ശമനമില്ലാതെ മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

rain-havoc
SHARE

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു.  ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. പാലക്കാട്  ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. എറണാകുളം ജില്ലയിലെ അംഗനവാടി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ് അവധി. കോളജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധിയില്ല. 

ഇടുക്കി ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് നാളെ അവധിയെന്ന് കലക്ടർ അമിത് മീണ അറിയിച്ചു. ചേർത്തല താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. 

അതേസമയം, കാലവര്‍ഷക്കെടുതിയില്‍ മലപ്പുറത്തും തിരുവനന്തപുരത്തുമായി  ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. വയനാട്ടിലും ആഴപ്പുഴയിലും ദുരിതാശ്വാസക്യാംപുകള്‍ തുറന്നു. വെള്ളിയാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കലാവാസ്ഥ മുന്നറിയിപ്പ്. 

മൂന്നാം ദിവസവും തുടരുന്ന ശക്തമായ മഴയില്‍ അവസാനം പൊലിഞ്ഞത് രണ്ടരവയസുകാരന്‍റെ ജീവനാണ്. മലപ്പുറത്ത് പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ഒഴുക്കില്‍പ്പെട്ടാണ്  ഷാമില്‍ മരിച്ചത്.  തോടിനടുത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. വളാഞ്ചേരി വെട്ടിച്ചിറ ദേശീയപാതയിൽ പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെ ആലപ്പുഴ മാന്നാർ സ്വദേശി മാങ്ങാട്ട് അനിൽകുമാർ വൈദ്യുതാഘാതമേറ്റ് മരിച്ചു. തിരുവനന്തപുരം പുതുക്കുറുച്ചിയില്‍  കടലില്‍  വള്ളംമറിഞ്ഞ് മൽസ്യത്തൊഴിലാളി  സൈറസ് അടിമ  മരിച്ചു. 

ഇടുക്കി മൂലമറ്റം വാഗമണ്‍ റൂട്ടില്‍ ഉരുള്‍പൊട്ടലുണ്ടായെങ്കിലും ആളപായമില്ല.  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 18 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലയിലെത്തി.  കൊച്ചിയില്‍ കെഎസ്ആർടിസി സ്റ്റാന്‍ഡ് പരിസരം ഉള്‍പ്പെടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ആലപ്പുഴയിൽ കനത്ത മഴയിൽ ചേർത്തല, കാർത്തികപ്പളളി താലൂക്കുകളിലായി എട്ടു വീടുകൾ ഭാഗികമായി തകർന്നു.

മണ്ണാര്‍ക്കാട് – അട്ടപ്പാടി ചുരം റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലാണ്. മാനന്തവാടി പാല്‍ചുരത്തിന്‍റെ രണ്ടാംവളവില്‍  റോഡിന് വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്‍കി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.