ബിജെപിയെ തുണച്ച കാലം ജീവിതത്തിലെ കറുത്ത പാട്; നേതാവായി കുമാരസ്വാമിയുടെ രണ്ടാമുദയം

javdekar-kumaraswamy
SHARE

കര്‍ണാടകത്തില്‍ രാഷ്ട്രീയം തിളച്ചുമറിയുമ്പോള്‍ ഇടക്കാലത്തിനുശേഷം മുന്‍നിര നേതാവായി ഉദയം ചെയ്യുകയാണ് എച്ച്.ഡി.കുമാരസ്വാമി. ആരോഗ്യപ്രശ്നങ്ങളാലും മറ്റും വന്ന ഇടനേരത്തെ പിന്നിലാക്കിയുള്ള തിരിച്ചുവരവ്. പ്രതിസന്ധി തുടരുന്നതിനിടെയും മൂര്‍ച്ചയേറിയ വാക്കുകളില്‍ തന്‍റെ ആത്മവിശ്വാസം ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞുവെച്ചു. 

ബിജെപി തനിക്കും എംഎൽഎമാർക്കും പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്ന് എച്ച്ഡി കുമാരസ്വാമി പറഞ്ഞു. കള്ളപ്പണവിരുദ്ധ പ്രസംഗം നടത്തുന്ന മോദിയുടെ പാർട്ടിയുടേത് കുതിരക്കച്ചവടമാണ്. ഇതിന് ഗവര്‍ണറും  കൂട്ടുനില്‍ക്കുന്നു. ബിജെപിയുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പിതാവിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പാടായിരുന്നു താന്‍ ബിജെപിക്ക് ഒപ്പം പോയ കാലമെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭാകക്ഷി നേതാവായി കുമാരസ്വാമിയെ ജെ‍ഡിഎസ് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രഖ്യാപനം. കോണ്‍ഗ്രസ് നല്‍കിയ പിന്തുണയ്ക്ക് കുമാരസ്വാമി നന്ദി പറഞ്ഞു. 
പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് ആരാണ് ജാവഡേക്കര്‍ എന്ന മറുചോദ്യമായിരുന്നു മറുപടി. കുമാരസ്വാമിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ മറുപടിയുമായി പ്രകാശ് ജാവഡേക്കറും രംഗത്തെത്തി.  അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസും ജനതാദളും ഉന്നയിക്കുന്നത്. കുതിരക്കച്ചവടം നടത്തുന്നത് ആരാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാം. ബിജെപിയല്ല കുതിരക്കച്ചവടം നടത്തിയത്. കോൺഗ്രസാണ് പണ്ടുമുതലേ കുതിരക്കച്ചവടത്തിൽ പ്രശസ്തരായത്.

കുമാരസ്വാമി ഉന്നയിച്ച നൂറുകോടി എന്നത് ഒരു സാങ്കൽപ്പിക സംഖ്യയല്ല. കോൺഗ്രസും–ജനതാദളും തമ്മിലുള്ള കൂട്ടുകച്ചവടത്തിന് ചിലവഴിച്ച തുകയാണ് അത്. ഇക്കാര്യങ്ങളെല്ലാം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. നേരായ വഴിയിലൂടെയാണ് ബിജെപി സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഗവർണർക്ക് കാര്യങ്ങൾ ബോധ്യപ്പെടുമെന്നും അദ്ദഹം സർക്കാർ രൂപീകരണത്തിനായി ബിജെപിയെ ക്ഷണിക്കുമെന്ന കാര്യത്തിൽ വിശ്വാസമുണ്ടെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. കോൺഗ്രസ്–ജെഡിഎസ് ബന്ധത്തിൽ ഇരുപാർട്ടികളിലുമുള്ള പലരും അസംതൃപ്തരാണെന്നും ജാവദേക്കർ കൂട്ടിച്ചേര്‍ത്തു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.