രോഗികളെ വട്ടംകറക്കിയ ഡോക്ടര്‍മാരെ വട്ടംകറക്കി സര്‍ക്കാര്‍; സമരം അയയുന്നു

doctors-strike-t
SHARE

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ സര്‍ക്കാരിന്റെ കടുത്ത നിലപാടിനുമുന്നില്‍ മുട്ടുമടക്കുന്നു. സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ സര്‍ക്കാരിന് കത്ത് നല്‍കി. ചര്‍ച്ചയ്ക്ക് സാധ്യത തേടി ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചെങ്കിലും  ആരോഗ്യമന്ത്രിയെ കാണാന്‍ ആയിരുന്നു നിര്‍ദേശം.

കെ.ജി.എം.ഒ.എ പ്രതിനിധികള്‍ സെക്രട്ടേറിയറ്റില്‍ എത്തിയെങ്കിലും സെക്രട്ടറിയെ കാണാന്‍ മന്ത്രി നിര്‍ദേശിച്ചു. മൂന്നു ഡോക്ടര്‍മാരുളള എഫ്എച്ച്സികളില്‍ ആറുമണിവരെ ഒ.പി ആകാമെന്ന് ഡോക്ടര്‍മാര്‍ രേഖാമൂലം ഉറപ്പുനല്‍കി. തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോടും ഉറപ്പുകള്‍ ആവര്‍ത്തിച്ചു. സര്‍ക്കാരിന് രേഖാമൂലം ഉറപ്പുകള്‍ നല്‍കിയതായും ഇനി അനുകൂല സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷിക്കുന്നതായും കെജിഎംഓഎ ഭാരവാഹികള്‍ അറിയിച്ചു. 

രോഗികള്‍ കടുത്ത ദുരിതത്തില്‍

ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേയ്ക്ക് കടന്നതോടെ രോഗികള്‍ കടുത്ത ദുരിതത്തില്‍. സ്പെഷല്‍റ്റി ഒപികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചതോടെ ജനം മെഡിക്കല്‍ കോളേജുകളിലേയ്ക്കും സ്വകാര്യ ആശുപത്രികളിലേയ്ക്കുമുള്ള നെട്ടോട്ടത്തിലാണ്.  ഡോക്ടര്‍മാര്‍ക്കെതിരെ നടപടി തുടങ്ങിയതോടെ സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഡോക്ടര്‍മാര്‍. ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ദുരിതം നാലാംദിനത്തിലും തുടരുന്ന കാഴ്ചയാണെങ്ങും. സ്പെഷല്‍റ്റി ഒപികളെല്ലാം പൂര്‍ണമായും മുടങ്ങി. ചിലയിടങ്ങളില്‍ ഹൗസ് സര്‍ജന്മാരേയും പിജി വിദ്യാര്‍ഥികളേയും ഉപയോഗിച്ച് ബദല്‍ സംവിധാനമൊരുക്കിയിരുന്നു. അത്യാഹിത വിഭാഗത്തിനും കിടത്തി ചികില്‍സയ്ക്കും മുടക്കമില്ല. ഇതിനിടെ സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിച്ച് ഡോക്ടര്‍മാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍ ഉറച്ചുതന്നെ

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം രോഗികളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് സര്‍ക്കാര്‍. ശക്തമായി നേരിടാന്‍ മന്ത്രിസഭാ തീരുമാനം. പ്രബേഷനിലുള്ളവരും വര്‍ക്ക് അറേഞ്ച്മെന്റിലുള്ളവരും ഉച്ചക്ക് മുന്‍പ് ജോലിക്ക് ഹാജരായില്ലെങ്കില്‍ കടുത്തനടപടി ഉണ്ടാകും.  ഒരു കാരണവുമില്ലാത്ത സമരത്തില്‍നിന്ന് ഡോക്ടര്‍മാ‍ര്‍ പിന്‍മാറിയാല്‍ ചര്‍ച്ചക്ക് തയാറെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ  തിരുവന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഒരു കാരണമോ മര്യാദയോ ഇല്ലാതെയാണ് ഡോക്ടര്‍മാരുടെ സമരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അന്യായമായ സമരം പിന്‍വലിക്കണം. സമരം നേരിടുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ വേറെ മാര്‍ഗമില്ല. സമരം അന്യായവും ജനത്തെ വലയ്ക്കുന്നതുമാണ്. ഡോക്ടര്‍മാരുടെ ഹാജര്‍ നിലനോക്കി എസ്മ ഉള്‍പ്പെെടയുള്ള നടപടികളെടുക്കും. ആവശ്യത്തിന് ജീവനക്കാരെ ഉറപ്പുവരുത്തിയാണ് ആര്‍ദ്രം പദ്ധതി തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

ആര്‍ദ്രം മിഷനെ അട്ടിമറിക്കാനുള്ള ഒരുശ്രമവും അംഗീകരിച്ച് കൊടുക്കോണ്ടതില്ലെന്നാണ് മന്ത്രിസഭായോഗത്തിലുയുര്‍ന്ന ഏകകണ്ഠമായ തീരുമാനം. നോട്ടിസ് പോലും നല്‍കാതെ ഡോക്ടര്‍മാര്‍ അര്‍ദ്ധരാത്രി പ്രഖ്യാപിച്ച സമരം രോഗികളോടും പൊതുജനങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. ശക്തമായ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തി. ജനങ്ങളെ കൂടുതല്‍ബുദ്ധിമുട്ടിക്കാതെ ഡോക്ടര്‍മാര്‍ജോലിക്ക് തിരിച്ചെത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സമരം പിന്‍വലിച്ചാല്‍സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണ്. നോട്ടിസ് പോലും നല്‍കാത്ത സമരത്തെകുറിച്ച് എന്ത് ചര്‍ച്ചനടത്താനാവുമെന്നും മന്ത്രി ചോദിച്ചു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.