എന്‍സിപിയില്‍ പീതാബരനെതിരെ പടയൊരുക്കം; സാമ്പത്തിക ഇടപാടുകളടക്കം വിവാദത്തിൽ

TP-Peethambaran
SHARE

സംഘടനാതിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലെത്തി നിൽക്കെ സംസ്ഥാന പ്രസിഡൻറ് ടി.പി.പീതാബരനെതിരെ എൻസിപിയിൽ പടയൊരുക്കം. എ.കെ.ശശീന്ദ്രനെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരാതിരിക്കാൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്ന് സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ട സംസ്ഥാന സെക്രട്ടറി പ്രദീപ് പാറപ്പുറം ആരോപിച്ചു. ടി.പി.പീതാംബരൻ പ്രസിഡൻറ് ആകുന്നത് തടയാനുളള നീക്കത്തിലാണ് എ.കെ.ശശീന്ദ്രൻ,തോമസ്ചാണ്ടി വിഭാഗങ്ങൾ.   

കെ.ബി.ഗണേഷ്കുമാർ എംഎൽഎയെ എൻസിപിയിലേക്ക് കൊണ്ടുവരാനുളള നീക്കങ്ങളുടെ ഭാഗമായി  എ.കെ.ശശീന്ദ്രനെതിരെ ടി.പി.പീതാംബരൻറെ നേതൃത്വത്തിൽ ഗൂഡാലോചന നടന്നെന്നാണ് സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറി ആരോപിക്കുന്നത്. സാമ്പത്തിക ഇടപാടുകളടക്കം ഈ നീക്കത്തിനു പിന്നിലുണ്ടെന്നും പ്രദീപ് പാറപ്പുറം ആരോപിക്കുന്നു. 

ഇക്കാര്യങ്ങളുയർത്തി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയതിൻറെ പേരിൽ തന്നെ അകാരണമായി സംഘടനയിൽ നിന്ന് പുറത്താക്കിയെന്നും പ്രദീപ് കുറ്റപ്പെടുത്തുന്നു. അടുത്ത ഞായറാഴ്ചയാണ് എൻസിപി സംസ്ഥാന പ്രസിഡൻറ് തിരഞ്ഞെടുപ്പ്. നിലവിലെ സ്ഥിതിയിൽ ടി.പി.പീതാംബരൻ പ്രസിഡൻറായി വരുന്നതിനോട് എ.കെ.ശശീന്ദ്രൻ വിഭാഗത്തിനും, തോമസ് ചാണ്ടി വിഭാഗത്തിനും താൽപര്യമില്ല. എന്നാൽ പീതാംബരനെതിരെ പൊതു സ്ഥാനാർഥിയെ മൽസരിപ്പിക്കാനുളള അഭിപ്രായ ഐക്യം ഇരുകൂട്ടർക്കുമിടയിൽ ഇല്ലതാനും. ഈ സാഹചര്യത്തിൽ കേന്ദ്ര നേതൃത്വത്തിൻറെ ഇടപെടലിലൂടെ ടി.പി.പീതാംബരന്‍ അധ്യക്ഷനാകുന്നത് തടയാനുളള ശ്രമത്തിലാണ് ഇരുവിഭാഗവും. ഇതിനിടെ ടി.പി.പീതാംബരനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലുളള ലഘുലേഖകൾ എറണാകുളത്തടക്കം വ്യാപകമായി അദ്ദേഹത്തിൻരെ എതിരാളികൾ  പ്രചരിപ്പിക്കുന്നുമുണ്ട്. 

MORE IN BREAKING NEWS
SHOW MORE