ബാലികയുടെ കുടുംബത്തിന് സുരക്ഷ നല്‍കണം; കഠ്‌വയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

kathua-sc
SHARE

രാജ്യത്തെ നടുക്കിയ കഠ്്വ മാനഭംഗക്കേസില്‍ ജമ്മു കശ്മീരിലെ പിഡിപി–ബിജെപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടിസ്. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ  ഹര്‍ജിലാണ് നടപടി. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും. അതിനുമുന്‍പായി മറുപടി നല്‍കാനാണ് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സുരക്ഷ നല്‍കണമെന്നും പരമോന്നത കോടതി നിര്‍ദേശിച്ചു.  കഠ്്‍വ കൂട്ടബലാല്‍സംഗക്കേസിന്‍റെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാണ് ഹര്‍ജിയില്‍ പിതാവ് ആവശ്യപ്പെട്ടത്. കേസിലെ രാഷ്ട്രീയ ഇടപെടല്‍ ഭയന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

ബിജെപിയുടെ രണ്ട് മന്ത്രിമാരും ചില അഭിഭാഷകരും പ്രതികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത സാഹചര്യത്തിലാണ് ജമ്മുകശ്മീരിന് പുറത്ത് ചണ്ഡീഗഡിലേക്ക് വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ സുപ്രീംകോടതിയെ സമീപിച്ചത്.  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണം, കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രഅന്വേഷണം വേണം, ജുവനൈല്‍ ഹോമില്‍ കഴിയുന്ന പ്രതിയുടെ സുരക്ഷ ഉറപ്പാക്കണം തുടങ്ങിയആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.  

നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. മൂന്നു പൊലീസുകാര്‍ ഉള്‍പ്പെടെ എട്ടുപേരെ പ്രതിയാക്കിയാണ് ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയുടെ വിചാരണ ബാലാവകാശ നിയമപ്രകാരം പിന്നീട് നടക്കും. അതേസമയം,  ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അഭിഭാഷക രംഗത്തെത്തി. കോടതിയിലും നാട്ടിലും ഒറ്റപ്പെടുത്തിയെന്നും മാനഭംഗപ്പെടുത്തിയേക്കാമെന്നും അഭിഭാഷക ദീപിക സിങ് രജാവത് പറഞ്ഞു. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും ദീപികാ സിങ് വ്യക്തമാക്കി.  

അതേസമയം, ഉന്നാവ് പീഡനക്കേസിലെ പ്രതിയായ ബിജെപി എം.എല്‍.എ യെ നുണപരിശോധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സിബിഐ വ്യക്തമാക്കി. ഉന്നാവ്, കഠ്‍വ കേസുകളുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകപ്രതിഷേധം തുടരുകയാണ്. ഡല്‍ഹി വനിതാകമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ നടത്തുന്ന ഉപവാസ സമരം നാലാം ദിവസത്തിലേക്ക് കടന്നു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.