കുറ്റിച്ചലിൽ എല്ലാം ചട്ടപ്രകാരം: ദിവ്യക്ക് കലക്ടറുടെ ക്ലീൻ ചിറ്റ്

Divya-collector
KOCHI 2017 JUNE 03 : Divya S Iyer IAS, Scene from Manorama news TV conclave at Kochi @ Josekutty Panackal
SHARE

തിരുവനന്തപുരം കുറ്റിച്ചലിലെ പുറമ്പോക്ക് ഭൂമി ഇടപാടില്‍ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. ഭൂപതിവ് ചട്ടപ്രകാരമാണ് നടപടിയെന്നും സ്വകാര്യവ്യക്തിക്ക് സ‍ര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയിട്ടില്ലെന്നും കാട്ടി തിരുവനന്തപുരം കലക്ടര്‍ കെ. വാസുകി റവന്യൂവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. വര്‍ക്കല ഭൂമി ഇടപാടിലെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനിടെയാണ് കുറ്റിച്ചല്‍ ഭൂമിയിടപാടില്‍ ദിവ്യയ്ക്ക് ക്ളീന്‍ ചിറ്റുമായി കെ. വാസുകിയെത്തിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

 വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ച് നല്‍കിയെന്നതായിരുന്നു ദിവ്യ എസ്. അയ്യര്‍ക്കെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. തൊട്ടുപിന്നാലെ കുറ്റിച്ചല്‍ പഞ്ചായത്തിലെ ഭൂമി ഇടപാടിലും ആരോപണമെത്തി. 83 സെന്റ് പുറമ്പോക്ക് ഭൂമി കോണ്‍ഗ്രസ് അനുകൂലിക്ക് പതിച്ച് നല്‍കിയെന്ന് കുറ്റിച്ചല്‍ പഞ്ചായത്തിന്റെ പരാതിയില്‍ റവന്യൂമന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു. 

ഈ അന്വേഷണ റിപ്പോര്‍ട്ടിലാണ് ദിവ്യ എസ്. അയ്യരുടെ നടപടി നിയമപ്രകാരമാണെന്ന് കലക്ടര്‍ വിശദീകരിക്കുന്നത്. ഭൂമിയില്‍ പതിറ്റാണ്ടുകളായി അവകാശവാദം ഉന്നയിക്കുന്ന വ്യക്തിയോട് ഉയര്‍ന്ന കമ്പോളവില ഒടുക്കാനാണ് സബ് കലക്ടര്‍ ആവശ്യപ്പെട്ടത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരമാണ് ഈ നടപടി. എന്നാല്‍ തുക അടയ്ക്കാതെ സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ പോയിരിക്കുകയാണ്. അതിനാല്‍ ഭൂമി ആര്‍ക്കും പതിച്ച് നല്‍കിയിട്ടില്ല. ദിവ്യക്കെതിരെ പരാതി നല്‍കിയ കുറ്റിച്ചല്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ് ഭരണസമിതിയുടെ ഉദേശശുദ്ധിയിലും കലക്ടര്‍ സംശയം പ്രകടിപ്പിക്കുന്നു. 2010 മുതല്‍ തുടങ്ങിയ കേസില്‍ 2017ല്‍ മാത്രമാണ് പഞ്ചായത്ത് ആക്ഷേപമുന്നയിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍. റവന്യൂ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറും. വര്‍ക്കല ഭൂമി ഇടപാടില്‍ ദിവ്യയ്ക്കെതിരെ നടപടി വേണമെന്ന് സി.പി.എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കഴിഞ്ഞദിവസം തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതിനിടെയാണ് കുറ്റിച്ചല്‍ ഇടപാടില്‍ കലക്ടറുടെ ക്ളീന്‍ റിപ്പോര്‍ട്ട്.

MORE IN BREAKING NEWS
SHOW MORE