11 എംഎല്‍എമാരെ രാജിവയ്പ്പിക്കുക; അല്ലെങ്കില്‍ മാറ്റിനിര്‍ത്തുക: ബിജെപിയുടെ കളി ഇങ്ങനെ

karnataka-bjp1
SHARE

ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ വഴിയില്ലാത്ത സാഹചര്യത്തില്‍ നിയമസഭയുടെ ആകെ അംഗബലത്തില്‍ കുറവുവരുത്തുകയാണ് കുതിരക്കച്ചവടത്തില്‍ ബിജെപിക്കുമുന്നിലുള്ള മാര്‍ഗം. ജെഡിഎസിനെ അപ്പാടെ ഒപ്പമെത്തിക്കുക അസാധ്യമായതിനാല്‍ 11 എംഎല്‍എമാരെ വോട്ടെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ട് സ്വതന്ത്രന്റെ സഹായത്തോടെ ഭൂരിപക്ഷം തെളിയിക്കാനാവും ബിജെപിയുടെ ശ്രമം. 

കൂറുമാറ്റ നിരോധനനിയമത്തിന്‍റെ പഴുതാണ് ബിജെപിയുടെ തുറുപ്പുചീട്ട്. 222 അംഗ നിയമസഭയെ ആണ് കര്‍ണാടക തിരഞ്ഞെടുത്തത്. രണ്ടുമണ്ഡലങ്ങളില്‍ ഒരേ ആള്‍തന്നെ എംഎഎല്‍എ ആയതിനാല്‍ ഫലത്തില്‍ അംഗസംഖ്യ 220 ആയി ചുരുങ്ങും. ഇതില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 111 സീറ്റാണ്. ബിജെപിക്ക് 104 സീറ്റുണ്ട്. ഒരു സ്വതന്ത്രന്റെ പിന്തുണ ചേരുമ്പോള്‍ 105. ആറുപേരുടെ കുറവ് നികത്താന്‍ നിയമസഭയുടെ അംഗബലം വീണ്ടും കുറയ്ക്കേണ്ടിവരും. 

11 എംഎല്‍എമാരെ മാറ്റിനിര്‍ത്തുകയോ രാജിവയ്പ്പിക്കുകയോ ചെയ്താല്‍ മാത്രമേ ഇത് സാധിക്കൂ. അങ്ങനെ വരുമ്പോള്‍ 209 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റുമായി ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാം.  വിട്ടുനില്‍ക്കുന്ന 11 പേരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാമെങ്കിലും അത് ഉടനടി സാധ്യമായേക്കില്ല. നിയമസഭ ചേരുമ്പോള്‍ ബിജെപിക്ക് സ്പീക്കറെ തിരഞ്ഞെടുക്കാം. ഈ സ്പീക്കറാണ് ഇക്കാര്യത്തില്‍ തീരമാനമെടുക്കേണ്ടത്. 

ഏഴുദിവസത്തെ നോട്ടീസ് നല്‍കി, എംഎല്‍എമാരുടെ ഭാഗം കേട്ട ശേഷമേ തീരുമാനമെടുക്കേണ്ടതുള്ളൂ. നാലു വര്‍ഷം വരെ സ്പീക്കര്‍ തീരുമാനമെടുക്കാതിരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി ചൂണ്ടിക്കാട്ടി. 

സ്പീക്കര്‍ക്ക്  ഭരണഘടനാ പദവിയുള്ളതിനാല്‍ സ്പീക്കര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ കോടതിയില്‍ പോയിട്ടും പ്രയോജനമുണ്ടാകില്ലെന്നും വിലയിരുത്തുന്നു. ബിജെപിയിലേക്ക് ജെഡിഎസ് തന്നെ ലയിച്ചതിന് ശേഷം, ജെഡിഎസിലെ നാലില്‍ മൂന്ന് അംഗങ്ങള്‍ ബിജെപിയില്‍ ചേരുകയാണ് മറ്റൊരു വഴി. ഇതിന് നിലവില്‍ സാധ്യതയില്ല.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.