വിവാദം ചെങ്ങന്നൂർ ലക്ഷ്യമിട്ട്; സിപിഎം രാഷ്ട്രീയ മര്യാദ പാലിക്കണം: തുറന്നടിച്ച് കെ.എസ് ശബരിനാഥൻ

divya-s-iyer-ks-sabarinatha
SHARE

വര്‍ക്കലയില്‍ ഒരു കോടി വില വരുന്ന ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയെന്ന വിവാദത്തില്‍ രൂക്ഷപ്രതികരണവുമായി ശബരിനാഥൻ എം.എൽ. എ. സിപിഎം രാഷ്ട്രീയ ധാർമ്മികത കാട്ടണമെന്നും വിവാദത്തിലേയ്ക്ക് കുടുംബത്തെ വലിച്ചിഴച്ചത് ശരിയായില്ലെന്നും ശബരിനാഥൻ പറഞ്ഞു. ദിവ്യ. എസ് അയ്യരും ശബരിനാഥനുമൊക്കെ ഉത്തരവാദിത്വത്തോടെ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് പറഞ്ഞ ശബരിനാഥൻ ആരോപണം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നും കുറ്റപ്പെടുത്തി. മനോരമന്യൂസ് കൗണ്ടർ പോയന്റിലായിരുന്നു എം.എൽഎയുടെ വിമർശനം. 

സർക്കാരിന്റെ ഭാഗമായി ആത്‌മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്‌ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്.എന്നാൽ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധർമ്മമല്ലെന്ന് ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

വിവാഹസമയത്തു നമ്മൾ ഇരുവരും പറഞ്ഞതുപോലെ ഔദ്യോഗികവൃത്തിയിൽ പരസ്പരം ഇടപെടാറില്ല.പദവികൾ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സൽപ്പേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപോയി.പൊതുജനങ്ങൾക്കു ഞങ്ങളിൽ വിശ്വാസമുണ്ട്‌,അത് നമ്മൾ ഭദ്രമായി കാത്തുസൂക്ഷിക്കും- ശബരിനാഥൻ പറഞ്ഞു. 

വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി; ദിവ്യയെ പുറത്താക്കണമെന്ന് സിപിഎം

വര്‍ക്കലയില്‍ ഒരു കോടി വില വരുന്ന ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയെന്ന വിവാദത്തില്‍ സാഹചര്യം വിലയിരുത്തുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഭൂമി വിട്ടുനല്‍കിയതില്‍ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും. ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്നുതന്നെ ലഭിക്കും. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്‍റേതായി നിലനിര്‍ത്തുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. 

ഇതിനിടെ സബ് കലക്ടര്‍ക്കെതിരെ സി.പി.എം രംഗത്തെത്തി. ദിവ്യ എസ്.അയ്യരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തിക്ക് ഭൂമി നല്‍കിയതില്‍ അഴിമതിയുണ്ട്. ഭൂമി നല്‍കിയത് ജി. കാര്‍ത്തികേയന്‍റെ ഗണ്‍മാന്‍റെ കുടുംബത്തിനാണെന്നും വിവാദഭൂമി സന്ദര്‍ശിച്ചശേഷം ആനാവൂര്‍ നാഗപ്പന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. 

വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് രാവിലെ സ്റ്റേ ചെയ്തിരുന്നു. വി.ജോയ് എംഎല്‍എയുടെ പരാതിയിലാണ് നടപടി. പരാതി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറി. പരാതി കമ്മീഷണര്‍ അന്വേഷിക്കും. നടപടി ഭൂവിനിയോഗ നിയമം അനുസരിച്ചെന്ന് തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ നേരത്തെ പറഞ്ഞു. ഭൂ ഉടമയെ  നേരിട്ട് കണ്ടിട്ടില്ലെന്നും സബ് കലക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പരാതിയുള്ളവര്‍ക്ക് ലാന്‍ഡ് റവന്യു കമ്മീഷണറെ സമീപിക്കാമെന്നും അവര്‍ പറഞ്ഞു. ഭൂഉടമയെ  നേരിട്ട് കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. 

വിവാദം പിറന്നത് ഇങ്ങനെ

ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ദിവ്യ എസ്.അയ്യര്‍ സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുത്തതാണ് വിവാദമായത്. വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്ത് സ്വകാര്യവ്യക്തി അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി കഴിഞ്ഞ ജൂലൈയില്‍ റവന്യുവകുപ്പ് ഏറ്റെടുത്തിരുന്നു. നടപടിക്കെതിരെ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കലക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഭൂമി സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുത്ത് ദിവ്യ എസ്.അയ്യര്‍ ഉത്തരവിറക്കിയത്.

MORE IN BREAKING NEWS
SHOW MORE