‘ഹര്‍ത്താല്‍’ തള്ളി നേതാക്കള്‍; പിന്നില്‍ ഊരും പേരും ഇല്ലാത്തവരെന്ന് പൊലീസ്

hartal-01
SHARE

ഊരും പേരും സംഘടനയുടെ മേല്‍വിലാസവുമില്ലാത്ത ഹര്‍ത്താലാഹ്വാനത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍ അരങ്ങേറുന്നതിനിടെ ഇടപെടലുമായി രാഷ്ട്രീയ നേതൃത്വങ്ങളും പൊലീസും. മിക്കയിടത്തും ഇരുചക്ര വാഹനങ്ങളിലെത്തിയ അപരിചിതരാണ് വാഹനം തടയുന്നതിനും കട അടപ്പിക്കുന്നതിനും ശ്രമം നടത്തുന്നതെന്നാണ് പൊലീസ് ഭാഷ്യം. കശ്മീരിലെ കഠ്്വയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍  പ്രതിഷേധിക്കുന്നതിനാണ് ഹര്‍ത്താല്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരുകൂട്ടം പ്രചരിപ്പിക്കുന്ന കുറിപ്പുകളില്‍ പറയുന്നത്.   

ഹര്‍ത്താല്‍ ആഹ്വാനത്തിന് മുസ്‌ലിം ലീഗ് പിന്തുണയില്ലെന്ന് സംസ്ഥാന സെക്രട്ടറി കെ.പി.എ.മജീദ് വിശദീകരിച്ചു. കഠ്‌വയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മതേതര ഇന്ത്യ ഒറ്റക്കെട്ടാണ്. സമാധാനപരമായ സമരങ്ങളിലൂടെയും നിയമപോരാട്ടത്തിലൂടെയും പെണ്‍കുട്ടിക്ക് നീതിലഭിക്കാന്‍ പാര്‍ട്ടി മുന്നില്‍ ഉണ്ടാകുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു. യുഡിഎഫ്  ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. മറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്, ഇത് ജനത്തെ തെറ്റിദ്ധരിപ്പിക്കാനെന്നും ചെന്നിത്തല പറഞ്ഞു. വ്യാപക പ്രചാരണത്തെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വിശദീകരണം. 

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള  ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ സംസ്ഥാനത്ത് പലയിടത്തും കടയടപ്പിക്കലും ബസ് തടയലും തുടരുക തന്നെയാണ്. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘം ചേര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞു. മാത്തോട്ടത്ത് കടകള്‍ അടപ്പിക്കാനുള്ള ശ്രമത്തിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഏഴുപേരെ മാറാട് പൊലീസ് കസ്റ്റഡിയിലെടുത്തു. തീരദേശമേഖലയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 

കാസര്‍കോട്ട് കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് പരുക്കേറ്റു. പാലക്കാട് വാഹനം തടഞ്ഞവരെ പൊലീസ് ലാത്തിവീശി ഓടിച്ചു.  കണ്ണൂരിലും കല്‍പ്പറ്റയിലും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. നെടുമങ്ങാടും തിരുവനന്തപുരം ബീമാപ്പള്ളിയിലും കടകൾ അടപ്പിച്ചു. പൊലീസിനുേനരെ കല്ലേറുണ്ടായി. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.