പാളിച്ച പരിഹരിക്കും‌; വൈദികര്‍ പരസ്യപ്രതികരണം ഒഴിവാക്കണം: കെ.സി.ബി.സി

alenchery
SHARE

എറണാകുളം അങ്കമാലി രൂപതയിലെ തര്‍ക്കം തീര്‍ക്കാന്‍ കെസിബിസി ഇടപെടുന്നു. പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യവും  കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവയും  എറണാകുളത്തെത്തി സഹായമെത്രാന്മാരുമായി സംസാരിച്ചു. പാളിച്ചകള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായും ചര്‍ച്ചകള്‍ തുടരുമെന്നും കെ.സി.ബി.സി. വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട എല്ലാസമിതികളുമായും ചര്‍ച്ച നടത്തും.  പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. 

ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയം വീണ്ടും ഹൈക്കോടതിയിലേക്ക് നീങ്ങുകയാണ്. കോടതി വിധിയുണ്ടായിട്ടും കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്യാനാണ് പരാതിക്കാരുടെ നീക്കം. കര്‍ദിനാള്‍ അടക്കം നാലുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ട് അഞ്ചുദിവസമായി. 

  

 അതിരൂപതക്ക് വന്‍നഷ്ടമുണ്ടാക്കിയ ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ അപാകതകള്‍ ഉണ്ടെന്ന് നിരീക്ഷിച്ചാണ് പൊലീസ് അന്വേഷണത്തിന് ഹൈക്കോടി നിര്‍ദേശിച്ചത്. തിങ്കളാഴ്ച വിധിവന്നു. ഉത്തരവിന്റെ പകര്‍പ്പ് വരട്ടെ എന്നായിരുന്നു പൊലീസിന്റെ ആദ്യ പ്രതികരണം. ചൊവ്വാഴ്ച ഉത്തരവ് ‌രേഖയായി പുറത്തുവന്നു. പിന്നെ പല തലങ്ങളില്‍ പൊലീസ് കൂടിയാലോചനകളായി, കേസെടുത്ത് അന്വേഷിക്കാന്‍ ചുമതലപ്പെട്ട എറണാകുളം സെന്‍ട്രല്‍ സിഐ മുതല്‍ റേഞ്ച് ഐജി വരെയുള്ളവര്‍ തമ്മില്‍ ചര്‍ച്ചയോടു ചര്‍ച്ച. ഒടുവില്‍ വെള്ളിയാഴ്ച ഉച്ചയോടെ വിഷയം അഡ‍്വക്കറ്റ് ജനറലിന്റെ മേശമേലെത്തിച്ചു. ഇപ്പോള്‍ നിയമോപദേേശത്തിനുള്ള കാത്തിരിപ്പാണെന്ന് ഔദ്യോഗികഭാഷ്യം. 

എന്നാല്‍ ഈ ന്യായങ്ങളൊന്നും ഉള്‍ക്കൊള്ളാന്‍ പരാതിക്കാര്‍ തയ്യാറില്ല. പരാതിയുമായി ആദ്യം സമീപിച്ചപ്പോള്‍ മുതല്‍ പൊലീസ് ഈ കളിയാണ് കളിക്കുന്നതെന്ന് അവര്‍. അതുകൊണ്ടാണ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ പോകേണ്ടിവന്നത്. അനുകൂല വിധി വാങ്ങിവന്നിട്ടും ഇതാണ് പരിപാടിയെങ്കില്‍ ഇനി വിട്ടുകൊടുക്കില്ലെന്നാണ് നിലപാട്. കോടതിയലക്ഷ്യത്തിന് നീങ്ങുന്നതിന്റെ കാരണമിതാണ്. ഇനിയും കേസെടുത്തില്ലെങ്കില്‍ എറണാകുളം സെന്‍ട്രല്‍ സിഐക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. അനുകൂല ഉത്തരവ് നല്‍കിയ ജസ്റ്റിസ് കെമാല്‍ പാഷക്ക് മുന്നില്‍ തന്നെ എത്തിക്കാനാണ് ശ്രമം. ഉത്തരവ് നേടിക്കൊടുത്ത അഡ്വക്കറ്റ് ബി രാമന്‍ പിള്ള തിങ്കളാഴ്ച തന്നെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.