സ്വത്ത് വിവരങ്ങളിൽ ക്രമക്കേട്; ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് കോടിയേരി

Kodiyeri-Balakrishnan-at-Janajag
SHARE

തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും കോടിയേരി മനോരമ ന്യൂസിനോട് പറഞ്ഞു

ഗുരുതര ആരോപണങ്ങളുമായി ബിജെപി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. 2011ൽ തിരഞ്ഞെടുപ്പ് കമ്മിഷനും  2015ല്‍ ഗവർണർക്കും കോടിയേരി സമർപ്പിച്ച സ്വത്ത് വിവരങ്ങളിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് ബിജെപി ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ രംഗത്തെത്തി. കളളപ്പണം വെളുപ്പിക്കാൻ വേണ്ടി നാൽപ്പത്തിയഞ്ച് ലക്ഷം രൂപയുടെ ഭൂമിയിടപാട് കോടിയേരി മറച്ചുവച്ചെന്നാണ് പ്രധാന ആരോപണം. 

2011 ലെ നിയമസഭ തിരഞ്ഞെടുപ്പു കാലത്തും 2015ൽ പ്രതിപക്ഷ ഉപനേതാവായിരിക്കേ ഗവർണർക്കും സ്വത്ത് സംബന്ധിച്ച് കോടിയേരി നൽകിയ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകളാണ് ബിജെപി ഉന്നയിക്കുന്നത്. ഭാര്യ വിനോദിനിയുടെ പേരിൽ രണ്ടിടങ്ങളിലായി ഭൂമി   ഉണ്ടെന്നായിരുന്നു 2011ലെ സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരുന്നത്. നാലരലക്ഷം രൂപയാണ് ഈ ഭൂമിയുടെ മൂല്യമായി കാണിച്ചത്. എന്നാൽ ഇതേ വസ്തുക്കൾ ചൊക്ലിയിലെയും ,തലശേരിയിലെയും സിപിഎം നേതൃത്വം നൽകുന്ന സഹകരണ സംഘങ്ങളിൽ പണയം വെച്ച് 2009 ൽ തന്നെ കോടിയേരി പതിനെട്ട് ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നെന്നും സത്യവാങ്മൂലത്തിൽ ഭൂമിയുടെ വിലകുറച്ചു കാണിക്കുക വഴി തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ബിജെപിയുടെ ആക്ഷേപം.    2014 ൽ ഇതിൽ ഒരു വസ്തു 45 ലക്ഷം രൂപയ്ക്ക് വിറ്റു. പക്ഷേ 2015 ൽ ഗവർണർക്കു നൽകിയ സത്യവാങ്മൂലത്തിൽ ഈ നാൽപ്പത്തിയഞ്ചു ലക്ഷത്തെ പറ്റി പരാമർശിച്ചിക്കാത്തതിനു പിന്നിലും ബിജെപി ദുരൂഹത ആരോപിക്കുന്നു.

കളളപ്പണം വെളുപ്പിക്കാനാണ് ഈ ഭൂമി ഇടപാട് നടത്തിയതെന്നും  എ.എൻ.രാധാകൃഷ്ണൻ ആരോപിച്ചു.  ജനപ്രാതിനിധ്യ നിയമപ്രകാരം ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം കോടിയേരി ചെയ്തെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.