117 പേരുടെ പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്–ദള്‍; രാജ്ഭവനുമുന്നില്‍ രോഷപ്രകടനം

jds-protest
SHARE

സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉദ്വേഗം തുടരുന്നതിനിടെ ജനതാദള്‍ എസ്– കോണ്‍ഗ്രസ് സംഘം ഗവര്‍ണറെ കണ്ടു. ‌സിദ്ധരാമയ്യയുടെയും കുമാരസ്വാമിയുടെയും നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.  പിന്തുണ അറിയിച്ചുള്ള കത്തുകള്‍ ഇരുനേതാക്കളും ഗവര്‍ണര്‍ വാജുഭായിക്ക് കൈമാറി. എല്ലാ എംഎല്‍എമാരെയും അണിനിരത്താന്‍ ഗവര്‍ണറുടെ അനുമതിയില്ലാത്തത് കാരണം അത് നടന്നില്ല. 

ബിജെപിയെയാണ് ആദ്യം ക്ഷണിക്കുക എന്ന സൂചനകള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് നിയമവഴി തേടാന്‍ ജെഡിഎസ് തീരുമാനിച്ചു. കര്‍ണാടക ഗവര്‍ണറെ കണ്ടശേഷമാണ് എച്ച്.ഡി.കുമാരസ്വാമിയുടെ പ്രസ്താവന. സുപ്രീംകോടതി വിധികളുടെ പകര്‍പ്പ് പ്രതിനിധി സംഘം ഗവര്‍ണര്‍ക്ക് കൈമാറി. 117 എംഎല്‍എമാരുടെ പിന്തുണ ബോധ്യപ്പെടുത്തിയെന്നും പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാനുസൃതമായി നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായും കുമാരസ്വാമി പറഞ്ഞു. 

ഇരുപാര്‍ട്ടികളില്‍ നിന്നും അഞ്ച് എംഎല്‍എമാര്‍ വീതമാണ് പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടത്. ഗവര്‍ണറുടെ തീരുമാനം അറിഞ്ഞശേഷം അടുത്തനീക്കം പ്രഖ്യാപിക്കാനാണ് നേതാക്കളുടെ തീരുമാനം. ശക്തി തിരിച്ചറിയുമ്പോള്‍ ഗവര്‍ണര്‍ അനുകൂല തീരുമാനമെടുക്കുമെന്ന് രാജ്ഭവനിലേക്ക് എത്തുംമുന്‍പ് കുമാരസ്വാമി പറഞ്ഞു.  

ഭൂരിപക്ഷമുള്ള സഖ്യം എന്നനിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യഅവസരം നല്‍കണമെന്നാണ് കോണ്‍ഗ്രസ്–ജെഡിഎസ് കൂട്ടുകെട്ടിന്റെ ആവശ്യം. ബിജെപി നിയമസഭാകക്ഷിനേതാവ് ബി.എസ്.യെഡിയൂരപ്പ രാവിലെ തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചിരുന്നു. ഗവര്‍ണര്‍ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയേയും രാഷ്ട്രപതിയേയും സമീപിക്കുന്നകാര്യം കോണ്‍ഗ്രസും ജെഡിഎസും പരിഗണിക്കുന്നുണ്ട്. രാജ്ഭവനുമുന്നില്‍ സമരത്തിനുള്ള സാധ്യതയും ആലോചനയിലുണ്ട്. 

ഇതിനിടെ രാജ്ഭവനു മുന്നില്‍ ജനതാദള്‍ എംഎല്‍എമാര്‍ പ്രതിഷേധിച്ചത് ഉദ്വേഗം വര്‍ധിപ്പിച്ചു. ഗവര്‍ണര്‍ക്കും ബിജെപിക്കും എതിരെ എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആദ്യ അവസരം ബിജെപിക്ക് ആണെന്നാണ് പുറത്തുവരുന്ന സൂചന. ഗവര്‍ണര്‍ ആദ്യം ബിജെപിയെ വിളിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങാന്‍ അണികള്‍ക്ക് ബിജെപി നിര്‍ദേശം നല്‍കി. ആറുമണിക്ക് ബിഎസ് യെഡിയൂരപ്പ ഗവര്‍ണറെ കാണാനെത്തും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.