കുരുക്ക് മുറുകി; തോമസ് ചാണ്ടിക്കെ‌തി‌രെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം

thomas-chandy-hc-t
SHARE

സർക്കാർ ഫണ്ട് ഉപയോഗിച്ച് ലേക് പാലസ് റിസോർട്ടിലേക്ക് റോഡ് നിർമിച്ച കേസിൽ തോമസ് ചാണ്ടിക്ക് തിരിച്ചടി. തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന് കോട്ടയം വിജിലൻസ് കോടതി മേൽനോട്ടം വഹിക്കും. നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും വിജിലൻസിന് കോടതി കർശന നിർദേശം നൽകി. 

എം പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച വലിയകുളം സീറോ ജെട്ടി റോഡിന്റെ ഗുണഭോക്താക്കൾ തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടാണെന്ന് വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് മറ്റൊരു സംഘത്തെ കേസന്വേഷിക്കാൻ നിയോഗിച്ചു. മൂന്ന് മാസം ലഭിച്ചിട്ടും അന്തിമ അന്വേഷണ  റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനായില്ല. പരാതിക്കാരൻ അന്വേഷണ സംഘത്തിനെതിരെ രംഗത്തുവന്നത് ഈ സാഹചര്യത്തിലാണ്.

അന്വേഷണത്തിന്  മേൽനോട്ടം വഹിക്കണമെന്ന ആവശ്യം കോടതി അതേപടി അംഗീകരിച്ചു. മേൽനോട്ടം മാത്രമല്ല കൃത്യമായ ഇടപെടലുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. എല്ലാ മാസവും  അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. അന്വേഷണം പൂർത്തിയാക്കാൻ നാല് മാസം വേണമെന്ന വിജിലൻസിന്റെ ആവശ്യവും കോടതി അംഗീകരിച്ചു.

അതേസമയം ആലപ്പുഴ മുൻ കലക്ടർ എ.പത്മകുമാറിനെ ഒന്നാം പ്രതിയാക്കിയുള്ള കേസിൽ വാദം കേൾക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റി. ലേക്ക് പാലസ് റിസോർട്ടിലേക്ക് നിലം നികത്തി നിർമിച്ച മറ്റൊരു റോഡ് കലക്ടർ നിയമം ലംഘിച്ച് സാധൂകരിച്ച് നൽകിയെന്നാണ് കേസിൽ. ഈ കേസിൽ മൂന്നാം പ്രതിയാണ് തോമസ് ചാണ്ടി.

MORE IN BREAKING NEWS
SHOW MORE