‘തോല്‍വിയറിയാത്ത’ കോച്ചിനെ സ്പെയിൻ പുറത്താക്കി‍; ഞെട്ടി ആരാധകര്‍

spain-coach
SHARE

ലോകകപ്പ് കിക്കോഫിന് ഒരു ദിവസം മാത്രം ശേഷിക്കെ, സ്പാനിഷ് കോച്ച് ജുലന്‍ ലോപ്ടെജ്യുയിയെ പുറത്താക്കി. ദേശീയ ടീമുമായി കരാര്‍ നിലനില്‍ക്കെ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡുമായി കരാറിലെത്തിയതിനെ തുടര്‍ന്നാണ്  നടപടി. റഷ്യയില്‍ കപ്പുയര്‍ത്താന്‍ സാധ്യത കല്‍പിക്കപ്പെട്ടവരില്‍ മുന്‍നിരയിലുള്ള സ്പാനിഷ് ടീമിനെ കടുത്ത സമ്മര്‍ദത്തിലാക്കുന്നതാണ് ഫുട്ബോള്‍ ഫെഡറേഷന്റെ നടപടി. ജുലന്‍ ചുമതലയേറ്റശേഷം ഒറ്റ മല്‍സരത്തിലും ടീം തോറ്റിട്ടില്ല.

ലോകകപ്പിന് ശേഷം യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ പരിശീലകനായി ജുലന്‍ ലോപ്ടെജ്യുയി ചുമതലയേല്‍ക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. സിനദീന്‍ സിദാന് പകരക്കാനായി സ്ഥാനമേല്‍ക്കുന്ന കാര്യം റയല്‍ മഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് അഞ്ചു മിനിറ്റ് മുന്‍പ് മാത്രമാണ് ലോപ്ടെജ്യുയി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനെ ഇക്കാര്യം അറിയിച്ചത്.  

ഇതാണ് പുറത്താക്കലിന് വഴിയൊരുക്കിയത്. 2020 വരെ സ്പെയിന്‍ ദേശീയ ടീമുമായി കരാറുണ്ടായിരുന്ന ലോപ്ടെജ്യുയിയെ പുറത്താക്കാന്‍ നിര്‍ബന്ധിതമായെന്നാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ വിശദീകരണം. സ്പെയിന്‍ അണ്ടര്‍19, അണ്ടര്‍21 ടീമുകളെ യൂറോ ചാംപ്യന്‍മാരാക്കിയ ലോപ്ടെജ്യുയിയെ സീനിയര്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത് 2016ലാണ്. സ്പെയിന്‍ ദേശീയ ടീമിന്റേയും ബാര്‍സിലോന, റയല്‍ മഡ്രിഡ് ക്ലബുകളുടേയും മുന്‍ ഗോള്‍കീപ്പറാണ്. സഹപരിശീലകനായ പാബ്ലോ സാന്‍സ് പകരം ചുമതലയേല്‍ക്കുമെന്നാണ് സൂചന.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.