കനത്തമഴ തുടരുന്നു; പാലക്കാട്ടും കോഴിക്കോടും കണ്ണൂരിലും ഉരുള്‍പൊട്ടൽ

rain-kerala1
SHARE

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. പാലക്കാട്ടും കോഴിക്കോടും കണ്ണൂരിലും ഉരുള്‍പൊട്ടി.  മലയോരമേഖലകളില്‍ വ്യാപകാനാശനഷ്ടം.  ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.  എറണാകുളം കോതമംഗലം - ഭൂതത്താൻകെട്ട് ഇടമലയാർ റോഡിൽ കലുങ്ക് ഇടിഞ്ഞ് വീണതോടെ  രണ്ട് ആദിവാസിക്കുടികളും വടാട്ടുപാറയിലെ പതിനായിരത്തോളം പ്രദേശവാസികളും ഒറ്റപ്പെട്ടു. തിരുവല്ലയിലും കണ്ണൂരിലുമായി രണ്ടുപേര്‍ മരിച്ചു. മലപ്പുറത്ത് ബോട്ട് മുങ്ങി ഒരാളെ കാണാതായി. രണ്ടുദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ വനത്തിനുളളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇതേതുടര്‍ന്നുണ്ടായ മലവെളളപ്പാച്ചിലില്‍  പുല്ലൂരാന്‍പാറ, ആനയ്ക്കാംപൊയില്‍,  തുഷാരഗിരി എന്നിവിടങ്ങളിലെ ജനവാസമേഖലകളില്‍ വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായി.  തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലായി മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായി.  100 ഹെക്ടറലധികം കൃഷി നശിച്ചു.   

മേഖലയിലെ അഞ്ചൂറുപേരെ അഞ്ച്   ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.  മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശംനല്കിയിട്ടുണ്ട്.  കണ്ണൂര്‍ ഇരിട്ടി അയ്യന്‍കുന്നിലും കർണാടക ബ്രഹ്മഗിരി വനമേഖലയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. അഞ്ചു വീടുകളും ഏക്കർ കണക്കിന് കൃഷിഭൂമിയും നശിച്ചു. 13 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.  ചെറുപുഴയിലും വീടുകള്‍ക്ക് നാശമുണ്ടായി. തലശേരി –മൈസൂരു അന്തർസംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു. കണ്ണൂരിൽനിന്ന് മൈസൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാനന്തവാടി വഴി തിരിച്ചുവിട്ടു. ഇരിട്ടി മക്കൂട്ടം ചുരത്തില്‍ മരം ലോറിക്ക് മുകളില്‍ വീണ് ചെങ്കല്‍ തൊഴിലാളിയായ പേരട്ട സ്വദേശി ശരത് മരിച്ചു. 

പാലക്കാട് കല്ലടിക്കോട് പാലക്കയം മേഖലയിൽ ഉരുൾപൊട്ടി രണ്ട് വീടുകൾ ഭാഗീകമായി തകർന്നു. വ്യാപകമായി റബ്ബർമരങ്ങൾ കടപുഴകി വീഴുകയും മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തു. വയനാട് പലയിടത്തും കനത്ത മഴ തുടരുന്നു. കാവുംമന്ദത്ത് തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൂടുതല്‍ കുടുംബങ്ങളെത്തി. മഴകനത്തതോടെ മലപ്പുറം നിലമ്പൂര്‍ താലൂക്കില്‍ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  അവധി നല്‍കി.  വിദ്യാര്‍ഥികള്‍  എത്തിയശേഷം പത്തുമണിയോടെയാണ് അവധി പ്രഖ്യാപിച്ചത്.  പൊന്നാനി അഴിമുഖത്ത് ഫൈബര്‍ ബോട്ട് മുങ്ങി  പാനൂര്‍ സ്വദേശി ഹംസയെ കാണാതായി. തിരുവല്ല നിരണത്ത്  ഇന്നലെ രാത്രി മീന്‍പിടിക്കുന്നതിനിടെ വെളളത്തില്‍ വീണ കൊല്ലതാഴ്ചയിൽ ഷെരീഫ് മുങ്ങിമരിച്ചു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.