പുലർച്ചെ ഞെട്ടിയുണർന്ന് സിനിമാലോകം; കണ്ണീർ പ്രവാഹം

actress-sridevi
SHARE

ഇന്ത്യയുടെ മനം കവർന്ന ഇതിഹാസതാരകം ശ്രീദേവിയുടെ മരണം അക്ഷരംപ്രതി സിനിമാലോകത്തെ ഉലച്ചുകളഞ്ഞു. ഇന്ത്യൻ സിനിമാലോകത്തെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ഇനിയില്ലെന്ന യാഥാർത്ഥ്യം ഞെട്ടലോടെയാണ്സിനിമാലോകം കേട്ടത്. 

അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാവസൗന്ദര്യമായി നിറഞ്ഞാടിയ ഇതിഹാസതാരകമാണ് അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞത്. 

ഹൃദയാഘാതത്തെത്തുടർന്ന് ശനി രാത്രി 11.30 ന് ദുബായിൽവച്ചായിരുന്നു അന്ത്യം. ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് വിവരം. ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂർ മരണവിവരം സ്ഥിരീകരിച്ചു. 

1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്.  ‘പൂമ്പാറ്റ’യിലൂടെ മലയാളത്തിലെത്തി. അതിൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1976ൽ പതിമൂന്നാം വയസ്സിൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പട്ടത്. 

2013 ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 1981 ൽ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. 2017 ൽ പുറത്തിറങ്ങിയ മോം ആണ് അവസാനചിത്രം. മക്കൾ: ജാഹ്നവി, ഖുഷി.   മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ, മൂന്നാം പിറ, മിസ്റ്റർ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം ഉൾപ്പെടെ 26 ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. 

ആ വരികൾ ഇപ്പോൾ എന്നെ വേട്ടയാടുന്നു; കമൽഹാസൻ

ശ്രീദേവിയുടെ ജീവിതത്തിന്റെ വളർച്ചകൾക്ക് സാക്ഷിയായ ഒരാളായിരുന്നു താനെന്ന് കമൽഹാസൻ. വലിയ നഷ്ടമാണ് അവരുടെ വിയോഗം ഇന്ത്യൻ സിനിമാലോകത്തിനെന്നും കമൽ ട്വിറ്ററിൽ കുറിച്ചു. ഇരുവരും ഒന്നിച്ചഭിനയിച്ച മൂണ്ട്രാം പിറ  എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായിരുന്നു. ഇതോടെ തെന്നിന്ത്യയിലെ ഹിറ്റ് ജോഡിയായി ശ്രീദേവിയും കമൽഹാസനും മാറുകയായിരുന്നു. 1982 ലെ മൂന്നാം പിറൈയിലെ കണ്ണേ കലൈമാനേ എന്ന ഗാനം ആലാപന മാധുര്യം കൊണ്ടും കമലിന്റെയും ശ്രീദേവിയുടെയും സ്ക്രീൻ പ്രസൻസുകൊണ്ടും ശ്രദ്ധേയമായി. എന്നാൽ ശ്രീദേവിയുടെ വിയോഗത്തിൽ പാട്ടിന്റെ ‌സൗകുമാര്യം ഇപ്പോൾ തന്നെ വേട്ടയാടുന്നുവെന്നും കമലിന്റെ ട്വീറ്ററിൽ കുറിച്ചു. 

MORE IN BREAKING NEWS
SHOW MORE