതമുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. 

ലൈംഗിക ന്യൂനപക്ഷങ്ങളുടെ സിവില്‍ അവകാശങ്ങളെ കുറിച്ച് ഇപ്പോള്‍ പരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തില്‍ ഉറപ്പാക്കുന്ന വ്യക്തിസ്വാതന്ത്ര്യം എന്ന മൗലികാവകാശം, സ്വന്തം ലിംഗത്തില്‍പ്പെട്ടവരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍ക്കും അനുവദിക്കേണ്ടതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് നിരീക്ഷിച്ചു.

ഇവര്‍ക്ക് നേരേ സദാചാര പൊലീസ് ആക്രമണമുണ്ടാകാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ എണ്ണം പതിനഞ്ച് ലക്ഷമാണെന്നും, ഭരണഘടനാഅവകാശങ്ങള്‍ ഉറപ്പിച്ചുകിട്ടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.