ഡോക്ടര്‍മാര്‍ പിന്നോട്ടില്ല; സര്‍ക്കാരും ഉറച്ചുതന്നെ: രോഗികള്‍ കടുത്ത ദുരിതത്തില്‍

hospital-2
SHARE

ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേയ്ക്ക് കടന്നതോടെ രോഗികള്‍ കടുത്ത ദുരിതത്തില്‍. സ്പെഷല്‍റ്റി ഒപികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചതോടെ ജനം മെഡിക്കല്‍ കോളേജുകളിലേയ്ക്കും സ്വകാര്യ ആശുപത്രികളിലേയ്ക്കുമുള്ള നെട്ടോട്ടത്തിലാണ്.  ഡോക്ടര്‍മാര്‍ക്കെതിരെ നടപടി തുടങ്ങിയതോടെ സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഡോക്ടര്‍മാര്‍. ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ദുരിതം നാലാംദിനത്തിലും തുടരുന്ന കാഴ്ചയാണെങ്ങും. സ്പെഷല്‍റ്റി ഒപികളെല്ലാം പൂര്‍ണമായും മുടങ്ങി. ചിലയിടങ്ങളില്‍ ഹൗസ് സര്‍ജന്മാരേയും പിജി വിദ്യാര്‍ഥികളേയും ഉപയോഗിച്ച് ബദല്‍ സംവിധാനമൊരുക്കിയിരുന്നു. അത്യാഹിത വിഭാഗത്തിനും കിടത്തി ചികില്‍സയ്ക്കും മുടക്കമില്ല.  സര്‍ക്കാര്‍ നടപടി  തുടങ്ങിയതോടെ സമരം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് കെ ജി എം ഒ എ. നാളെ ചേരുന്ന സംസ്ഥാന സമിതി തീരുമാനമെടുക്കും. 

ഇതിനിടെ സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിച്ച് ഡോക്ടര്‍മാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍ ഉറച്ചുതന്നെ

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം രോഗികളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് സര്‍ക്കാര്‍. ശക്തമായി നേരിടാന്‍ മന്ത്രിസഭാ തീരുമാനം. പ്രബേഷനിലുള്ളവരും വര്‍ക്ക് അറേഞ്ച്മെന്റിലുള്ളവരും ഉച്ചക്ക് മുന്‍പ് ജോലിക്ക് ഹാജരായില്ലെങ്കില്‍ കടുത്തനടപടി ഉണ്ടാകും.  ഒരു കാരണവുമില്ലാത്ത സമരത്തില്‍നിന്ന് ഡോക്ടര്‍മാ‍ര്‍ പിന്‍മാറിയാല്‍ ചര്‍ച്ചക്ക് തയാറെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ  തിരുവന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഒരു കാരണമോ മര്യാദയോ ഇല്ലാതെയാണ് ഡോക്ടര്‍മാരുടെ സമരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.  അന്യായമായ സമരം പിന്‍വലിക്കണം. സമരം നേരിടുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ വേറെ മാര്‍ഗമില്ല. സമരം അന്യായവും ജനത്തെ വലയ്ക്കുന്നതുമാണ്. ഡോക്ടര്‍മാരുടെ ഹാജര്‍ നിലനോക്കി എസ്മ ഉള്‍പ്പെെടയുള്ള നടപടികളെടുക്കും. ആവശ്യത്തിന് ജീവനക്കാരെ ഉറപ്പുവരുത്തിയാണ് ആര്‍ദ്രം പദ്ധതി തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

ആര്‍ദ്രം മിഷനെ അട്ടിമറിക്കാനുള്ള ഒരുശ്രമവും അംഗീകരിച്ച് കൊടുക്കോണ്ടതില്ലെന്നാണ് മന്ത്രിസഭായോഗത്തിലുയുര്‍ന്ന ഏകകണ്ഠമായ തീരുമാനം. നോട്ടിസ് പോലും നല്‍കാതെ ഡോക്ടര്‍മാര്‍ അര്‍ദ്ധരാത്രി പ്രഖ്യാപിച്ച സമരം രോഗികളോടും പൊതുജനങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. ശക്തമായ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തി. 

ജനങ്ങളെ കൂടുതല്‍ബുദ്ധിമുട്ടിക്കാതെ ഡോക്ടര്‍മാര്‍ജോലിക്ക് തിരിച്ചെത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സമരം പിന്‍വലിച്ചാല്‍സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണ്. നോട്ടിസ് പോലും നല്‍കാത്ത സമരത്തെകുറിച്ച് എന്ത് ചര്‍ച്ചനടത്താനാവുമെന്നും മന്ത്രി ചോദിച്ചു. 

അതേമയം നോട്ടിസ് നല്‍കിയിട്ടുണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. കെജിഎംഒഎ ഭാരവാഹികളെ സ്ഥലം മാറ്റിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. പിഎസ്.സിവഴി കൂടുതല്‍ ഡോക്ടര്‍മാരെ യുദ്ധകാല അടിസ്ഥാനത്തില്‍ നിയമിക്കുക, സ്വകാര്യ ഡോക്ടര്‍മാര്‍, വിരമിച്ചവര്‍ എന്നിവരുടെ സേവനം തേടുക എന്നീ നടപടികളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.