വാസുകി ദിവ്യയുടെ ഭാഗവും കേട്ടു; വിവാദഭൂമി അളക്കാന്‍ നിര്‍ദേശം; കുരുക്ക് മുറുകുമോ..?

vasuki-divya-s-iyer
SHARE

വര്‍ക്കലയിലെ വിവാദ ഭൂമിയെ കുറിച്ച് തിരുവനന്തപുരം ജില്ലാകലക്ടര്‍ കെ.വാസുകി ഹിയറിങ് തുടങ്ങി. സര്‍വേ സൂപ്രണ്ടിനോട് സ്ഥലം അളക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സര്‍വേ നമ്പര്‍ സംബന്ധിച്ച അവ്യക്തത തീര്‍ക്കാനാണ് നടപടി. ഇരുകക്ഷികളുടെയും ഭാഗം കേട്ടത്തിനുശേഷമാണ് തീരുമാനം. 

സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് നല്‍കിക്കൊണ്ടുള്ള സബ്കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ ഉത്തരവ് പരിശോധിക്കാനുളള ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.  ഭൂമി ലഭിച്ചവരും പരാതിക്കാരും പങ്കെടുക്കുന്നുണ്ട്. സബ്കലക്ടര്‍, ദിവ്യ എസ്.അയ്യരും ഹിയറിങ്ങിന് എത്തിയിട്ടുണ്ട്. വര്‍ക്കല അയിരൂര്‍ വില്ലേജില്‍  27 സെന്റ് സര്‍ക്കാര്‍പുറമ്പോക്ക് കൈവശം വെച്ചിരുന്ന സ്വകാര്യവ്യക്തിക്ക് നല്‍കാനുളള സബ് കലക്ടറുടെ ഉത്തരവാണ് രാഷ്ട്രീയ വിവാദമായത്. സിപിഎമ്മടക്കം ദിവ്യക്കെതിരെ രംഗത്തെത്തിയതോടെയാണ് സംഭവം ശ്രദ്ധനേടിയത്. 

വര്‍ക്കല ഭൂമിയിടപാടില്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ റവന്യൂവകുപ്പ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രശ്നം സബ് കലക്ടര്‍ വേണ്ട ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്നുമാത്രമാണ് ഏതാനും വരികളുള്ള കുറിപ്പില്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ പറഞ്ഞിരിക്കുന്നത്. ജില്ലാ കലക്ടര്‍ പ്രശ്നത്തില്‍ ഹിയറിങ് നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതുപ്രകാരമുള്ള ഹിയറിങാണ് തുടരുന്നത്.  

വര്‍ക്കലയില്‍ തഹസീല്‍ദാര്‍ ഏറ്റെടുത്ത ഒരുകോടി രൂപ വിലവരുന്ന ഭൂമി സ്വകാര്യവ്യക്തിക്ക് തിരിച്ചു നല്‍കിയ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ നടപടി പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനായിരുന്നു റവന്യു മന്ത്രി ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ രണ്ടുദിവസത്തിനുശേഷം ഇന്നലെ രാത്രിയിലാണ് ഏതാനും വരികള്‍ മാത്രമുള്ള പ്രാഥമിക റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യു കമ്മീഷണര്‍ എ.ടി.ജെയിംസ് റവന്യു മന്ത്രിക്ക് നല്‍കിയത്. പ്രശ്നത്തെ സബ് കലക്ടര്‍ ഗൗരവത്തോടെ സമീപിച്ചില്ലെന്നും പരിചയക്കുറവുമൂലം നോട്ടക്കുറവ് സംഭവിച്ചതാകാമെന്നുമാണ് റിപ്പോര്‍ട്ട്. 

ഭൂമി വിട്ടുകൊടുത്ത സബ് കലക്ടറുടെ നടപടി തെറ്റാണോ എന്ന് റിപ്പോര്‍ട്ട് സ്പഷ്ടമായി പറഞ്ഞിരുന്നില്ല. കേസില്‍ ഏറെ നൂലാമാലകളുണ്ട്. റീ സര്‍വേയില്‍ സര്‍വേ നമ്പരിലുണ്ടായ മാറ്റം പ്രശ്നം ഗുരുതരമാക്കി. ഇക്കാര്യം വിശദമായി പരിശോധിച്ചേ അന്തിമറിപ്പോര്‍ട്ട് നല്‍കാനാകൂ എന്നാണ് ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിലപാട്. സംഭവിച്ച വീഴ്ചയെന്തെന്നോ തുടര്‍നടപടിയെന്തെന്നോ പറയാതെ പ്രശ്നപരിഹാരം കലക്ടര്‍ക്ക് വിട്ടുകൊടുക്കുക എന്ന ഒഴുക്കന്‍മട്ടിലുള്ള നിര്‍ദേശത്തില്‍ റവന്യു മന്ത്രി കടുത്ത അതൃപ്തിയിലായിരുന്നു. സബ് കലക്ടറെ സംരക്ഷിക്കാനുള്ള ശ്രമമാണ് ലാന്‍ഡ് റവന്യു കമ്മീഷണറുടേത് എന്ന വികാരം റവന്യു വകുപ്പിനുണ്ട് എന്നതും വ്യക്തം. 

MORE IN BREAKING NEWS
SHOW MORE