എല്ലാ ബാറുംപൂട്ടിയത് ഉമ്മന്‍ചാണ്ടിക്ക് എന്നോടുള്ള അസൂയ; ആരുപറഞ്ഞു എല്ലാം പൂട്ടാന്‍

sudheeran
SHARE

ഉമ്മന്‍ചാണ്ടി തന്‍റെ നേതാവെന്ന് ആവര്‍ത്തിച്ച്, ചരിത്രത്തിലെ ഏറ്റവും വലിയ വിമര്‍ശന ശരങ്ങളെയ്ത് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. പ്രസിഡന്‍റായ കാലത്തെ അനുഭവങ്ങള്‍ എണ്ണിപ്പറഞ്ഞ് നടത്തിയ ദീര്‍ഘ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തിപരവും രാഷ്ട്രീയവുമായ വിമര്‍ശനങ്ങള്‍ നിറഞ്ഞു. 

താന്‍ വന്നത് ഇഷ്ടപ്പെട്ടില്ല

ഉമ്മന്‍ ചാണ്ടിക്കെതിരെ പേരെടുത്തുപറഞ്ഞാണ് ഗുരുതര ആരോപണങ്ങളുമായി വിഎം സുധീരന്‍ രംഗത്തെത്തിയത്. താന്‍ കെപിസിസി പ്രസിഡന്റായത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല. വീട്ടില്‍ പോയി കണ്ടിട്ടും നീരസം പ്രകടിപ്പിച്ചു. ചുമതലയേറ്റെടുത്ത ചടങ്ങില്‍ മനപൂര്‍വ്വമാണ് അദ്ദേഹം വരാഞ്ഞത്. ക്രൂരതയോടെയുള്ള നിസംഗതയാണ് അദ്ദേഹം കാണിച്ചത്.  തന്‍റെ ജനരക്ഷാ യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ജാഥാനായകന്റെ പേര് പരാമര്‍ശിക്കാന്‍ മടിച്ചു. രണ്ടാമത്തെ യാത്രയില്‍ തന്‍റെ പേര് പറയാന്‍ പോലും അദ്ദേഹം മടിച്ചെന്നാണ് തന്‍റെ ഓര്‍മയെന്നും സുധീരന്‍ തുറന്നടിച്ചു. സമാപനത്തില്‍ രണ്ട് ഗ്രൂപ്പ് നേതാക്കളും വേണ്ടത്ര സഹകരിച്ചില്ല. എന്നിട്ടും ശംഖുമുഖം നിറഞ്ഞുകവിഞ്ഞത് അഭിമാനകരമായ നേട്ടമായിരുന്നുവെന്നും സുധീരന്‍ ഓര്‍മിച്ചു.  

വിഴിഞ്ഞം പദ്ധതി കരാര്‍ നടപ്പാക്കിയതിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ സുധീരൻ രൂക്ഷ വിമർശനമുയർത്തി. എല്ലാ വശങ്ങളും  ചര്‍ച്ച ചെയ്തുമാത്രം കരാറെന്ന എഐസിസി നിര്‍ദേശം ഉമ്മന്‍ ചാണ്ടി അവഗണിച്ചു. വികസനത്തിന്റെ പേരില്‍ സംസ്ഥാനതാല്‍പര്യങ്ങള്‍ ബലികഴിച്ച് അദാനിയുടെ താല്‍പര്യമാണ് സംരക്ഷിക്കപ്പെട്ടതെന്നും സുധീരന്‍ ആരോപിച്ചു.  

ആരു പറഞ്ഞു എല്ലാ ബാറും പൂട്ടാന്‍..?

മദ്യനയമാണ് തോല്‍വിക്ക് കാരണമെന്ന് എ ഗ്രൂപ്പിലെ ചിലര്‍ പറഞ്ഞു.  ഞാന്‍ നിയമംപാലിക്കാത്ത ബാറുകള്‍ മാത്രമാണ് പൂട്ടാന്‍ പറഞ്ഞത്. എല്ലാംകൂടി പൂട്ടാന്‍ പറഞ്ഞിട്ടില്ല. ബാറുകള്‍ ഉമ്മന്‍ ചാണ്ടി പൂട്ടിയത് തനിക്ക് ലഭിച്ച ജനപിന്തുണയിലെ  അസൂയമൂലമാണ്. പ്രതിപക്ഷം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നില്ലെന്നും സുധീരന്‍ വിമര്‍ശിച്ചു. കോവളം കൊട്ടാരം, ഹാരിസണ്‍ വിഷയങ്ങളില്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല. 

