നെൽവയൽ നീർത്തട സംരക്ഷണ ബിൽ സഭയിൽ; സിപിഐയും സിപിഎമ്മും രണ്ടുതട്ടിൽ

Thumb Image
SHARE

സ്വകാര്യപദ്ധതികള്‍ക്കായി വയല്‍നികത്തുന്നതില്‍ സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടില്‍ നില്‍ക്കുന്നതിനിടെ, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍. വയല്‍ നികത്തുന്നത് സര്‍ക്കാര്‍ പദ്ധതികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തി ഔദ്യോഗിക ഭേദഗതി കൊണ്ടുവരാനാണ് സി.പി.ഐയുടെ ശ്രമം. ഭരണപക്ഷത്തെ അഭിപ്രായവ്യത്യാസം മുതലെടുക്കാന്‍ പ്രതിപക്ഷവും രംഗത്തെത്തുന്നതോടെ, സഭ പ്രക്ഷുബ്ധമായേക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനായിരുന്നു സി.പി.എമ്മിന്റെ ശ്രമം. എന്നാല്‍ സി.പി.ഐ കര്‍ശനനിലപാടെടുത്തതോടെ മുഖ്യമന്ത്രിയും സി.പി.എമ്മും പിന്‍വാങ്ങി. നിയമം അട്ടിമറിക്കാനുള്ള ശ്രമം ഇനിയുമുണ്ടാകുമെന്നു കണ്ടാണ് ഔദ്യോഗിക ഭേദഗതി കൊണ്ടുവരാനുള്ള സി.പി.ഐ തീരുമാനം. സര്‍ക്കാര്‍ കാലാകാലങ്ങളായി നിശ്ചയിക്കുന്ന മറ്റു പദ്ധതികള്‍ക്ക് വയല്‍ നികത്താന്‍ അനുമതി നല്‍കാമെന്ന വ്യവസ്ഥയില്‍, സര്‍ക്കാര്‍ കാലാകാലങ്ങളായി നിശ്ചയിക്കുന്ന മറ്റു സര്‍ക്കാര്‍ പദ്ധതികള്‍ക്ക് എന്നാക്കി മാറ്റും. സഭയില്‍ വരുന്നതിനു മുന്‍പുതന്നെ മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്ത് സമവായത്തിലെത്താന്‍ മന്ത്രി ഇ.ചന്ദ്രശേഖരനെ സി.പി.ഐ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സി.പി.ഐയുമായി രമ്യതയിലെത്തിയാലും പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും സി.പി.എമ്മിന് നേരിടേണ്ടി വരും.  സബ്ജക്ട് കമ്മിറ്റിയിലെ യു.ഡി.എഫ് അംഗങ്ങളായ അടൂര്‍പ്രകാശ്, പി.ബി.അബ്ദുള്‍ റസാഖ്, എം.ഉമ്മര്‍ എന്നിവരുടെ വിയോജനക്കുറിപ്പോടെയാണ് ബില്‍ നിയമസഭയില്‍ വരുന്നത്. വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു പുതിയ വിഭാഗം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കും. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഭൂമിയും വിജ്ഞാനം ചെയ്യപ്പെടാതെ കിടക്കുന്നതിനാല്‍ ഈ പഴുത് ഉപയോഗിച്ച് നെല്‍വയലുകളും നീര്‍ത്തടങ്ങളും യഥേഷ്ടം നികത്താനാകുമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.