ബിഹാറില്‍ ബി.ജെ.പി സഖ്യത്തിന് വന്‍ജയം നേടിക്കൊടുത്തു: സമ്മതിച്ച് കേംബ്രിഡ്ജ് അനലിറ്റിക്ക

cambridge-analitica
SHARE

ബി.ജെ.പി–ജനതാദള്‍ (യു) പാര്‍ട്ടികള്‍ ചേര്‍ന്ന എന്‍ഡിഎ സഖ്യം വന്‍ വിജയം നേടിയ 2010 ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അവരെ ജയിപ്പിക്കാന്‍ തങ്ങള്‍ സജീവമായി ഇടപെട്ടിരുന്നതായി വിവാദ അമേരിക്കന്‍ കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക. ലോകത്തെ വിവിധ രാജ്യങ്ങളിലെ 200 തിരഞ്ഞെടുപ്പുകളില്‍ വ്യാജ പ്രചാരണങ്ങളിലൂടെയും വോട്ടര്‍മാരെ കൃത്രിമ മാര്‍ഗങ്ങളിലൂടെ സ്വാധീനിച്ചും തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്‍റെ പേരില്‍ നടപടി നേരിടുന്ന സ്ഥാപനമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക.

ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇടപെട്ടിരുന്നതായി കമ്പനി തുറന്നു സമ്മതിക്കുന്ന പത്രക്കുറിപ്പ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഒൗദ്യോഗിക വെബ്െെസറ്റില്‍ത്തന്നെയാണുള്ളത്. ഇതാദ്യമായാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണംവാങ്ങി ഒരു വിദേശ കമ്പനി ഇടപെട്ടതായി തെളിയുന്നത്. 

 ഫെയ്സ്ബുക്ക് ഡേറ്റ ചോര്‍ത്തല്‍ വിവാദത്തില്‍പ്പെട്ട ഈ കമ്പനിയുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും ആരോപിച്ചതോടെയാണ് ഈ പേര് വീണ്ടും ചര്‍ച്ചയായത്. ആരോപണം കോണ്‍ഗ്രസ് തള്ളിയിട്ടുമുണ്ട്.

കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഒൗദ്യോഗിക വെബ്െെസറ്റിലുള്ള കുറിപ്പ് ഇങ്ങനെ:

 ‘2010–ലെ ബിഹാര്‍ തിരഞ്ഞെടുപ്പിന്‍റെ ആഴത്തിലുള്ള വിശകലനത്തിനായി ഞങ്ങള്‍ക്ക് കരാര്‍ ലഭിച്ചിരുന്നു. ഒാരോ പാര്‍ട്ടിയിലേയും ആടിനില്‍ക്കുകയും ചാഞ്ചാടുകയും ചെയ്യുന്ന വോട്ടര്‍മാരെ തിരിച്ചറിയുക, അവരുടെ തിരഞ്ഞെടുപ്പ് മനശാസ്ത്രം തിരിച്ചറിയുക എന്നിവയായിരുന്നു പ്രധാന ദൗത്യം. 15 വര്‍ഷത്തെ ഭരണത്തിനുേശഷവും ബിഹാറിലെ മാറ്റമില്ലാത്ത സാഹചര്യത്തോടുള്ള പാവങ്ങളുടെ മനോഭാവം അറിയേണ്ടതുണ്ടായിരുന്നു. ഈ ഗവേഷണത്തിനു പുറമേ,  ഗ്രാമങ്ങളില്‍ പാര്‍ട്ടി അടിത്തറ ശക്തമാക്കുന്ന സംഘാടന ചുമതലയും ഞങ്ങളെ ഏല്‍പ്പിച്ചു. പാര്‍ട്ടി അനുഭാവികളെ പ്രചോദിപ്പിക്കാനായി ഒരു ആശയവിനിമയ ശ്രേണിതന്നെ ഞങ്ങള്‍ സൃഷ്ടിച്ചു. ആ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ കക്ഷിക്ക് മികച്ച വിജയം നേടി.  കേംബ്രിഡ്ജ് അനലിറ്റിക്ക ലക്ഷ്യമിട്ട 90 ശതമാനം സീറ്റുകളിലും വിജയിച്ചുകൊണ്ട് ഞങ്ങള്‍ക്ക് കരാര്‍ നല്‍കിയ പാര്‍ട്ടി വന്‍ നേട്ടമുണ്ടാക്കി.’ കമ്പനി പറയുന്നു.

2013 ഡിസംബര്‍ 31–നാണ് കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന പേരില്‍ അമേരിക്കന്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. അതിനു മുമ്പ് എസ്.സി.എല്‍ ഗ്രൂപ്പ് എന്ന പേരിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മൂന്നു വര്‍ഷം മുമ്പുതന്നെ ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് രംഗത്ത് ഇടപെടല്‍ നടത്തിയിരുന്നതായാണ് കമ്പനിതന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. വിവിധ നാടുകളില്‍ തങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് വിശദീകരിക്കാനായി കേംബ്രിഡ്ജ് അനലിറ്റിക്ക അവരുടെ വെബ്െെസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പത്രക്കുറിപ്പിലാണ് ബിഹാറില്‍ ബി.ജെ.പി–ജനതാദള്‍ (യു)  സഖ്യത്തിനായി പ്രവര്‍ത്തിച്ച കാര്യം സമ്മതിച്ചിരിക്കുന്നത്. 2010 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി–ജനതാദള്‍ (യു) സഖ്യം ആകെയുള്ള 243 സീറ്റില്‍ 206 എണ്ണത്തിലും വിജയിച്ചിരുന്നു. 

MORE IN BREAKING NEWS
SHOW MORE