‘കൊല’വിളി: ഗണേഷ്കുമാറിനെതിരെ കേസെടുത്തു; യുവാവിനെതിരെയും കേസ്

ganesh-case
SHARE

വാഹനത്തിന് സൈഡ് കൊടുക്കാതിരുന്നതിനെച്ചൊല്ലി യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്കുമാറിനെതിരെ കേസെടുത്തു. മര്‍ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കൊല്ലം അഞ്ചല്‍ പൊലീസ്  കേസെടുത്തത്. വാഹനത്തിന് വഴിയൊരുക്കാത്തതിന് മര്‍ദിച്ചെന്നാണ് പരാതി. കൊന്നുകളയുമെടാ എന്ന് ഗണേഷ് ആക്രോശിച്ചതായും യുവാവ് പരാതിയില്‍ ആരോപിച്ചു. 

ഒപ്പമുണ്ടായിരുന്ന അമ്മയെ ആക്ഷേപിച്ചെന്നും മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്‍റെ  പരാതിയിലുണ്ട്. ഗണേഷ്കുമാറിന്‍റെ പരാതിയില്‍ അനന്തകൃഷ്ണനെതിരെയും കേസെടുത്തു. വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് ഗണേഷ്കുമാറിന്‍റെ പരാതി.  

കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചുവെന്നായിരുന്നു പരാതി. ഒപ്പമുണ്ടായിരുന്ന അമ്മയെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് അഞ്ചല്‍ അഗസ്ത്യകോട് എന്ന സ്ഥലത്തുവച്ച് അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന അമ്മ ഷീനയെ ഇരുവരും അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. 

വാഹനം റിവേഴ്സെടുത്താല്‍ പോരേ എന്നു ചോദിച്ചതിനായിരുന്നു മര്‍ദനമെന്ന് ഷീന  മനോരമ ന്യൂസിനോടു പറഞ്ഞു. എംഎല്‍എയ്ക്കു പിന്നാലെ ഡ്രൈവറും വന്ന് തന്നെ അടിച്ചതായി അനന്തകൃഷ്ണന്‍ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ കേസ്കൊടുക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. 

അനന്തകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ

'നിന്നെ കൊന്നുകളയുെമടാ.. (അസഭ്യം) നീ കേസിനു പോടാ... ഞാനാ ഇവിടെ ഭരിക്കുന്നേ... ഗണേഷ് ആരാണെന്ന് നിനക്കിറിയില്ലേടാ...(അസഭ്യം)..' വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന തല്ലിയെന്ന ആരോപണവുമായി എത്തിയ യുവാവ് മനോരമ ന്യൂസിനോട് പറഞ്ഞതാണ് ഇൗ വാക്കുകള്‍. തന്നോട് പറഞ്ഞത് ഇത്തരത്തിലാണെങ്കില്‍ എന്റെ അമ്മയോട് പറഞ്ഞത് ഈ ടിവി ചാനലിലൂടെ തുറന്നു പറയാന്‍ പറ്റില്ല. അത്രയ്ക്ക് മോശമായ വാക്കുകളാണ് അദ്ദേഹം എന്റെ അമ്മയോട് പറഞ്ഞത്– യുവാവ് പറഞ്ഞു.

എന്‍റെ മകനെ എന്‍റെ മുന്നീന്നു തല്ലല്ലേ എന്ന് കരഞ്ഞുപറഞ്ഞതായി അമ്മയും സാക്ഷ്യപ്പെടുത്തുന്നു. 

ഒരു മരണവീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഇൗ സംഭവം. ഇരുകൂട്ടരും മരണവീട്ടിലേക്ക് എത്തിയതാണ്. കഷ്ടിച്ച് ഒരു വാഹനം കടന്നുപോകാനുള്ള വീതിയുള്ള റോഡില്‍ പരാതിക്കാരന്റെ വാഹനം സൈഡ് നല്‍കിയില്ലെന്ന ആരോപിച്ചാണ് മര്‍ദനം. ഉച്ചയ്ക്ക് അഞ്ചല്‍ അഗസ്ത്യകോട് എന്ന സ്ഥലത്തുവച്ച് അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചെന്നാണ് പരാതി. ഇതു സംബന്ധിച്ച് അഞ്ചല്‍ പൊലീസില്‍ യുവാവ് പരാതി നല്‍കി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഗണേശ് കുമാറിനെ നേരില്‍ കാണുന്നത്. സാര്‍ എന്നുതന്നെ വിളിച്ചാണ് അമ്മയും ഞാനും സംസാരിച്ചതും. പക്ഷേ എന്നിട്ടും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവുമില്ലാതെയാണ് മര്‍ദനുമുണ്ടായത്. എന്റെ കയ്യില്‍ കിടന്ന രാഖിയാവാം അദ്ദേഹത്തിന് പ്രകോപനമുണ്ടാക്കിയതെന്ന് തോന്നുന്നതായി അനന്തകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.