100 കോടിയുടെ കുതിരക്കച്ചവടം; തോല്‍ക്കില്ല: ബിജെപിക്കെതിരെ തുറന്നടിച്ച് കുമാരസ്വാമി

kumaraswami-1
SHARE

വോട്ടെണ്ണലിന് പിന്നാലെ കര്‍ണാടക രാഷ്ട്രീയം തിളച്ചുമറിയുന്നു. സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ നീണ്ടുപോകുന്നതിനിടെ ബിജെപിക്കെതിരെ കള്ളപ്പണ ആരോപണവുമായി എച്ച്.ഡി.കുമാരസ്വാമി രംഗത്തെത്തി. തന്നെയും ബിജെപി സമീപിച്ചെന്നും എംഎല്‍എമാര്‍ക്ക് 100 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. 

കള്ളപ്പണവിരുദ്ധ പ്രസംഗം നടത്തുന്ന മോദിയുടെ പാര്‍ട്ടിയുടേത് കുതിരക്കച്ചവടമാണെന്നും ബെംഗളൂരുവില്‍ നടത്തിയ വിശദമായ വാര്‍ത്താസമ്മേളനത്തില്‍ കുമാരസ്വാമി പറഞ്ഞു. ഇതിന് ഗവര്‍ണറും  കൂട്ടുനില്‍ക്കുന്നു. ബിജെപിയുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പിതാവിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പാടായിരുന്നു താന്‍ ബിജെപിക്ക് ഒപ്പം പോയ കാലമെന്നും അദ്ദേഹം പറഞ്ഞു.  നിയമസഭാകക്ഷി നേതാവായി കുമാരസ്വാമിയെ ജെ‍ഡിഎസ് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രഖ്യാപനം. കോണ്‍ഗ്രസ് നല്‍കിയ പിന്തുണയ്ക്ക് കുമാരസ്വാമി നന്ദി പറഞ്ഞു. 

അഹമ്മദ് പട്ടേലും എത്തുന്നു, കളം ചൂടാകും  

എംഎല്‍എമാര്‍ എത്താന്‍ വൈകുന്നതിനാല്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം നീണ്ടു. 78 എംഎല്‍എമാരില്‍ 68 പേര്‍ മാത്രമാണ് യോഗസ്ഥലത്ത് എത്തിയതെന്നാണ് വിവരം. നാലുപേരെ ഫോണില്‍പ്പോലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ എത്തിക്കാന്‍ കലബുറഗിയിലേക്കും ബീദറിലേക്കും ഹെലിക്കോപ്റ്ററുകള്‍ അയച്ചു. 

കേവല ഭൂരിപക്ഷമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഗവര്‍ണര്‍ ബിജെപിയെ ആദ്യം ക്ഷണിക്കുമെന്നാണ് വിവരം. പ്രതിസന്ധി കണക്കിലെടുത്ത് സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ അഹമ്മദ് പട്ടേല്‍ ഡല്‍ഹിയില്‍ നിന്ന് ബെംഗളുരുവിലേക്ക് തിരിച്ചു. അതേസമയം ജെഡിഎസ് നിയമസഭാകക്ഷിയോഗം ബെംഗളുരുവിലെ റിസോര്‍ട്ടില്‍ തുടങ്ങി. 37 എംഎല്‍എമാരില്‍ വെങ്കടപ്പ നായക, വെങ്കിട്ടറാവു നാഗഗൗഡ എന്നിവര്‍ യോഗത്തിനെത്തിയിട്ടില്ല. ദേശീയഅധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയുടെ സാന്നിദ്ധ്യത്തിലാണ് യോഗം. കോണ്‍ഗ്രസിനൊപ്പം സര്‍ക്കാരുണ്ടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യോഗത്തിനുമുന്‍പ് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചു. 

‌ചാക്കിടാനായുള്ള ശ്രമം ബിജെപി നേതാക്കള്‍ മറയില്ലാതെ തുടരുകയാണ്. കോണ്‍ഗ്രസ് സഖ്യത്തില്‍ 12 ജെഡിഎസ് എംഎല്‍എമാര്‍ക്ക് അസംതൃപ്തിയെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചു. ആറ് ബിജെപി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയെന്ന് കോണ്‍ഗ്രസും അവകാശപ്പെട്ടു. കോണ്‍ഗ്രസുകാര്‍ കൂറുമാറുമെന്ന വാര്‍ത്ത വ്യാജമെന്ന് എം.ബി.പാട്ടീല്‍ എംഎല്‍എ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.