താമരശേരിയിൽ ഉരുള്‍പൊട്ടലിൽ അഞ്ച് മരണം, അടിയന്തരനടപടിയ്ക്കു മുഖ്യമന്ത്രിയുടെ നിർദേശം

landslide-thamarassery
SHARE

കാലവര്‍ഷക്കെടുതിയില്‍ വിറങ്ങലിച്ച് കോഴിക്കോട് ജില്ല. താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടി വീടുകള്‍ തകര്‍ന്ന്  അഞ്ചുപേര്‍ മരിച്ചു. 9 പേരെ കാണാനില്ല. അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍, മുഹമ്മദ് ഷഹബാസ് എന്നിവരും അബ്ദുറഹ്മാന്‍,  ജാഫിറിന്റെ മകന്‍ മുഹമ്മദ് ജാസിം എന്നിവരുമാണ് മരണമടഞ്ഞവര്‍. കാണാതായവരുടെ എണ്ണത്തില്‍ അവ്യക്തതയുണ്ട്. കരിഞ്ചോലയില്‍ ആകെ അഞ്ചുവീടുകളാണ് തകര്‍ന്നത്. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും  മണ്ണിനടിയിലാണ്. ഇവിടെ നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി കോഴിക്കോട് ജില്ലാ കലക്ടര്‍ ദേശീയദുരന്തനിരവാരണ സേനയുടെ സഹായം തേടി .

തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പും ഇതിനിടെ പുറത്തുവന്നു. നാലുമീറ്റര്‍ വരെ ഉയരത്തില്‍ തീരമാലകള്‍ക്കും സാധ്യത. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റുണ്ടാകും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. 

വയനാട് ആറാംവയലിലും വീടിനുമുകളില്‍ മണ്ണിടിഞ്ഞു. ഇവിടെ രണ്ടുപേരെ രക്ഷപ്പെടുത്തി. മലഞ്ചെരിവിലെ താമസക്കാര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറണമെന്ന് കലക്ടര്‍ യുവി ജോസ് അഭ്യര്‍ത്ഥിച്ചു. മലപ്പുറം ഒതായി ചോലോറ മലയിലും ഉരുള്‍പൊട്ടലുണ്ട്. ഇവിടെ ആളപായമില്ല. 

വടക്കന്‍ കേരളത്തെ പിടിച്ചുലച്ച് തോരാമഴയും ഉരുള്‍പൊട്ടലും തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടം.   താമരശേരിയിലും കക്കയത്തുമായി നാലിടത്ത് ഉരുള്‍പൊട്ടി. മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. കക്കാടംപൊയിലിലും ആനക്കാംപൊയിലിലും കൂടരഞ്ഞി കുളിരാമുട്ടിയിലിലും മണ്ണിടിച്ചിലുണ്ടായി നിരവധി പേരുടെ ജീവിതം ഭീതിയിലായി. വയനാട് വെള്ളമുണ്ട വാളാരംകുന്നിലും ഉരുള്‍പൊട്ടി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്്ക്കാന്‍ കോഴിക്കോട് കലക്ടര്‍ ഉത്തരവിട്ടു. പൊരിങ്ങല്‍കുത്ത് ഡാം തുറന്നു. മംഗലം, കക്കയം ഡാമുകള്‍ ഉടന്‍ തുറക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  

നാശനഷ്ടമുണ്ടായ മേഖലകളിൽ കൂടുതല്‍ സഹായമെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രദുരന്തനിവാരണസേനയുെട ഒരു സംഘത്തെക്കൂടി എത്തിക്കും. അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും നിര്‍ദേശം നൽകി.  പൂര്‍ണപിന്തുണ നല്‍കാന്‍ അഗ്നിശമനസേനക്കും പൊലീസിനും മുഖ്യമന്ത്രി നിര്‍ദേശം നൽകി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.