കയ്യേറ്റങ്ങൾക്ക് കുരുക്കിടാനുള്ള നിയമത്തിന് തടയിട്ട് നിയമവകുപ്പ്

revenue
SHARE

ഹാരിസണ്‍മലയാളം ഉള്‍പ്പെടെ വന്‍കിട ഭൂവുടമകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ള ഭൂമി തിരിച്ചു പിടിക്കാനുള്ള നിയമം കൊണ്ടുവരാന്‍ റവന്യൂ വകുപ്പിന് അവകാശമില്ലെന്ന് നിയമവകുപ്പ്. സ്വാതന്ത്ര്യത്തിന് മുന്‍പ് നിലവില്‍വന്ന ഭൂമി സംബന്ധിച്ച കരാറുകള്‍ക്ക് സാധുതയുണ്ടെന്നും നിയമവകുപ്പ് വാദിച്ചതോടെ വന്‍കിട ഭൂമികൈയ്യേറ്റക്കാരെ മൂക്കുകയറിടാനുള്ള നിയമ നിര്‍മ്മാണം പ്രതിസന്ധിയിലായി. ഇക്കാര്യങ്ങളില്‍ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം ചോദിച്ചിരിക്കുകയാണ് സര്‍ക്കാര്‍.    

വന്‍ഭൂവുടമകള്‍ അന്യായമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ഭൂമി തിരിച്ചു പിടിക്കാനുള്ള നിയമം കൊണ്ടുവരാനാണ് റവന്യൂ വകുപ്പ് ശ്രമിച്ചത്. നിയമത്തിന്റെ കരട് നിയമവകുപ്പിന് കൈമാറി. ഏഴ്മാസം ഇത് കൈവശം വെച്ചശേഷമാണ് ശക്തമായ തടസ്സവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് കരട് ബില്‍ നിയമവകുപ്പ് മടക്കിയത്. ഭൂമികേസുകള്‍ പരിഗണിക്കാന്‍ സിവില്‍, ക്രിമിനല്‍ അധികാരങ്ങളുള്ളഅതിവേഗ കോടതി സ്ഥാപിക്കണം  എന്നതാണ് നിയമത്തിലെ ഒരു വ്യവസ്ഥ. 

ഇങ്ങനെ ഒരു നിയമം കൊണ്ടുവരാന്‍ റവന്യൂ വകുപ്പിന് എന്താണ് അധികാരം എന്നാണ് നിയമ വകുപ്പ് ഉയര്‍ത്തുന്ന ചോദ്യം ഇത് കൊണ്ടുവരേണ്ടത് ആഭ്യന്തര വകുപ്പാണെന്നും, നിയമവകുപ്പ് ഫയലില്‍കുറിച്ചു. ഭൂമിസംബന്ധിച്ച രേഖകള്‍ തിരുത്തുന്നത് വ്യാജരേഖചമക്കലായി കണക്കാക്കാനാവില്ലെന്ന വിചിചത്രമായ നിരീക്ഷണവും നിയമ വകുപ്പ് ഫയലില്‍കുറിച്ചു. ഹാരിസണ്‍ മലയാളം ഭൂരേഖകളില്‍ തിരുത്തല്‍വരുത്തിയത് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന സ്്പെഷല്‍ഒാഫീസര്‍ രാജമാണിക്യത്തിന്റെ നിര്‍ദ്ദേശം നിയമവകുപ്പ് തള്ളികളഞ്ഞു. സ്വാതന്ത്ര്യത്തിന് മുന്‍പ് ഉണ്ടാക്കിയ ഭൂമി കൈമാറ്റം, പാട്ടം തുടങ്ങിയവക്ക് ഇപ്പോഴും സാധുതയുണ്ടെന്നും നിയമ വകുപ്പ് അഭിപ്രായപ്പെടുന്നു. സ്വാതന്ത്യത്തിന് മുന്‍പ് ഉണ്ടാക്കിയ മുല്ലപ്പെരിയാര്‍ ജലകരാറിന് ഇപ്പോഴും നിലനില്‍പ്പുള്ളതുകൊണ്ടാണ് ഈ നിലപാടെടുക്കുന്നതെന്നാണ് വിശദീകരണം. 

 നിയമവകുപ്പിന്റെ എതിര്‍പ്പുകളെ കുറിച്ച് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം ചോദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഏതായാലും ഒരുലക്ഷത്തിലേറെ ഏക്കര്‍ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയ വന്‍കിട ഭൂവുടമകള്‍ക്കെതിരെയുള്ള നിയമ നിര്‍മ്മാണം എളുപ്പമാകില്ലെന്ന് ഇതോടെ വ്യക്തമാണ്. ‌ 

MORE IN BREAKING NEWS
SHOW MORE