സീറ്റുമോഹികള്‍ തെരുവിലിറങ്ങി; കര്‍ണാടക കോണ്‍ഗ്രസില്‍ കലഹം: വഴിനീളെ രോഷം

karnataka-congress
SHARE

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം.  സീറ്റു ലഭിക്കുന്നില്ലെങ്കിൽ പാർട്ടിയിൽനിന്ന് രാജിവയ്ക്കുമെന്ന് വ്യക്തമാക്കി ഒട്ടേറെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പലയിടങ്ങളിലും പ്രകടനവുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെയുണ്ടായ വിവാദങ്ങളും പ്രതിഷേധങ്ങളും പാര്‍ട്ടിയെ വന്‍പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മുതിർന്ന നേതാവ് പി.രമേഷ് താൻ ജെഡിഎസ് സ്ഥാനാർഥിയായി മൽസരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുൻ എക്സൈസ് മന്ത്രി മനോഹർ തഹ്‌സിൽദാറിന് സീറ്റ് നല്‍കാത്തതിനെതിരെ അനുയായികൾ അദ്ദേഹത്തിന്റെ മണ്ഡലമായ ഹംഗലിൽ റോഡ് ഉപരോധിച്ചു. നെലമംഗല മണ്ഡലത്തില്‍ അഞ്ജന മൂര്‍ത്തിക്കു പകരം ആര്‍.നാരായണ സ്വാമിക്ക് സീറ്റ് നല്‍കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. 

മംഗളൂരു, ബാഗല്‍കോട്ട്, തൂംകുരൂ, ചിക്കമംഗളൂരു എന്നിവിടങ്ങളിലും നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ആരോപണവുമായി മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴുള്ളത് ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസല്ലെന്നും, സിദ്ധരാമയ്യയുടേത് തുഗ്ലഗ് കോണ്‍ഗ്രസാണെന്നും പി. രമേഷ് വിമര്‍ശിച്ചു. 

അതേസമയം ചാമുണ്ഡേശ്വരിയില്‍ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ബാദാമി മണ്ഡലത്തില്‍ മത്സരിക്കുന്നതിനെപ്പറ്റി താന്‍ പറഞ്ഞിട്ടില്ലെന്നും, അത് ജനങ്ങളുടെ ആവശ്യം മാത്രമായിരുന്നെന്നും പറ‍ഞ്ഞു. ഇരൂനൂറ്റിപ്പതിനെട്ട് മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെയാണ്  ഇന്നലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 

ഇതിനിടെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക ബി.ജെ.പി പുറത്തിറക്കി. എണ്‍പത്തിരണ്ട് മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ്ഡി സഹോദരന്മാരില്‍ ഒരാളായ സോമശേഖര റെഡ്ഡി ബെല്ലാരി മണ്ഡലത്തില്‍ മത്സരിക്കും. തുമക്കൂരുവിലെ കൊരട്ടഗരെ മണ്ഡലത്തില്‍ കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ജി.പരമേശ്വരയ്ക്കെതിരെ വൈ.ഹുച്ചയ്യ മത്സരിക്കും. ആദ്യ പട്ടികയില്‍ എഴുപത്തിരണ്ട് മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നത്. കോണ്‍ഗ്രസ് ഇരൂനൂറ്റിപ്പതിനെട്ട് സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയതിനു പിന്നാലെയാണ് ബി.ജെ.പി രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചത്. മെയ് പന്ത്രണ്ടിനാണ് തിരഞ്ഞെടുപ്പ്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.