സുഗതന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികള്‍ക്ക് സിപിഐ വക സ്വീകരണം..!

aiyf-2
SHARE

പുനലൂരിലെ പ്രവാസി സുഗതന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ എ.ഐ.വൈ.എഫ് നേതാക്കള്‍ക്ക് സി.പി.ഐയുടെ സ്വീകരണം. സുഗതനെ  മാനസികമായ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളി വിട്ട മൂന്ന് പ്രതികള്‍ക്കാണ് പുനലൂരില്‍  പാര്‍ട്ടി പരസ്യ സ്വീകരണം ഒരുക്കിയത്.

സുഗതന്റ മരണത്തില്‍  ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി  അറസ്റ്റുചെയ്ത എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം.എസ് ഗിരീഷ്. നേതാക്കളായ ഇമേഷ്, സതീഷ് എന്നിവരേയാണ് രക്തഹാരം ചാര്‍ത്തി സി.പി.ഐ സ്വീകരിച്ചത്. സുഗതന്റെ മരണം എ.ഐ.വൈ.എഫിന്റെ പീഡനത്തെ തുര്‍ന്നാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടും സി.പി.ഐ പ്രതികള്‍ക്ക് സ്വീകരണം ഒരുക്കിയത് നേരത്തേ തീരുമാനിച്ച് ഉറച്ചതുപോലെയായിരുന്നു. സിപിഐ കുന്നിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം അജി മോഹൻ, ഇളമ്പൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണത്തില്‍ എ.ഐ.വൈ.എപ് ജില്ലാ സെക്രട്ടറി ജീവന്‍ ലാലി ഉള്‍പ്പടെ പങ്കാളികളായി. രാഷ്്ട്രീയ വൈരാഗ്യം മൂലം ആത്മഹത്യപ്രേരണക്കേസില്‍ കുടുക്കിയതാണെന്നും കള്ളക്കേസാണെന്നും സി.പി.ഐ ആരോപിച്ചു.

ആരോപണവിധേരായി നില്‍ക്കുമ്പോഴും ആഘോഷമാക്കി നടത്തിയ സ്വീകരണ പരിപാടി എ.ഐ.വൈ.എഫിന്റെ ക്രൂരത വ്യക്തമാക്കുന്നതായി.  സുഗതനെ ആരോപണവിധേയര്‍ എത്രത്തോളം മാനസികമായി വേദനിപ്പിച്ചെന്നതിന് പൊതുജനമധ്യത്തില്‍ വന്ന തെളിവായി ഈ സ്വീകരണം.  


ഓരോ പ്രസ്ഥാനത്തിന്റെയും വിലപ്പെട്ട സ്വത്തായ കൊടി ഓരോ സ്ഥലത്തും കൊണ്ടുപോയി നാട്ടുന്നതു നല്ലതല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സുഗതന്‍റെ ആത്മഹത്യയെ പരാമര്‍ശിച്ചാണ് നിയമസഭയില്‍ പ്രഖ്യാപിച്ചത്. പൊതുപ്രവർത്തകരായ ചിലർ കുറച്ചു കാലമായി ചില സ്ഥലങ്ങളിൽ കൊടിനാട്ടുന്ന പ്രവണതയുണ്ട്. വ്യവസായം തുടങ്ങുന്നവരെ തടസ്സപ്പെടുത്താനായി കൊടിനാട്ടുന്നതും നോക്കുകൂലി വാങ്ങുന്നതും ഏതു പാർട്ടിയാണെങ്കിലും അവസാനിപ്പിച്ചേ തീരൂ. സിപിഐയുടെ യുവജനപ്രസ്ഥാനമായ എഐവൈഎഫ് കൊടിനാട്ടിയതു കാരണം വർക്‌ഷോപ് നിർമാണം തുടരാനാകാതെ പുനലൂരിൽ പ്രവാസിയായ സുഗതൻ ആത്മഹത്യ ചെയ്ത കേസിനെപ്പറ്റി നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അന്ന് മുഖ്യമന്ത്രി. 

വയൽ നികത്തിയ സ്ഥലങ്ങളിൽ ഒരു സംഘടനയ്ക്കും കൊടിനാട്ടാൻ പാടില്ലെന്നായിരുന്നു തീരുമാനമെങ്കിൽ അത് എഐവൈഎഫിനും ബാധകമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറ‍ഞ്ഞിരുന്നു. വയൽ നികത്തൽ നിയമലംഘനമാണെങ്കിൽ പൊതുജനപ്രസ്ഥാനങ്ങൾക്ക് അവിടെ കൊടിനാട്ടാൻ അവകാശമുണ്ട്. പത്തനാപുരത്ത് പ്രവാസിസംരംഭകൻ ആത്മഹത്യ ചെയ്തത് എഐവൈഎഫ് കൊടിനാട്ടിയതുകൊണ്ടാണെന്നു കരുതുന്നില്ല– അന്ന്  കാനം പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.