വനം വകുപ്പിലെ കോടികൾ ഒഴുകിയത് ഏങ്ങോട്ട്? വൃക്ഷത്തൈ വിതരണം ചെയ്തതിൽ ക്രമക്കേട്

Thumb Image
SHARE

പരിസ്ഥിതിദിനത്തില്‍ സൗജന്യമായി വൃക്ഷത്തൈ വിതരണം ചെയ്തതിന് വനം കൃഷി വകുപ്പുകള്‍ക്ക് ചെലവായ തുകയില്‍ കോടികളുടെ വ്യത്യാസം. രണ്ട് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ വനംവകുപ്പ് ആറ് കോടിയിലധികം രൂപ അധികം ചെലവഴിച്ചു. വനംവകുപ്പിനെക്കാള്‍ പകുതി ചെലവിലാണ് കൃഷിവകുപ്പ് ഒരേയിനം തൈകള്‍ കൈമാറിയത്. മൂന്ന് കോടി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഒരു കോടി നാല്‍പത് ലക്ഷം തൈകളാണ് വിതരണം ചെയ്യാനായത്.

കഴിഞ്ഞവര്‍ഷം പരിസ്ഥിതിദിനത്തില്‍ കൃഷിവകുപ്പ് നാല് ലക്ഷത്തി നാല്‍പ്പത്തി ഏഴായിരത്തി നാനൂറ്റി മുപ്പത്തി നാല് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. അന്‍പത്തി രണ്ട് ലക്ഷത്തി എഴുപത്തി രണ്ടായിരത്തി എണ്ണൂറ്റി മുപ്പത്തി ആറ് രൂപ ചെലവായി. ഒരെണ്ണത്തിന് ശരാശരി പതിനൊന്ന് രൂപ. ഇതേദിവസം വനംവകുപ്പ് 66.12 ലക്ഷം തൈകള്‍ കൈമാറി. ഒരു കോടി മുപ്പത്തി ഒന്‍പത് ലക്ഷത്തി തൊള്ളായിരത്തി അറുപത്തി ഒന്ന് രൂപ ചെലവായി. തൈയ്യൊന്നിന് ശരാശരി ഇരുപത്തി ഒന്ന് രൂപ.

ഈവര്‍ഷം കൃഷിവകുപ്പ് വിതരണം ചെയ്തത് പതിനാല് ലക്ഷത്തി അന്‍പത്തി നാലായിരത്തി അറുന്നൂറ്റി അന്‍പത് തൈകളാണ്. ഒരു കോടി നാല്‍പത്തി അഞ്ച് ലക്ഷത്തി നാല്‍പ്പത്തി ആറായിരത്തി അഞ്ഞൂറ് രൂപ ചെലവായി. തൈയ്യൊന്നിന് പത്ത് രൂപയായി. വനംവകുപ്പ് എണ്‍പത്തി ഒന്ന് ലക്ഷം തൈകളാണ് നല്‍കിയത്. പതിനാല് കോടി ചെലവാക്കി. തൈയ്യൊന്നിന് ഇരുപത് രൂപ. ഇത്തവണയും  കൃഷിവകുപ്പിനെക്കാള്‍ ഇരട്ടിചെലവ്. 2017 ല്‍ ഒരു കോടിയും 2018 ല്‍ രണ്ട് കോടിയും തൈകള്‍ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ പകുതിയാണ് വിതരണം ചെയ്തത്. സ്വന്തമായി തൈകള്‍ പാകപ്പെടുത്തുന്ന നിരവധി കേന്ദ്രങ്ങളുണ്ടായിരുന്നിട്ടും വനംവകുപ്പിന് കോടികളുടെ അധികച്ചെലവ് എങ്ങനെയുണ്ടായെന്ന സംശയമാണ് അവശേഷിക്കുന്നത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.