താമരശ്ശേരിയില്‍ മണ്ണിടിഞ്ഞ് മരണം മൂന്നായി; മരിച്ചത് മൂന്ന് കുട്ടികള്‍

kattippara-landslide
SHARE

കോഴിക്കോട് താമരശേരി കരിഞ്ചോലയില്‍ വീടിനു മുകളില്‍ മണ്ണ് വീണ് മൂന്നുകുട്ടികള്‍ മരിച്ചു. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍നയും മകനും ജാഫിറിന്‍റെ മകനുമാണ് മരിച്ചത്.  മൂന്നുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണ്. 10 പേരെ കാണാനില്ലെന്നും വിവരമുണ്ട്. ഉള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന സൂചനയെത്തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാണ്. പ്രദേശത്ത് അഞ്ചുവീടുകള്‍ തകര്‍ന്നു. ഹസന്‍, അബ്ദുല്‍സലീം എന്നിവരുടെ കുടുംബങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പും ഇതിനിടെ പുറത്തുവന്നു. നാലുമീറ്റര്‍ വരെ ഉയരത്തില്‍ തീരമാലകള്‍ക്കും സാധ്യത. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റുണ്ടാകും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. 

വയനാട് ആറാംവയലിലും വീടിനുമുകളില്‍ മണ്ണിടിഞ്ഞു. ഇവിടെ രണ്ടുപേരെ രക്ഷപ്പെടുത്തി. മലഞ്ചെരിവിലെ താമസക്കാര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറണമെന്ന് കലക്ടര്‍ യുവി ജോസ് അഭ്യര്‍ത്ഥിച്ചു. മലപ്പുറം ഒതായി ചോലോറ മലയിലും ഉരുള്‍പൊട്ടലുണ്ട്. ഇവിടെ ആളപായമില്ല. 

വടക്കന്‍ കേരളത്തെ പിടിച്ചുലച്ച് തോരാമഴയും ഉരുള്‍പൊട്ടലും തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടം.   താമരശേരിയിലും കക്കയത്തുമായി നാലിടത്ത് ഉരുള്‍പൊട്ടി. മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. കക്കാടംപൊയിലിലും ആനക്കാംപൊയിലിലും കൂടരഞ്ഞി കുളിരാമുട്ടിയിലിലും മണ്ണിടിച്ചിലുണ്ടായി നിരവധി പേരുടെ ജീവിതം ഭീതിയിലായി. വയനാട് വെള്ളമുണ്ട വാളാരംകുന്നിലും ഉരുള്‍പൊട്ടി. 

ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്്ക്കാന്‍ കോഴിക്കോട് കലക്ടര്‍ ഉത്തരവിട്ടു. പൊരിങ്ങല്‍കുത്ത് ഡാം തുറന്നു. മംഗലം, കക്കയം ഡാമുകള്‍ ഉടന്‍ തുറക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.