ചാടിവീണ രണ്ടുപേര്‍

ഇന്നലെ കെപിസിസി യോഗത്തില്‍ അവസാനം താന്‍ സംസാരിക്കുമ്പോള്‍ ജൂനിയറായ രണ്ടുപേര്‍ ചാടിവീഴുകയാണ്. ആ രണ്ട് യുവ സുഹൃത്തുക്കളുടെ നടപടി എന്‍റെ മനസസിന് ഏറ്റവും വിഷമമുണ്ടാക്കി.  ആ ആഘാതത്തിലാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രാജിയെപ്പറ്റി പറയേണ്ടിവന്നത്– സുധീരന്‍ പറഞ്ഞു.

ഹിമാലയന്‍ ബ്ലണ്ടര്‍

പരസ്യവിലക്കിന് ശേഷവും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചും അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് വിഎം സുധീരന്‍റെ തുറന്നടി.  കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. യുപിഎയ്ക്ക് ലോക്സഭയില്‍ സീറ്റ് കുറയുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. ഇത് ബിജെപിക്ക് നേട്ടമാകുന്നത് കാണാതിരിക്കാനില്ല. സാമാന്യബുദ്ധിയുള്ള ഒരു രാഷ്ട്രീയനേതൃത്വവും ഇങ്ങനെ തീരുമാനിക്കില്ലെന്നും രാഹുലിന്റെ പരിശ്രമങ്ങളെ കേരളത്തിലെ നേതാക്കള്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും സുധീരന്‍ ആരോപിച്ചു. 

തോല്‍വിക്ക് കാരണം താനല്ല, ഗ്രൂപ്പുതന്നെ

തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പ് മാനേജര്‍മാരാണ്. തന്റെ പ്രസ്താവനകളല്ല അതിന് വഴിവെച്ചത്. ത്രിതല പഞ്ചായത്തില്‍ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചവര്‍ സ്ഥാനാര്‍ഥികളായില്ല. അന്നത്തെ സ്പര്‍ധ നിയമസഭാ തിര‍ഞ്ഞെടുപ്പിനെയും ബാധിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്താല്‍ എട്ടുസീറ്റ് പോയി.  കാലുവാരി 11 സീറ്റ് പോയി. ഡൊമിനിക് പ്രസന്റേഷനു പകരം ടോണി ചമ്മിണി മല്‍സരിച്ചെങ്കില്‍ ജയിച്ചേനെയെന്നും സുധീരന്‍ പറഞ്ഞു. 

ഇത് ഒളിയജന്‍ഡ

സീറ്റ് നല്‍കിയതില്‍ ഒളി അജന്‍ഡയുണ്ടെന്ന് വ്യക്തമാക്കിയ സുധീരന്‍, കോണ്‍ഗ്രസുകാര്‍ക്ക് സീറ്റ് കിട്ടരുതെന്ന താല്‍പര്യമാണ് മുന്തിനിന്നതെന്നും ആവര്‍ത്തിച്ചു. 

പരസ്യപ്രസ്താവന വിലക്ക് ഒറ്റമൂലിയല്ലെന്നും തെറ്റു പറ്റിയാല്‍ തുറന്നു സമ്മതിക്കണമെന്നും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ ഓര്‍മിപ്പിച്ചു. താന്‍ വിലക്കിയ അന്ന് ഹസന്‍ പത്രസമ്മേളനം നടത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിയായിരിക്കെ രാജിവച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തി. ഹസന്‍ ഇന്നലെ യോഗത്തില്‍ വിലക്കിന്‍റെ കാര്യം പറഞ്ഞപ്പോള്‍ അതേ മൈക്കില്‍ താന്‍ ഇതൊന്നും നടപ്പാകില്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മാണി ചാ​ഞ്ചാട്ടക്കാരന്‍

മാണി ചാഞ്ചാട്ടക്കാരനെന്നും സുധീരന്‍ ആവര്‍ത്തിച്ചു. സമദൂരം പറയുന്ന മാണി ബിജെപിയുടെ കൂടെ കൂടില്ലെന്ന് ഉറപ്പുണ്ടോയെന്നും സുധീരന്‍ ചോദിച്ചു. ആര്‍എസ്പിക്ക് സീറ്റ് നല്‍കിയപ്പോള്‍ യുപിഎയ്ക്ക് പിന്തുണ ഉറപ്പാക്കിയിരുന്നു. എല്ലാവരുമായും ചര്‍ച്ച ചെയ്തുവെന്നും അന്ന് ആരും പ്രതിഷേധിച്ചില്ലെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.