പ്രതികളെയും പിടിച്ചുപറിക്കും; ചോദിച്ചാൽ ചെവിയടിച്ച് പൊട്ടിക്കും: മാറാതെ പൊലീസ്, തെളിവ് ഇതാ..!

police
SHARE

ഒരു പരിശീലനം കൊണ്ടും നന്നാകില്ലെന്ന് ഉറപ്പിച്ച് കൊച്ചിയിലെ പൊലീസുകാർ വീണ്ടും. പെറ്റികേസിന്റെ പേരിൽ പിടിയിലായ യുവാക്കളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച പൊലീസുകാർ, അത് നടക്കാതെ വന്നപ്പോൾ ചെറുപ്പക്കാരുടെ ചെവിയടിച്ച് പൊട്ടിച്ചു.  കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഷാഡോ സ്ക്വാഡാണ് കൊടിയ അതിക്രമം കാട്ടിയത്.  കർണപുടം പൊട്ടി ചികിത്സ തേടിയ യുവാക്കളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കേസ് ഒതുക്കി. നഗരത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട്, പരാതിയില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു.  

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപത്തെ വിഐപി റോഡ്. ഇക്കഴിഞ്ഞ 22ന് പുലര്‍ച്ചെ രണ്ടുമണിയോടെ ഇവിടെയെത്തിയ ഷാഡോ സ്ക്വാഡിന് മുന്നില്‍പെട്ട് പോയ മൂന്ന് യുവാക്കളാണ് പൊലീസിന്റെ കൈക്കരുത്തിന് വീണ്ടും ഇരയായത്. പൊതുസ്ഥലത്ത് പുകവലിച്ചുവെന്ന പെറ്റിക്കേസിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിക്കാനായിരുന്നു നീക്കം. ഇതിനിടെ ബാഗും പഴ്സും പരിശോധിച്ച് കണ്ടെത്തിയ നാലായിരം രൂപയോളം പൊലീസുകാര്‍ കൈക്കലാക്കി. 

വിലപിടിപ്പുള്ള ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജറും പിടിച്ചുവാങ്ങിയതോടെ ചെറുപ്പക്കാര്‍ പ്രതികരിച്ചു. അതിന് മറുപടി രണ്ട് കരണത്തും മാറിമാറിയുള്ള അടിയായിരുന്നു. രണ്ടുപേരുടെയും ചെവിക്ക് സാരമായ തകരാര്‍. കര്‍ണപുടം പൊട്ടി, ട്രോമാറ്റിക് പെര്‍ഫൊറേഷന്‍ എന്ന് ആപത്രി രേഖയില്‍ പറയുന്നു. ഈ രേഖയടക്കം ഉള്‍പ്പെടുത്തി പരാതി നല്‍കാന്‍ യുവാക്കള്‍ തയ്യാറെടുത്തു. സിറ്റി കമ്മിഷണറുടെ ഷാഡോ സ്ക്വാഡിലെ രാഹുല്‍, ഹരി, സജുമോന്‍, രജ്ഞിത് എന്നിവരായിരുന്നു പ്രതിസ്ഥാനത്ത്. ഇനിയാണ് അടുത്തഘട്ടം. ആശൂപത്രിയില്‍ നിന്ന് വിവരം ലഭിച്ച് പൊലീസുകാര്‍ വീണ്ടും ബന്ധപ്പെടുന്നു. തലേന്ന് തല്ലിയതിന് തൊട്ടടുത്ത് സ്റ്റേഡിയം പരിസരത്ത് വച്ച് നേരില്‍ കാണാന്‍ എത്തിയത് സ്ക്വാഡിലെ രാഹുല്‍ എന്ന പൊലീസുകാരന്‍. കാലുപിടിച്ച് സ്വാധീനിക്കാനുള്ള ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് നഗരത്തില്‍ തന്നെയുള്ള മറ്റ് ചില ഉദ്യോഗസ്ഥരെ ഇടപെടുത്തിയുള്ള ഒത്തുതീര്‍പ്പ് ശ്രമം. 

ഒത്തുതീര്‍പ്പ് എന്നാല്‍ ഭീഷണിയും സമര്‍ദ്ദവും എല്ലാം അടക്കം. പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയുള്ള ഈ സംസാരത്തിനൊടുവില്‍ പരാതിയില്ലെന്ന് എഴുതിവയ്ക്കേണ്ടിവന്നു ഇരകളായ യുവാക്കള്‍ക്ക്. കൊച്ചി നഗരത്തിലെ പൊലീസ് സംവിധാനത്തോട് ഏറ്റുമുട്ടാന്‍ കെല്‍പില്ലാതെ ഭീഷണിക്ക് വഴങ്ങേണ്ടിവരുന്ന മറ്റ് പലരെയും പോലെ. ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍, പരാതിയില്‍ നടപടിയുണ്ടാക്കാന്‍ പൊലീസിനെ നന്നാക്കുമെന്ന് അടിക്കടി പ്രഖ്യാപിക്കുന്ന ഭരണവര്‍ഗം തയ്യാറാകുമോ എന്നാണ് ഇനി അറിയാനുള്ളത്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.