പാനമയെ ഗോൾ സുനാമിയിൽ മുക്കി ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ; ഹാരി കെയിന് ഹാട്രിക്

harry-kane-england-4
SHARE

ലോകകപ്പ് ഫുട്ബോളിൽ പാനമയെ ഗോൾമഴയിൽ മുക്കി ഇംഗ്ലണ്ട്. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ജയത്തോടെ ഇംഗ്ലണ്ട്  ഗ്രൂപ്പ് ജി യിൽ നിന്ന് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. പാനമ പുറത്തായി. നായകൻ ഹാരി കെയിന്റെ ഹാട്രിക്ക് മികവിലാണ് ഇംഗ്ലണ്ട് കുതിപ്പ്. ഇതോടെ അഞ്ചു ഗോളുകളുമായി ഈ ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഹാരി കെയ്ൻ ഒന്നാമത്. റൊണാൾഡോ, ലുക്കാകു എന്നിവരാണ് നാലു വീതമടിച്ച് രണ്ടാം സ്ഥാനത്തുള്ളത്.

എട്ടാം മിനിറ്റിൽ ജോൺ സ്റ്റോൺസിന്റെ ബുള്ളറ്റ് ഹെഡ്ഡർ ഗോളിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്.  ഇരുപത്തി രണ്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പെനല്‍റ്റിയിലൂടെയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഗോള്‍ നേടിയത്. ബോക്സിനുള്ളില്‍ ജെസ്സെ ലിംഗാര്‍ഡിനെ വീഴ്ത്തിയതിനാണ് പെനല്‍റ്റി അനുവദിച്ചത്. 

ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്ന് ഗോൾനീക്കത്തിന്റെ തുടക്കം. കീറൻ ട്രിപ്പിയർ ഉയർത്തിവിട്ട പന്തിനെ തലകൊണ്ടു ചെത്തി പാനമ വലയിലേക്കു വിടുകയായിരുന്നു സ്റ്റോൺസ്. പ്രതിരോധനിരയുടെ മാർക്കിങ്ങിൽ നിന്ന് ഒഴിഞ്ഞ് നിന്ന് സ്റ്റോൺസ് തൊടുത്ത ഹെഡ്ഡറിനുമുന്നിൽ പാനമ ഗോളിക്ക് നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. 

36 ാം മിനിറ്റില്‍ ജെസ്സെ ലിംഗാര്‍ഡ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളും  40ാം മിനിറ്റില്‍ ജോണ്‍ സ്റ്റോണ്‍സ് നാലാം ഗോളും നേടി.  ആദ്യകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഹാരികെയ്ൻ ഗോളാക്കി മാറ്റിയതോടെ ഇംഗ്ലണ്ടിന്റെ ലീഡ് അഞ്ചാക്കി.  

ഇംഗ്ലണ്ടിന് അനുകൂലമായ കോർണർ കിക്ക് എടുക്കുന്നതിനിടെ പാനമ ബോക്സിനുള്ളിൽ ക്യാപ്റ്റൻ ഹാരി കെയ്നെ വലിച്ചു താഴെയിടുന്ന ഗോഡോയ്. ഇംഗ്ലണ്ടിന് പെനൽറ്റി. തുടർച്ചയായ രണ്ടാം പെനൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് കെയ്ൻ. 

62–ാം മിനിറ്റിൽ ഹാരി കെയ്ൻ ഹാട്രിക് പൂർത്തിയാക്കുന്നു. ആദ്യ രണ്ടു ഗോളുകൾ പെനൽറ്റിയിൽനിന്നെങ്കിൽ, ഇക്കുറി അൽപം ഭാഗ്യത്തിന്റെ കൂടി അകമ്പടി. ലോഫ്ടസ് ചീക്കിന്റെ ഗോൾ ലക്ഷ്യമാക്കിയുള്ള കിക്ക് കെയ്നിന്റെ കാലിൽത്തട്ടി വലയിലേക്ക്. ഭാഗ്യത്തിന്റെ അകമ്പടിയുള്ള ഗോൾ. കെയ്ന് ഹാട്രിക്ക്. ഈ ലോകകപ്പില്‍ ഹാരി കെയ്ന്റെ അഞ്ചാമത്തെ ഗോളാണിത്. 

78-ാം മിനിറ്റിൽ ഫിലിപെ ബലോയ് ഗോൾ മടക്കി. ലോകകപ്പ് ചരിത്രത്തില്‍ പാനമയുടെ ആദ്യ ഗോള്‍കൂടിയായിരുന്നു ഇത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.