ഗണേഷിനെതിരെ നിസ്സാര കുറ്റം; തല്ല് കിട്ടിയവന് ജാമ്യമില്ലാ വകുപ്പ്, പൊലീസിന്റെ ‘തനിസ്വഭാവം’

ganesh-crime
SHARE

കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച കേസില്‍ പൊലീസിന്റെ അനീതി.   പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മയ്ക്കുമെതിെര  ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പൊലീസ് എംഎല്‍എയ്ക്കെതിരെ എടുത്ത കേസില്‍ നിസാര കുറ്റങ്ങള്‍ മാത്രം. മാരകായുധം കൊണ്ട് ദേഹോപദ്രവമേല്‍പിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അനന്തകൃഷ്ണനും ഷീനയ്ക്കുമെതിരെയുള്ളത്. ആദ്യം പരാതി നല്‍കിയത് അനന്തകൃഷ്ണനായിട്ടും   ആദ്യകേസ് എംഎല്‍എയുടെ പരാതിയിലെടുത്തപൊലീസ് ഇവിടെയും അനീതി കാട്ടി. 

യുവാവിനെ നടുറോഡിലിട്ടു തല്ലി, അമ്മയ്ക്ക് അസഭ്യവർഷവും ഭീഷണിയും

കൊല്ലം അഞ്ചലിൽ വീതികുറഞ്ഞ റോഡിൽ കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു കെ.ബി.ഗണേഷ്കുമാർ എംഎൽഎയും ഡ്രൈവറും ചേർന്നു യുവാവിനെ അമ്മയുടെ മുന്നിൽ റോഡിലിട്ടു തല്ലിയത്. അമ്മയെ അസഭ്യം പറഞ്ഞു. അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ അനന്തകൃഷ്ണൻ (22), അമ്മ ഷീന എന്നിവരാണ് എംഎൽഎയുടെ ക്രൂരതയ്ക്ക് ഇരയായത്. പരുക്കേറ്റ അനന്തകൃഷ്ണനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെയാണു സംഭവം. അഗസ്ത്യക്കോട് ശബരിഗിരി സ്കൂളിനു സമീപം മരണവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഗണേഷ്കുമാർ. അതേവീട്ടിലേക്കു പോകുകയായിരുന്നു അനന്തകൃഷ്ണനും ഷീനയും. വീടിനു സമീപത്തെ ഇടറോഡിൽ എംഎൽഎയുടെയും അനന്തകൃഷ്ണന്റെയും കാറുകൾ മുഖാമുഖം എത്തി. എംഎൽഎയുടെ കാർ അൽപം പിന്നോട്ട് എടുത്താൽ ഇരു വാഹനങ്ങൾക്കും കടന്നുപോകാൻ ഇടം ലഭിച്ചേനെ. എന്നാൽ ഡ്രൈവർ ശാന്തൻ കാർ പിന്നോട്ടെടുക്കാൻ കൂട്ടാക്കിയില്ല. ഇതോടെ അനന്തകൃഷ്ണൻ തന്റെ കാർ പിന്നോട്ടെടുത്ത് ഒരു വീടിന്റെ മുറ്റത്തേക്കു കയറ്റിയാണ് എംഎൽഎയ്ക്കു വഴിയൊരുക്കിയത്.

ganesh-kumar-attack-case

കാർ അൽപം പിന്നോട്ട് എടുത്തിരുന്നെങ്കിൽ ഇത്ര ബുദ്ധിമുട്ടണമായിരുന്നോ എന്നു ഷീന വാഹനത്തിൽ ഇരുന്ന് എംഎൽഎയുടെ ഡ്രൈവറോട് ചോദിച്ചതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. വാഹനത്തിൽനിന്ന് ഇറങ്ങിയ ഗണേഷ്കുമാർ ഷീനയെ അസഭ്യം പറയുകയും അനന്തകൃഷ്ണനെ കാറിൽനിന്നു പിടിച്ചിറക്കി തല്ലുകയും ചെയ്തെന്നാണു പരാതി. ഇതിനിടെ ഡ്രൈവറും അനന്തകൃഷ്ണനെ ഇടിച്ചു. സംഭവമറിഞ്ഞ് ആളുകൾ കൂടിയപ്പോഴേക്കും എംഎൽഎയും ഡ്രൈവറും സ്ഥലംവിട്ടു. 

അഞ്ചൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രഥമശുശ്രൂഷ നൽകിയശേഷമാണ് അനന്തകൃഷ്ണനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗണേഷ്കുമാറിനും ഡ്രൈവർക്കും എതിരെ പൊലീസ് കേസെടുത്തു. മർദനമേറ്റ അനന്തകൃഷ്ണനെതിരെയും കേസെടുത്തിട്ടുണ്ട്. മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് ഗണേഷ്കുമാറിനെതിരെ കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണു ചുമത്തിയത്. എംഎൽഎയുടെ കാർ തടഞ്ഞ് അസഭ്യം പറഞ്ഞതിനാണ് അനന്തകൃഷ്ണന്റെ പേരിൽ കേസ്. 

ganesh-1

മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗണേഷ്കുമാർ പറഞ്ഞു. കാറിനു സൈഡ് തരാൻ ആവശ്യപ്പെട്ടപ്പോൾ യുവാവാണ് അസഭ്യം പറഞ്ഞത്. എംഎൽഎയ്ക്ക് കൊമ്പുണ്ടോയെന്ന മട്ടിലായിരുന്നു ചോദ്യമെന്നും ഗണേഷ്കുമാർ പറഞ്ഞു. യുവാവിനു മർദനമേറ്റെന്ന പരാതിയെ തുടർന്നു പ്രതിഷേധം ശക്തമായതോടെ ഗണേഷ്കുമാറിന്റെ പത്തനാപുരത്തെ വീടിനു സുരക്ഷ വർധിപ്പിച്ചതായി പൊലീസ് അറിയിച്ചു. 

ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കെടാ, ഭരണം എന്റെ കൈകളിൽ... 

അഞ്ചൽ ∙ ‘സർ, കാർ അൽപം പുറകോട്ട് എടുത്താൽ ഇത്ര ബുദ്ധിമുട്ടേണ്ടി വരുമായിരുന്നോ ’എന്നു താൻ ചോദിച്ചതു കേട്ടു കാറിൽനിന്ന് ഇറങ്ങിയ ഗണേഷ്കുമാർ തന്നെ അസഭ്യം പറഞ്ഞെന്നു ഷീന. ‘‘അറയ്ക്കുന്ന വാക്കുകൾ കേട്ട് ഞാൻ ഞെട്ടിത്തരിച്ചിരിക്കെ എന്റെ മോനു നേരെ ആക്രമണം തുടങ്ങി. അവനെ കാറിൽനിന്നു വലിച്ചിറക്കി, താക്കോൽ എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നു റോഡിലിട്ടു തല്ലി. 

പാഞ്ഞെത്തിയ ഡ്രൈവറും തല്ലിയതോടെ മോൻ അവശനിലയിലായി. ഗണേശൻ ആക്രോശം തുടർന്നു. ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കെടാ, ഭരണം എന്റെ കൈയിലാണ്. നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല... എന്നു പറഞ്ഞശേഷം വീണ്ടും ചീത്തവിളിച്ചു’’– ഞെട്ടൽ വിട്ടുമാറാതെ ഷീന പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.